തിരുപ്പതി : തിരുമല വെങ്കിടേശ്വര ക്ഷേത്രത്തില്‍ ഭക്തര്‍ സമര്‍പ്പിച്ച 1800 കിലോഗ്രാം സ്വര്‍ണ്ണം എസ്ബിഐയില്‍ നിക്ഷേപിച്ചു. ശനിയാഴ്ച എസ്ബിഐ ചെയര്‍പേഴ്സണ്‍ അരുന്ധതി ഭട്ടാചാര്യ ക്ഷേത്രഭാരവാഹി എം.ജി.ഗോപാലില്‍ നിന്നും സ്വര്‍ണം ഏറ്റുവാങ്ങി. എസ്ബിഐ ഗോള്‍ഡ് സ്കീമില്‍ അഞ്ചു വര്‍ഷത്തേയ്ക്കാണ് നിക്ഷേപം.
നിക്ഷേപത്തില്‍ ആഭരണങ്ങളും, സ്വര്‍ണത്തിലും ചെമ്പിലുമുള്ള വസ്തുക്കളുമുള്ളതായി ക്ഷേത്ര അധികാരികള്‍ മാധ്യമങ്ങളോട് പറഞ്ഞു. 5000 കിലോ സ്വര്‍ണ്ണമാണ് ഇതുള്‍പ്പെടെ ക്ഷേത്രനടത്തിപ്പുകാരായ തിരുമല തിരുപ്പതി ദേവസ്ഥാനം വിവിധ ബാങ്കുകളിലായി നിക്ഷേപിച്ചിട്ടുള്ളത്. ഇതിലൂടെ പലിശ ഇനത്തില്‍തന്നെ വര്‍ഷംതോറം 12 കിലോ സ്വര്‍ണ്ണത്തിന്റെ വര്‍ധനയുണ്ടാകുമെന്ന് ദേവസ്ഥാനം എക്സിക്യൂട്ടീവ് ഓഫീസര്‍ എം.ജി ഗോപാല്‍ വ്യക്തമാക്കി.
ആര്‍ബിഐയുടെ നിബന്ധനകള്‍ അനുസരിച്ച് ബാങ്കുകള്‍ സ്വര്‍ണം ഏറ്റെടുക്കാതിരുന്നതിനാല്‍ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി ദേവസ്ഥാനത്ത് നിന്നും സ്വര്‍ണം ബാങ്കുകളില്‍ നിക്ഷേപിക്കാന്‍ സാധിച്ചിരുന്നില്ല. നിരവധി ബാങ്കുകളുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ എസ്ബിഐ ശേഖരം ഏറ്റെടുക്കാന്‍ തയ്യാറായി വരികയുമായിരുന്നുവെന്ന് എം.ജി.ഗോപാല്‍ പറഞ്ഞു.
രാജ്യത്ത് ആദ്യമായാണ് ഇത്രയും സ്വര്‍ണം നിക്ഷേപമായി ബാങ്കിനു ലഭിക്കുന്നതെന്ന് അരുന്ധതി ഭട്ടാചാര്യ പറഞ്ഞു. നിക്ഷേപിച്ച സ്വര്‍ണം മുംബയിലെ നാണയശാലയിലേക്ക് കൊണ്ടു പോവുകയും ശുദ്ധസ്വര്‍ണം നിക്ഷേപമായി സ്വീകരിക്കുകയും ചെയ്യുമെന്ന് അവര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: