കോട്ടയം: സംസ്ഥാന രാഷ്ട്രീയം ഒരിടവേളയ്ക്കു ശേഷം വീണ്ടും കേരളകോണ്‍ഗ്രസിനെ കേന്ദ്രീകരിക്കുന്നു. ഭരണമാറ്റം ഉള്‍പ്പെടെയുള്ള സാദ്ധ്യതകളാണ് ഇത്തവണ സജീവമാകുന്നത്. സിപിഎം പിന്തുണയോടെ കെ. എം. മാണിയെ മുഖ്യമന്ത്രിയായി അവരോധിക്കാന്‍ രാഷ്ട്രീയ അണിയറയില്‍ നടക്കുന്ന ചര്‍ച്ചകള്‍ക്ക് ഏറ്റവുമൊടുവില്‍ കത്തോലിക്ക സഭയുടെ പിന്തുണ ലഭിച്ചതായി സൂചന. യുഡിഎഫിലെ മുസ്ലിം ലീഗിന്റെ അപ്രമാദിത്തമാണ് ഇത്തരമൊരു നീക്കത്തിന് മൗനസമ്മതം നല്കാന് കത്തോലിക്കാ സഭയെ പ്രേരിപ്പിച്ചിരിക്കുന്നത്.
കെ. എം. മാണിയാവണം കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെന്ന നിലയില്‍ കേരളാകോണ്‍ഗ്രസ് വൈസ് ചെയര്മാന് പി. സി. ജോര്‍ജ് ആണ് ആദ്യം രംഗത്തെത്തിയത്. ഇതിനെ തുടക്കത്തില്‍ തമാശരൂപേണ മാണി തള്ളിക്കളഞ്ഞെങ്കിലും ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്പുള്ളനീക്കം തുടരാന്‍ സിപിഎം സജ്ജമായതാണ് വീണ്ടും ഈ നിലയിലുള്ള ചര്‍ച്ചകള്‍ സജീവമാക്കിയത്. ഇതിന്റെ ഭാഗമായിട്ടാണ് കെ. എം. മാണിയെ മുഖ്യമന്ത്രയാക്കാന് ഏതറ്റം വരെയും പോകണമെന്ന് യൂത്ത്ഫ്രണ്ട് സംസ്ഥാന ക്യാമ്പിലും ജോര്‍ജ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടത്.
പി. സി. ജോര്‍ജിനു പുറമെ ആന്റണി രാജു ഉള്‍പ്പെടെ കേരള കോണ്‍ഗ്രസ് നേതാക്കള്‍ കെ. എം. മാണിയെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി ഇപ്പോള്‍ രംഗത്ത് എത്തിയിട്ടുള്ളത് പാര്‍ട്ടിക്കുള്ളില്‍ വിമതസ്വരങ്ങള്‍ ഇല്ലെന്നതിന്റെ സൂചനകൂടിയായി കാണേണ്ടിയിരിക്കുന്നു.
ഇതിനിടെ പി. സി. ജോര്‍ജ് വിവിധ രൂപതകളുടെ മെത്രാന്മാരുമായി കഴിഞ്ഞ ദിവസങ്ങളില്‍ രഹസ്യ കൂടിക്കാഴ്ചകള്‍ നടത്തി. ഇക്കാര്യങ്ങള്‍ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചേര്‍ന്ന കേരളാകോണ്‍ഗ്രസ്(എം) പാര്‍ലമെന്ററി പാര്‍ട്ടിയോഗത്തിലും വിശദീകരിക്കപ്പെടുകയുണ്ടായി. വ്യാഴാഴ്ച എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പള്ളി നടേശനുമായും ഇടതുമുന്നണി പ്രവേശനം സംബന്ധിച്ച് ജോര്‍ജ് ആശയവിനിമയം നടത്തിയതായാണ് അറിയുന്നത്.
ഇടുക്കിയിലെ പട്ടയപ്രശ്നം രാഷ്ട്രീയ വിഷയമാക്കാന്‍ കേരള കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുകയാണ്. ഇക്കാര്യത്തില്‍ വെള്ളാപ്പള്ളി നടേശന്റെ പിന്തുണ ഉറപ്പാക്കുകയായിരുന്നു പി. സി. ജോര്‍ജിന്റെ സന്ദര്‍ശന ദൗത്യമെന്നാണ് പുറമേ പറയുന്നത്. പട്ടയപ്രശ്നത്തെ മുന്‍നിര്‍ത്തി കോണ്‍ഗ്രസിനും സര്‍ക്കാരിനുമെതിരെ തുറന്ന പോരിന് തയാറെടുക്കാന്‍ കേരളാകോണ്‍ഗ്രസിനുള്ളില്‍ പൊതുധാരണയായിട്ടുണ്ട്.
പട്ടയപ്രശ്നത്തില്‍ കര്‍ഷകവിരുദ്ധ നിലപാടുകളാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി പ്രചരണ പരിപാടികള്‍ സംഘടിപ്പിക്കുവാനും കേരളാകോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് നിലപാടില്‍ പ്രതിഷേധിച്ചുള്ള പ്രക്ഷോഭത്തെ പശ്ചാത്തലമാക്കിയായിരിക്കും കേരള കോണ്‍ഗ്രസിന്റെ പുതിയ കൂട്ടുകെട്ടുകള്‍ക്ക് വഴിയൊരുങ്ങുക. ഇക്കാര്യത്തില്‍ കത്തോലിക്ക സഭയുടെ ഉറച്ച പിന്തുണയും പാര്‍ട്ടി ഉറപ്പാക്കിയിട്ടുണ്ട്.
പ്ലസ്ടൂ സ്കൂളുകള്‍ അനുവദിച്ചപ്പോള്‍ െ്രെകസ്തവ മാനേജ്മെന്റുകള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ലഭിച്ചില്ലെന്ന പരാതി കേരള കോണ്‍ഗ്രസ് യുഡിഎഫില്‍ ഉന്നയിച്ചിരുന്നു. സര്‍ക്കാരിനെതിരെയുള്ള ക്രൈസ്തവ മാനേജ്മെന്റുകളുടെ പ്രതിഷേധത്തെ പരമാവധി മുതലാക്കാനും കേരളാകോണ്‍ഗ്രസ് നേതൃത്വം ശ്രമം തുടങ്ങിയിട്ടുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് കസ്തൂരിരംഗന്‍ വിഷയത്തില്‍ യുഡിഎഫിനെതിരെ നിലപാട് കടുപ്പിച്ച കേരളകോണ്‍ഗ്രസിനെ സഭാ നേതൃത്വത്തെ ഉപയോഗിച്ചാണ് കോണ്‍ഗ്രസ് അനുനയിപ്പിച്ചത്. എന്നാല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസ് പൂര്‍ണമായും തകര്‍ന്നടിയുകയും, സമീപ ഭാവിയില്‍ കോണ്‍ഗ്രസിന്റെ തിരിച്ചുവരവ് ഉണ്ടാകില്ലെന്ന തിരിച്ചറിവും കേരളത്തില്‍ നിലനില്‍ക്കുന്ന അനൈക്യവുമാണ് പുതിയ നിലപാടുകള്‍ പരീക്ഷിക്കാന്‍ സഭാ നേതൃത്വത്തെ പ്രേരിപ്പിക്കുന്നത്. ഇതിനൊപ്പം ഒരു കത്തോലിക്കാ വിശ്വാസി കേരളത്തിന്റെ മുഖ്യമന്ത്രിയായി അവരോധിക്കപ്പെടണമെന്നുള്ള ദീര്‍ഘകാലത്തെ ആഗ്രഹം അവസരം മുതലാക്കി സാക്ഷാത്കരിക്കുവാനും സഭ ആഗ്രഹിക്കുന്നുണ്ട്. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുമ്പ് രാഷ്ട്രീയ സാഹചര്യങ്ങളെ മുതലാക്കി കൂട്ടുകെട്ടുകള്‍ യാഥാര്‍ഥ്യമാക്കാനുള്ള നീക്കങ്ങളാണ് ഇപ്പോള്‍ ശക്തമായിട്ടുള്ളത്.
കേരളാകോണ്‍ഗ്രസ് യുഡിഎഫില്‍ നിലനിന്നാലും പുറത്തേക്കിറങ്ങിയാലും ഇതിന്റെ അവസാനവാക്ക് സഭാനേതൃത്വത്തിന്റെ നിലപാട് തന്നെയായിരിക്കും എന്ന് വ്യക്തം.
കെ. ഡി. ഹരികുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: