ഗാസ സിറ്റി: വെള്ളിയാഴ്ച രാവിലെ റഫ അതിര്‍ത്തിയില്‍ ബന്ദിയാക്കപ്പെട്ട സൈനികന് ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന് ഇസ്രായേല്‍ സൈന്യം. ലഫ്റ്റനന്റ് ഹാഡര്‍ ഗോള്ഡിന് (23) എന്ന സൈനികനാണ് കൊല്ലപ്പെട്ടത്. ഞായാറാഴ്ചയാണ് ഇസ്രായേല്‍ ഇക്കാര്യം സ്ഥിരീകരിച്ച് വാര്‍ത്ത പുറത്തു വിട്ടത്. ഗാസയിലെ ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ടതാണോ അതോ ഹമാസ് ഇയാളെ വധിച്ചതാണോ എന്ന കാര്യം വ്യക്തമല്ല.
സൈനികനെ കാണാതായതിന് പിന്നില്‍ ഹമാസാണെന്ന് ആരോപിച്ചാണ് ഇസ്രായേല്‍ കഴിഞ്ഞ ദിവസം വെടിനിര്‍ത്തല്‍ ലംഘിച്ചത്. ഹമാസിനെ തകര്‍ക്കുന്നതിനായി ഗാസയില്‍ ആക്രമണം ശക്തമാക്കുമെന്ന ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രസ്താവന വന്ന് മണിക്കൂറുകള്‍ക്കകമാണു സൈനികന്റെ മരണം ഇസ്രായേല്‍ സ്ഥിരീകരിച്ചത്. ഗാസയില്‍ മൂന്നു ദിവസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കപ്പെടുന്നതിന് തൊട്ടുമുമ്പാണ് സെക്കന്‍ഡ് ലഫ്റ്റനന്റ് ഹാഡര്‍ ഗോള്ഡിന് ബന്ദിയാക്കപ്പെട്ടത്. തുരങ്കം വഴിയുള്ള ആക്രമണത്തില്‍ രണ്ട് ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
ബന്ദിയാക്കപ്പെട്ട വാര്‍ത്ത അറിഞ്ഞതോടെയാണ് ഇസ്രായേല്‍ വെടിനിര്‍ത്തല്‍ അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചത്. തുടര്‍ന്ന് നടന്ന രൂക്ഷമായ ബോംബിങ്ങില്‍ റഫയില്‍ 150ലേറെ പേര് കൊല്ലപ്പെട്ടിരുന്നു. രണ്ടുദിവസം തുടര്‍ച്ചയായി ബോംബുവര്ഷിക്കപ്പെട്ട റഫ സമ്പൂര്‍ണമായി തകര്‍ക്കപ്പെട്ടിട്ടുണ്ട്.
അതേസമയം, ഗോള്ഡിന് എവിടെയാണെന്ന് അറിവില്ലെന്നും ഇസ്രായേല്‍ ആക്രമണത്തില്‍ മരിച്ചിട്ടുണ്ടാകാമെന്നും ഹമാസിന്റെ സായുധവിഭാഗം മേധാവി ഖസ്സാം ബ്രിഗേഡ്സ് ശനിയാഴ്ച പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. പട്ടാളക്കാരനെ കാണാതായ പ്രദേശത്ത് പോരാട്ടം നടത്തുന്ന തങ്ങളുടെ സംഘവുമായുള്ള ആശയവിനിമയബന്ധം നഷ്ടപ്പെട്ടതായും തങ്ങളുടെ പോരാളികളും പട്ടാളക്കാരനും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരിക്കാനാണ് സാധ്യതയെന്നുമാണ് ഹമാസ് നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: