തിരുവനന്തപുരം: കമ്പനിവല്‍ക്കരണം പൂര്‍ത്തിയാക്കിക്കൊണ്ടുള്ള ത്രികക്ഷി കരാറില്‍ സര്‍ക്കാരും കെഎസ്ഇബിയും ജീവനക്കാരുടെ സംഘടനാപ്രതിനിധികളും ഇന്നലെ ഒപ്പുവച്ചു. ഇതോടെ വൈദ്യുതി ബോര്‍ഡ് പൂര്‍ണതോതില്‍ കമ്പനിയായി. സര്‍ക്കാരിനുവേണ്ടി ഊര്‍ജ സെക്രട്ടറി എന്ന നിലയിലും കെഎസ്ഇബിക്കു വേണ്ടി ചെയര്മാന് എന്ന നിലയിലും എം. ശിവശങ്കരന് കരാറില്‍ ഒപ്പിട്ടു. സിഐടിയു, ഐഎന്‍ടിയുസിയുടെ മൂന്ന് വിഭാഗങ്ങള്‍, ഓഫിസേഴ്സ് അസോസിയേഷന്, എന്‍ജിനീയേഴ്സ് അസോസിയേഷന് തുടങ്ങിയ പ്രധാന സംഘടനകളെല്ലാം കരാര്‍ അംഗീകരിച്ചിട്ടുണ്ട്. എന്നാല്‍, കമ്പനിയാക്കുന്നതിനെ എതിര്‍ക്കുന്ന ബിഎംഎസ്സും, എഐടിയുസിയും കരാറില്‍ ഒപ്പിടാതെ വിട്ടുനിന്നു. കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡിനെ കമ്പനിയാക്കാന്‍ 2008 ഒക്ടോബര്‍ 31ന് തുടങ്ങിയ നടപടിക്രമങ്ങള്‍ നീണ്ട ആറുവര്‍ഷത്തിനുശേഷമാണ് ഇപ്പോള്‍ പൂര്‍ത്തിയായത്.
പെന്ഷന് മുടങ്ങില്ലെന്നതടക്കമുള്ള ഉറപ്പിന്മേലാണ് തൊഴിലാളികള്‍ കരാറിലൊപ്പിട്ടത്. ത്രികക്ഷി കരാര്‍ പ്രകാരം വൈദ്യുതി ബോര്‍ഡില്‍ നിലവിലുള്ള സേവനവേതന വ്യവസ്ഥകള്‍ നിലനില്ക്കും. കാലാകാലങ്ങളിലുള്ള ശമ്പളപരിഷ്കരണം, പെന്ഷന് പരിഷ്കരണം എന്നിവയടക്കം കെഎസ്ഇബി. ജീവനക്കാര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ആനുകൂല്യങ്ങളും അതേപടി തുടരും. പിഎസ്സി തന്നെയായിരിക്കും കെഎസ്ഇബിയിലെ നിയമനച്ചുമതല.
യഥാര്‍ഥ കണക്കുകള്‍ പ്രകാരം പെന്ഷന് ഫണ്ട് നിശ്ചയിക്കാമെന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ സമ്മതിച്ചിരിക്കുന്നത്. 12,419 കോടി രൂപയായാണ് കരാറില്‍ പുതുക്കിനിശ്ചയിച്ചിരിക്കുന്നത്. ഇതില്‍ 4,274.59 കോടിരൂപ സര്‍ക്കാര്‍ വിഹിതവും 8,144.41 കോടി രൂപ കമ്പനി വിഹിതവുമാണ്. ഗ്രാറ്റുവിറ്റി അടക്കമുള്ള ആനുകൂല്യങ്ങള്‍ നല്‍കുന്നതിനായി ഒരു മാസ്റ്റര്‍ ട്രസ്റ്റ് രൂപീകരിക്കാനും നിര്‍ദേശമുണ്ട്. കമ്പനിയെ ഉല്‍പ്പാദന, പ്രസരണ, വിതരണമേഖലകളിലെ മൂന്ന് ലാഭകേന്ദ്രങ്ങളായി വിഭജിക്കണമെന്നും കരാറില്‍ നിഷ്കര്‍ഷിക്കുന്നു. എന്നാല്‍, പെന്‍ഷന്‍ഫണ്ട് സംബന്ധിച്ച് അവ്യക്തതകള്‍ തുടരുകയാണ്. ആവശ്യമായ തുക ഫണ്ടിലേക്ക് മാറ്റി വയ്ക്കാന്‍ വൈദ്യുതി ബോര്‍ഡിന് ഇതുവരെ കഴിഞ്ഞിട്ടില്ല. റഗുലേറ്ററി കമ്മീഷന് സമര്‍പ്പിച്ച കണക്കുകളിലും ഇതുസംബന്ധിച്ച വ്യക്തതയില്ല. ഗ്രാറ്റുവിറ്റി അടക്കമുള്ള ആനുകൂല്യങ്ങള്‍ വിതരണം ചെയ്യേണ്ട മാസ്റ്റര്‍ ട്രസ്റ്റ് ഇതുവരെ രൂപീകരിക്കാത്തതും എതിര്‍പ്പിനിടയാക്കിയിട്ടുണ്ട്.
സംഘടനകളെ പ്രതിനിധീകരിച്ച് കെ.ഒ. ഹബീബ്, ആര്. ചന്ദ്രചൂഡന്‍നായര്‍, സജീവ് ജനാര്ദ്ധനന്, സിബിക്കുട്ടി ഫ്രാന്‍സിസ്, പി.എസ്. പ്രശാന്ത്, എം.ജി. സുരേഷ് കുമാര്‍, രഞ്ജിത്ത് കുമാര്‍, കെ.എസ്. സുനില്‍, ലക്ഷ്മണന് തുടങ്ങിയവര്‍ കരാറില്‍ ഒപ്പുവച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: