കോട്ടയം: മഹിളാ ഐക്യവേദിയുടെ രണ്ടാമത് സംസ്ഥാനസമ്മേളനം ഇന്ന് ഏറ്റുമാനൂരില്‍ നടക്കും. രാവിലെ 9 ന് ഏറ്റുമാനൂര്‍ നന്ദാവനം ഓഡിറ്റോറിയത്തില്‍ ആരംഭിക്കുന്ന സമ്മേളനം ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യും. മഹിളാ ഐക്യവേദി സംസ്ഥാന പ്രസിഡന്റ് നിഷ ടീച്ചര്‍ അദ്ധ്യക്ഷത വഹിക്കും.
സമ്മേളനത്തോടനുബന്ധിച്ചു നടക്കുന്ന സ്ത്രീ സുരക്ഷാ സെമിനാറിന്റെ ഉദ്ഘാടനം വനിതാ കമ്മീഷന് അംഗം ഡോ.ജെ. പ്രമീളാദേവി നിര്‍വഹിക്കും. സമ്മേളനത്തില്‍ ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്, വിവിധ സമുദായസംഘടനകളുടെ സംസ്ഥാനതല മഹിളാ നേതാക്കള്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
ഹിന്ദുസമൂഹത്തിലെ വിവിധ സാമുദായിക സംഘടനകളിലെ വനിതാ നേതൃത്വങ്ങള്‍, കലാകായിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച സ്ത്രീകള്‍, സ്ത്രീ മുന്നേറ്റത്തിനായി പോരാടിയ മാതൃത്വങ്ങള് എന്നിവരെ ചടങ്ങില്‍ ആദരിക്കും.
സ്ത്രീ സമൂഹം നേരിടുന്ന വെല്ലുവിളികള്‍ക്ക് എതിരെ ശക്തമായ പ്രക്ഷോഭങ്ങള്‍ക്കു സമ്മേളനം രൂപം നല്‍കും. അട്ടപ്പാടിയിലെ ദുരിതമനുഭവിക്കുന്ന ആദിവാസികളുടെ പ്രശ്നങ്ങള്‍, മനുഷ്യക്കടത്ത്, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍, ലൗ ജിഹാദ്, നിര്‍ബന്ധിത മതപരിവര്‍ത്തനം തുടങ്ങിയ കാലിക വിഷയങ്ങള്‍ സമ്മേളനം വിശദമായി ചര്‍ച്ച ചെയ്യും.
അടിയന്തരാവസ്ഥക്കാലത്ത് ജയില്‍വാസം അനുഭവിക്കുകയും, ഹിന്ദുസംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്ത കൂരോപ്പട സ്വദേശിനികളായ ലക്ഷ്മിക്കുട്ടിയമ്മ, സരസ്വതിയമ്മ എന്നിവരെ സമ്മേളനം പ്രത്യേകം ആദരിക്കും.
സംസ്ഥാനത്തെ 14 ജില്ലകളില്‍ നിന്നായി താലൂക്ക് തല ഭാരവാഹികള്‍ ഉള്‍പ്പെടെ 750 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.
ഹിന്ദു ഐക്യവേദി സംസ്ഥാന സംഘടനാ സെക്രട്ടറി സി. ബാബു, സഹസംഘടനാ സെക്രട്ടറി എം .രാധാകൃഷ്ണന്, ജനറല്‍ സെക്രട്ടറിമാരായ കെ. പി. ഹരിദാസ്, ഇ. എസ്. ബിജു, വര്‍ക്കിംഗ് പ്രസിഡന്റ് പി. കെ. ഭാസ്ക്കരന്‍, രക്ഷാധികാരി കെ.എന്‍. രവീന്ദ്രനാഥ്, വൈസ് പ്രസിഡന്റുമാരായ പി. ആര്. ശിവരാജന്, കല്ലറ പ്രശാന്ത്, സെക്രട്ടറിമാരായ എം. വി. ഉണ്ണിക്കൃഷ്ണന്, എ. ശ്രീധരന്, ആര്. എസ്. അജിത്ത്കുമാര്‍, മഹിളാ ഐക്യവേദി സംസ്ഥാന സംയോജകന്‍ പി. വി. വിജയന് തുടങ്ങിയവരും സമ്മേളനത്തില്‍ സംബന്ധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: