തിരുവനന്തപുരം: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ ആക്ഷേപിച്ച് പ്രസംഗിച്ച പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയിക്കെതിരെ കേസെടുക്കാനുള്ള സാധ്യത പോലീസ് പരിശോധിക്കുന്നു. ഗാന്ധിജിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്നാരോപിച്ച് കൊല്ലം സ്വദേശിയും ഗാന്ധി ഫൗണ്ടേഷന് പ്രവര്‍ത്തകനുമായ ജോസ് സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. പരാതി ഡിജിപി തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് കൈമാറുകയും അന്വേഷണത്തിനു നിര്‍ദേശിക്കുകയും ചെയ്തു. ഇതിന് മുന്നോടിയായി അരുന്ധതി റോയി നടത്തിയ പ്രസംഗം അടങ്ങിയ വീഡിയോ ദൃശ്യങ്ങള്‍ സംഘാടകരില്‍ നിന്നും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതു പരിശോധിച്ച ശേഷം കേസെടുക്കുന്ന കാര്യം തീരുമാനിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ എച്ച്. വെങ്കിടേഷ് പറഞ്ഞു.
അതേസമയം, അരുന്ധതി റോയിയുടെ പ്രസ്താവന അപലപനീയമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ദല്‍ഹിയില്‍ പ്രതികരിച്ചു. അരുന്ധതിക്കെതിരെ പരാതി ലഭിച്ചിട്ടുണ്ട്. കൂടുതല്‍ അന്വേഷണത്തിനായി ഡിജിപിക്ക് കൈമാറി. മഹാത്മാഗാന്ധിയെ കുറിച്ച് അത്തരമൊരു പരാമര്‍ശം നടത്തരുതായിരുന്നു. അരുന്ധതി മാപ്പു പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
ജൂലായ് 17ന് കേരള യൂണിവേഴ്സിറ്റി സംഘടിപ്പിച്ച മഹാത്മ അയ്യങ്കാളി അനുസ്മരണ സമ്മേളനത്തിലായിരുന്നു അരുന്ധതിയുടെ വിവാദ പ്രസംഗം. സ്പീക്കര്‍ ജി. കാര്‍ത്തികേയനാണ് അരുന്ധതി റോയിയെ വിമര്‍ശിച്ച് ആദ്യം രംഗത്തെത്തിയത്. ഇതോടെ സംഭവം വിവാദമാകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ സിറ്റി പോലീസിലെ രഹസ്യാന്വേഷണ വിഭാഗം സംഘാടക സമിതി അധ്യക്ഷനും കേരള യൂണിവേഴ്സിറ്റി ഹിസ്റ്ററി വിഭാഗം മേധാവിയുമായ സുരേഷ് ജ്ഞാനേശ്വരനെ ഫോണില്‍ വിളിച്ച് പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സമ്മേളനം സംഘടിപ്പിച്ചത് യൂണിവേഴ്സിറ്റിയായതിനാല് ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കേണ്ടത് യൂണിവേഴ്സിറ്റി രജിസ്ട്രാര്‍ ആണെന്നായിരുന്നു ജ്ഞാനേശ്വരന്റെ നിലപാട്. ദൃശ്യങ്ങളും സമ്മേളനത്തിന്റെ വിശദ വിവരങ്ങളും ലഭ്യമാക്കണം എന്നാവശ്യപ്പെട്ട് രജിസ്ട്രാര്‍ക്ക് ഇന്നു കത്ത് നല്‍കുമെന്ന് കമ്മീഷണര്‍ പറഞ്ഞു. ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം ആവശ്യമെങ്കില്‍ കേസെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: