കൊല്ലം: ഓരോരുത്തരുടെയും നെഞ്ചത്ത് എയര്‍പോര്‍ട്ട് വേണമെന്നാണ് മുഖ്യമന്ത്രി പറയുന്നതെന്ന് നടന് സുരേഷ്ഗോപി. എവിടെ പ്രകൃതി സംരക്ഷിക്കപ്പെടണം, എവിടെ എയര്‍പോര്‍ട്ട് പണിയണം എന്നതൊക്കെ ആലോചിച്ചു വേണം. അത്തരം കാര്യങ്ങള്‍ പഠിച്ച്, അപഗ്രഥിച്ചതിന് ശേഷമാണ് പറയേണ്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ചിന്നക്കട വൈഎംസിഎ ഹാളില്‍ കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ അക്ഷരയാത്ര ജില്ലാതല പരിപാടികള്‍ ഉദ്ഘാടനം ചെയ്യുമ്പോഴാണ് താരം ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ പരിസ്ഥിതി വിരുദ്ധമനോഭാവത്തിനെതിരെ ആഞ്ഞടിച്ചത്. പ്രകൃതിയെ സംരക്ഷിക്കേണ്ടത് ഭരണാധികാരിയുടെ ധര്‍മ്മമാണ്. അത് മറന്നുകൊണ്ടുള്ള പ്രവര്‍ത്തനം നല്ലതല്ല. ഒരു മാതൃകാ ഭരണാധികാരിക്ക് ചേര്‍ന്നതല്ല അത്. പഠിച്ചിട്ടും വിവരമില്ലെങ്കില്‍ അത് ജനങ്ങളോട് പറയാന്‍ നില്‍ക്കരുത്. വിവരമുള്ളവരോട് ചോദിച്ചുമനസ്സിലാക്കുകയാണ് വേണ്ടതെന്നും സുരേഷ് ഗോപി പറഞ്ഞു.
മലയാളം ഔപചാരികമായി പഠിക്കാത്ത, എഞ്ചുവടി അറിയാത്ത താന്‍ പ്രേക്ഷകലക്ഷങ്ങളുടെ ഡയലോഗ് വീരരിലൊരാള് എന്നറിയപ്പെട്ടത് ഭാഷയോടുള്ള തന്റെ കാമ്യത കൊണ്ടുമാത്രമാണെന്ന് സുരേഷ് ഗോപി പറഞ്ഞു. പുസ്തകം വാഗ്ദേവതയാണ്. മറ്റ് ഇലക്ട്രോണിക് മീഡിയകള്‍ കണ്ണിന് ആയാസമുണ്ടാക്കുമ്പോള് പുസ്തകവായന കാഴ്ചയെ സഹായിക്കുന്ന ഒരു പരിശീലനം കൂടിയാണ്. ഇലക്ട്രോണിക് വായന കൂടുന്നതുകൊണ്ട് മൂന്നുവയസുള്ള കുട്ടികള്‍ പോലും കണ്ണട വയ്ക്കേണ്ടിവരുന്ന കാലമാണിതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ പ്രൊഫ. നെടുമുടി ഹരികുമാര്‍ അദ്ധ്യക്ഷനായിരുന്നു. കൊല്ലം ഡിഇഒ കെ.എ. ലാല്‍ ആശംസകളര്‍പ്പിച്ചു. എബി പാപ്പച്ചന് സ്വാഗതവും ഡോ. രാധിക സി. നായര്‍ നന്ദിയും പറഞ്ഞു. ഗവ. എച്ച് എസ് എസ് പന്മനമനയില്, ഹോളി ട്രിനിറ്റി സ്കൂള്‍ തേവലക്കര, ബ്രൂക്ക്സ് ഇന്റര്‍നാഷണല്‍ സ്കൂള്‍ ശാസ്താംകോട്ട എന്നീ സ്കൂളുകളിലെ കുട്ടികളും അദ്ധ്യാപകരും ചടങ്ങില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: