കാഞ്ഞങ്ങാട്: കനത്ത മഴയിലുണ്ടായ മലവെള്ളപ്പാച്ചിലില്‍ ഒഴുക്കില്‍പ്പെട്ട രണ്ടുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. കാസര്‍കോഡ് വെള്ളരിക്കുണ്ട് താലൂക്കിലെ കൊന്നക്കാട്ടെ കുഞ്ഞിക്കണ്ണന്(75), രാവണീശ്വരത്തെ കൊട്ടിലങ്ങാട്ട് രാജേന്ദ്രന്(50) എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്നലെ കണ്ടെടുത്തത്. കുഞ്ഞിക്കണ്ണന്റെ മൃതദേഹം രാവിലെയും രാജേന്ദ്രന്റെ മൃതദേഹം ഉച്ചയോടുകൂടിയുമാണ് കിട്ടിയത്. രണ്ട് പേരെക്കൂടി ഒഴുക്കില്‍പ്പെട്ട് കാണാതായിട്ടുണ്ട്. കുണ്ടംകുഴി പാണ്ടിക്കണ്ടത്തെ കുഞ്ഞിരാമന്റെ ഭാര്യ ശാരദ(60), മടിക്കൈ കണിച്ചിറ പുഴയില്‍ കാണാതായ കുണ്ടോന്വയലില് ഉണ്ണികൃഷ്ണന്(25) എന്നിവര്‍ക്കായി തിരച്ചില്‍ തുടരുന്നു.
പുങ്ങംചാലില്‍ മകന്റെ വീട്ടിലെത്തിയ കുഞ്ഞിക്കണ്ണന് കാല്കഴുകാന് പുഴയിലിറങ്ങവെയാണ് ഒഴുക്കില്‍പ്പെട്ടത്. അഗ്നിശമനസേനയും നാട്ടുകാരും ഏറെ വൈകുവോളം തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇന്നലെ രാവിലെ ബന്ധുക്കള്‍ നടത്തിയ തിരച്ചിലില്‍ വീടിനടുത്ത് പുഴയില്‍ മൃതദേഹം തങ്ങിനിന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു.
നാരായണിയാണ് കുഞ്ഞിക്കണ്ണന്റെ ഭാര്യ. മക്കള്‍: ഭാസ്കരന്, വിശ്വനാഥന്, ജനാര്ദനന്, ബാബു, നിര്‍മല. മരുമക്കള്‍: ഭാര്‍ഗവി, രാധിക, രാധാമണി, രാജി, കൃഷ്ണന്.
രാജേന്ദ്രന്റെ ഭാര്യ: സുജാത. ഏക മകന് അതുല്‍ (5). സഹോദരങ്ങള്‍: കോരന്, നാരായണി, കുഞ്ഞമ്മ, രശ്മി, ഗോപാലന്. ചാലിയന്‍ വളപ്പില്‍ അപ്പയുടെയും ലക്ഷമ്മയുടെയും മകനാണ്.
കണ്ണൂര്‍ കീഴ്പ്പള്ളിയില്‍ വെള്ളിയാഴ്ച രാവിലെ 10മണിയോടെ കാണാതായ ബാലികയെ ഇനിയും കണ്ടെത്തിയില്ല. കോയോടു ചേനോത്ത് സുഹൈല്‍- ഫാത്തിമ ദമ്പതികളുടെ മകള്‍ ദിയയെ ആണ് കാണാതായത്. കളിക്കുന്നതിനിടെ വീടിന് സമീപത്തുള്ള തോടില്‍ ഒഴുക്കില്പ്പെട്ടതാണെന്നുള്ള സംശയത്തില്‍ ഫയര്‍ഫോഴ്സും, നാട്ടുകാരും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്തിയില്ല. അതേസമയം കുട്ടിയുടെ തിരോധാനത്തില്‍ മറ്റു ചില സംശയങ്ങളും ഉടലെടുത്തിട്ടുണ്ട്. ആ വഴിക്കും അന്വേഷണം തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: