തിരുവനന്തപുരം: കാലവര്‍ഷത്തില്‍ സംസ്ഥാനത്ത് ഇന്ന് ഒന്നര വയസുള്ള കുട്ടിയടക്കം മൂന്നു പേര് മരിച്ചു. മൂന്നു പേരെ കാണാതായി. കാസര്‍കോട് വെസ്റ്റ് എളേരി സ്വദേശി കുഞ്ഞിക്കണ്ണന്, കാഞ്ഞങ്ങാട് സ്വദേശി രാജേന്ദ്രന്, പാലക്കാട് മുണ്ടൂര്‍ സ്വദേശി ബിജുവിന്റെ മകള്‍ അമിത എന്നിവരാണ് മരിച്ചത്. പാലക്കാട് മണ്ണടി സ്വദേശി കണ്ണുമണി, കണ്ണൂര്‍ കീഴ്പ്പണി സ്വദേശി സുഹൈലിന്റെ മകള്‍ ഒന്നരവയസ്സുകാരി ദിയ എന്നിവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.
ചൈത്രവാഹിനി പുഴയില്‍ വീണാണ് കുഞ്ഞിക്കണ്ണന് മരിച്ചത്. ചിത്താരിപ്പുഴയില്‍ വീണാണ് രാജേന്ദ്രന് മരിച്ചത്. വടക്കന്‍ കേരളത്തിലാണ് ഇന്ന് കനത്ത നാശനഷ്ടമുണ്ടായത്. വിവിധ ജില്ലകളിലായി ആയിരക്കണക്കിന് ഹെക്ടര്‍ സ്ഥലത്തെ കൃഷി നശിച്ചു. കോഴിക്കോട് കക്കയം ഡാമിന്റെ ഷട്ടറുകള്‍ തുറന്നുവിട്ടിരിക്കുകയാണ്. വയനാട് ബാണാസുരസാഗര്‍ അണക്കെട്ട് തുറന്നുവിടാന്‍ സാധ്യതയുള്ളതിനാല്‍ ആറിന്റെ പടിഞ്ഞാറേത്തറ പ്രദേശത്തുള്ളവര്‍ ജാഗ്രതപാലിക്കണമെന്ന് കെഎസ്ഇബി അറിയിച്ചു. പാലക്കാട് മംഗലം, പൂത്തുണ്ടി ഡാമുകള്‍ ഏതുസമയവും തുറന്നേക്കും. ശിരുവാണി ഡാമിന്റെ ഷട്ടറുകള്ക്കുമീതെ കൂടി വെള്ളമൊഴുകുകയാണ്.
രണ്ടു ദിവസം കൂടി മഴ ശക്തമായി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. വടക്കന്‍ ജില്ലകളില്‍ അമ്പതിലേറെ ദുരിതാശ്വാസക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും കടലാക്രമണത്തിനും സാധ്യതയുള്ള പ്രദേശങ്ങളില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചു. മത്സ്യത്തൊഴിലാളികള്‍ കടലില്‍പോകരുതെന്ന് ജില്ലാഭരണകൂടങ്ങള്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും മഴ കുറഞ്ഞിട്ടുണ്ട്. മഴക്കെടുതി നേരിടാന്‍ ദേശീയ ദുരന്ത നിവാരണസേനയുടെ രണ്ട് യൂണിറ്റ് കേരളത്തിലെത്തും. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ് നാഥ് സിംഗുമായുള്ള കൂടിക്കാഴ്ച്ചയിലാണ് ദേശീയ ദുരന്ത നിവാരണസേനയെ കേരത്തിലേക്ക് അയക്കാമെന്ന് ഉറപ്പുകിട്ടിയതെന്ന് റവന്യൂമന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: