ന്യൂദല്‍ഹി: അമേരിക്കന്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി വ്യാപാരക്കരാറുകള്‍ക്ക് വിധേയമാകുന്ന മുന്‍ നയങ്ങളുപേക്ഷിച്ച ഭാരതം രാജ്യത്തിനു ദോഷകരമായ ലോക വ്യാപാര സംഘടനാ ഉടമ്പടിയില്‍ ഒപ്പുവെയ്ക്കില്ലെന്ന് വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ച് കരാറില്‍ ഒപ്പുവെയ്ക്കാന്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയും സംഘവും നടത്തിയ അവസാനവട്ട ശ്രമങ്ങളും ദയനീയമായി പരാജയപ്പെട്ടു. ഇതോടെ ഭാരതവുമായി തുല്യതയുള്ള നയതന്ത്രബന്ധത്തിന് അമേരിക്ക നിര്‍ബന്ധിതമായി.
സെപ്തംബര്‍ അവസാനം നടക്കുന്ന നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം ഇരു രാജ്യങ്ങളുടേയും പുതിയ തലത്തിലുള്ള സൗഹൃദത്തിന്റെ തുടക്കമാണെന്ന് കെറിയും യുഎസ് വാണിജ്യ സെക്രട്ടറി പെന്നി പ്രിട്കറും പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചശേഷം പ്രതികരിച്ചു. കൂടുതല്‍ മികച്ച ഫലമുണ്ടാക്കുന്ന കൂടിക്കാഴ്ച സെപ്തംബറില്‍ യുഎസ് പ്രസിഡന്റ് ബരാക് ഒബാമ ആഗ്രഹിക്കുന്നെന്ന സന്ദേശവും സംഘം മോദിക്ക് കൈമാറി. അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ക്ക് പ്രയോജനകരമായ യാതൊന്നും ഭാരത സന്ദര്‍ശനത്തില്‍ ഉണ്ടായില്ലെന്ന് കെറിയുടെ വാക്കുകള്‍ തെളിയിച്ചു.
ഭാരത നിലപാട് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും മോദിയുടെ പ്രതിച്ഛായയ്ക്ക് മോശമാണിതെന്നും പരാജയപ്പെട്ട ദൗത്യത്തില്‍ കെറിക്കൊപ്പം പങ്കെടുത്ത ഒരു അമേരിക്കന്‍ ഉദ്യോഗസ്ഥന് നിരാശനായി പറഞ്ഞു. ഇതാദ്യമായി അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങാതെ ഭാരതം സ്വന്തം പൗരന്മാരുടെ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള പ്രതിബദ്ധത തെളിയിച്ചതായി യോഗത്തില്‍ പങ്കെടുത്ത ഭാരത ഉദ്യോഗസ്ഥനും വ്യക്തമാക്കി.
രാജ്യത്തിന്റെ ഉത്പാദന ശേഖരത്തില്‍ നിന്നുള്ള ഉപയോഗത്തിന് ഏര്‍പ്പെടുത്തിയ നിയന്ത്രണവും സബ്സിഡി നല്‍കുന്നതിന് പരിധി നിശ്ചയിച്ചതുമാണ് ഭാരതം എതിര്‍ത്ത വ്യവസ്ഥകള്‍. എന്നാല്‍ എതിര്‍പ്പിനെ ഏതുവിധേനയും മറികടക്കാമെന്ന പ്രതീക്ഷയില്‍ ദല്‍ഹിയിലെത്തിയ അമേരിക്കന്‍ ദൗത്യസംഘം നരേന്ദ്രമോദി സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകള്‍ മാറ്റിയെടുക്കുന്നതില്‍ പരാജയപ്പെട്ടു. കരാറിനെ വീറ്റോ ചെയ്ത ഭാരത നിലപാട് ലോകവ്യാപാര സംഘടനയുടെ തന്നെ മരണമണിയാണെന്ന് കരുതപ്പെടുന്നു. അതിസമ്പന്ന രാഷ്ട്രങ്ങള്‍ക്ക് അനുകൂലമായി മാത്രം പ്രവര്‍ത്തിച്ച ഡബ്യുടിഒയുടെ പ്രസക്തിയും ചോദ്യം ചെയ്യപ്പെട്ടുകഴിഞ്ഞു.
ഇരുരാജ്യങ്ങളുടേയും കാഴ്ച്ചപ്പാടുകളും താല്‍പ്പര്യങ്ങളും ഒരുമിക്കേണ്ടത് ആവശ്യമാണെന്ന് കൂടിക്കാഴ്ച്ചയ്ക്കിടെ നരേന്ദ്ര മോദി കെറിയോട് പറഞ്ഞു. ഒബാമ അയച്ച വിശദവും ഫലപ്രദവുമായ കത്തില്‍ പറയുന്നതുപോലെ പുതിയ തലത്തിലെ ബന്ധം രണ്ടു രാജ്യങ്ങളും തമ്മില്‍ ഉരുത്തിരിഞ്ഞുവരേണ്ടതാണെന്നും കാഴ്ചപ്പാടുകളും പദ്ധതികളും സംവിധാനങ്ങളും അത്തരത്തില്‍ മാറ്റേണ്ടതാണെന്നും മോദി കൂട്ടിച്ചേര്‍ത്തു. ലോകത്തെ ഏറ്റവും വലിയ രണ്ടു ജനാധിപത്യ രാജ്യങ്ങള്‍ ഒത്തുചേരുമ്പോള്‍ ആഗോള തലത്തിലെ വെല്ലുവിളികള്‍ നേരിടേണ്ടിവരും. ലോകസമാധാനം നിലനിര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം സാമ്പത്തിക രംഗത്ത് ഭാരതത്തിന്റെ കുതിച്ചുചാട്ടത്തിനുള്ള സഹായങ്ങളും പ്രതീക്ഷിക്കുന്നു. വാണിജ്യം, നിക്ഷേപം, ഊര്‍ജ്ജം, കണ്ടുപിടുത്തങ്ങള്‍, വിദ്യാഭ്യാസം, കാര്‍ഷിക വികസനം, യുവശാക്തീകരണം, തൊഴില്‍ വൈദഗ്ധ്യം തുടങ്ങിയ മേഖലകളിലെല്ലാം അമേരിക്കയുമായുള്ള സഹകരണസാധ്യതകള്‍ ഭാരതം പരമാവധി ഉപയോഗിക്കും. വികസിത രാജ്യങ്ങള്‍ തീരുമാനങ്ങളെടുക്കുമ്പോള്‍, വികസ്വര രാജ്യങ്ങളിലെ ദാരിദ്ര്യമുള്‍പ്പെടെയുള്ള അടിസ്ഥാന പ്രശ്നങ്ങള്‍ പരിഗണിക്കേണ്ടതാണെന്നും മോദി നിര്‍ദേശിച്ചു.
ഭാരത വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നൃപേന്ദ്ര മിശ്ര, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, വിദേശകാര്യ സെക്രട്ടറി സുജാതാ സിങ് എന്നിവരും അമേരിക്കന്‍ സംഘവുമായുള്ള ചര്‍ച്ചയില്‍ പങ്കെടുത്തു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: