പള്ളുരുത്തി: കരളും വൃക്കയും തകരാറിലായ കുമ്പളങ്ങി സെന്റ്പീറ്റേഴ്‌സ് സ്‌കൂളിലെ ആറാംക്ലാസ് വിദ്യാര്‍ത്ഥിനിയായ സ്‌നേഹയെ സഹായിക്കാന്‍ സ്വകാര്യബസ് ‘ഗംഗ’ കാരുണ്യ വണ്ടിയായി സര്‍വീസ് നടത്തി. കുമ്പളങ്ങി ഗ്രാമത്തിന്റെ ഒത്തൊരുമയില്‍ പങ്കാളിയാകാന്‍ ഇടക്കൊച്ചി-മട്ടാഞ്ചേരി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസാണ് കാരുണ്യവണ്ടിയായത്. വെള്ളിയാഴ്ച നടത്തിയ സര്‍വീസിന്റെ മുഴുവന്‍ കളക്ഷന്‍ തുകയും സ്‌നേഹയുടെ ചികിത്സാ ചെലവിലേക്ക് നല്‍കുമെന്ന് ബസ്സുടമകളായ ഷാജി, ബേബി, സൗമിത്രന്‍, ലാലന്‍ എന്നിവര്‍ തീരുമാനിക്കുകയായിരുന്നു. ഡീസലിന്റെ ചെലവും ഉടമകള്‍ വഹിച്ചു. തൊഴിലാളികള്‍ അവരുടെ കൂലിയും സഹായനിധിയിലേയ്‌ക്ക് നല്‍കും.
എറണാകുളം ലൂര്‍ദ്ദ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സ്‌നേഹയെ കളക്ടര്‍ രാജമാണിക്യം, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ വി.എസ്. ഷൈന്‍ എന്നിവര്‍ സന്ദര്‍ശിച്ചു. എറണാകുളം ജില്ലയിലെ മുഴുവന്‍ സ്‌കൂളുകളേയും സ്‌നേഹയുടെ ചികിത്സാ സഹായ പദ്ധതിയില്‍ പങ്കാളിയാക്കുവാന്‍ നിര്‍ദ്ദേശം നല്‍കിയതായി ഇരുവരും അറിയിച്ചു. 50 ലക്ഷം രൂപയാണ് സ്‌നേഹയുടെ ചികിത്സയ്‌ക്ക് ചെലവ് പ്രതീക്ഷിക്കുന്നത്.
സ്‌നേഹയുടെ സഹായത്തിനായി സര്‍വീസ് നടത്തിയ ‘ഗംഗ’ ബസ് പള്ളുരുത്തിയില്‍ എത്തിയപ്പോള്‍ നഗരസഭാംഗം തമ്പി സുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തില്‍ ബസ്സിലെ തൊഴിലാളികളെ സ്വീകരിച്ചു.
എട്ടുവര്‍ഷമായി ഡയാലിസിസ് നടത്തിയതാണ് സ്‌നേഹയുടെ ജീവന്‍ നിലനിര്‍ത്തുന്നത്. സ്‌കൂള്‍ അധികൃതരും പഞ്ചായത്തും നാട്ടുകാരും ചേര്‍ന്നാണ് ചികിത്സാ സഹായനിധി രൂപീകരിച്ചത്. സ്‌റ്റേറ്റ് ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷന്റെ ചിറ്റൂരിലുള്ള സ്‌കൂളില്‍നിന്നും ഒരുലക്ഷം രൂപ ചികിത്സാ സഹായമായി നല്‍കി. കുമ്പളങ്ങിയിലെത്തിയാണ് ഇവര്‍ ചെക്ക് കൈമാറിയത്. കൂടുതല്‍ സഹായങ്ങള്‍ നല്‍കുന്നതിനായി 9847108991 എന്ന നമ്പറില്‍ ബന്ധപ്പെടണം.
















