കൊച്ചി: സപ്ലൈകോയില്‍ അടുത്ത കാലത്തുണ്ടായ ക്രമക്കേടുകള്‍ അനേ്വഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സപ്ലൈകോ വിജിലന്‍സ് എസ്പിയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്. എറണാകുളം പ്രസ് ക്ലബ്ബിന്റെ ഓണം പൊന്നോണം 2014 മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സപ്ലൈകോയിലെ ടെണ്ടര്‍ ക്രമക്കേടുകള്‍ ഉള്‍പ്പെടെയുള്ളവ അനേ്വഷിക്കും. വിവാദ വ്യവസായി ടെണ്ടറില്‍ പങ്കെടുത്തത് സംബന്ധിച്ച് തുടര്‍നടപടിക്ക് നിയമവകുപ്പിനോട് ഉപദേശം തേടിയിട്ടുണ്ടെന്നും പറഞ്ഞു.
സപ്ലൈകോ ജീവനക്കാരുടെ ഡെപ്യൂട്ടേഷന് ഒരു സുപ്രഭാതത്തില്‍ അവസാനിപ്പിക്കാന്‍ കഴിയില്ല. ഡെപ്യൂട്ടേഷന് നിര്‍ത്തുന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച് 20 മുതല്‍ സപ്ലൈകോ ജീവനക്കാര്‍ സമരം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മന്ത്രിയുടെ ഈ പ്രതികരണം. സമരം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജീവനക്കാരെ ചര്‍ച്ചയ്ക്ക് വിളിക്കും.
സപ്ലൈകോ ഔട്ലെറ്റുകള് വഴി കിലോയ്ക്ക് 62 രൂപനിരക്കില്‍ വിറ്റഴിക്കുന്ന വെളിച്ചെണ്ണയുടെ വില വര്‍ധിപ്പിക്കാന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഔട്ട്ലെറ്റുകളില് വെളിച്ചെണ്ണയുടെ ലഭ്യതക്കുറവുണ്ട്. വെളിച്ചെണ്ണയ്ക്ക് പൊതുവിപണിയില്‍ കിലോയ്ക്ക് 170 രൂപയാണ്. 60 ശതമാനം വരെ സബ്സിഡി നല്‍കുന്നത് തുടരാന്‍ കഴിയില്ല. വില വര്‍ധിപ്പിച്ച് കൂടുതല്‍ പേര്‍ക്ക് ലഭ്യമാക്കുകയാണ് തന്റെ ലക്ഷ്യം. എന്നാല്‍ മുഴുവന്‍ സബ്സിഡി ഇല്ലാതാക്കില്ല.
ഓണവിപണിയിലെ പൂഴ്ത്തിവെപ്പ് തടയാന്‍ കര്‍മ്മപദ്ധതി തയ്യാറാക്കുമെന്നും അദ്ദേഹം പറഞ്ഞു. കര്‍ശനപരിശോധനകള്‍ ഇക്കാര്യത്തില്‍ ഉണ്ടാവും. 13ന് ജില്ലാതല മേളകളും സെപ്റ്റംബര്‍ ഒന്നു മുതല്‍ ഓണം പ്രത്യേക മേളകളും ആരംഭിക്കും. 162 ഓണച്ചന്തകളില്‍ ഹോര്‍ട്ടികോര്‍പിന്റെ പച്ചക്കറി സ്റ്റാളുകളുമുണ്ടാകും. കേന്ദ്രസര്‍ക്കാരിനോട് 4200 ടണ്‍ അരിയും 8300 ടണ്‍ പഞ്ചസാരയും ആവശ്യപ്പെട്ടിട്ടുണ്ടെന്നും അറിയിച്ചു. റേഷന്‍കാര്‍ഡ് വിതരണത്തിന് നടപടി തുടങ്ങിക്കഴിഞ്ഞു. ആറുമാസത്തിനകം റേഷന്‍ കാര്‍ഡുകള്‍ കൊടുത്തുതീര്‍ക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.തന്റെ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമായി മുന്നോട്ടുകൊണ്ടുപോകാനുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്നും മന്ത്രി അവകാശപ്പെട്ടു. കഴിഞ്ഞ ദിവസം കലൂരിലെ സപ്ലൈകോ ഓണം-റംസാന് ഫെയറില്‍ അരി തീര്‍ന്നുപോയതു സംബന്ധിച്ച് വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: