ന്യൂദല്‍ഹി: സാധാരണക്കാരന്റെ സമയം പാഴാക്കുന്ന സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ ഒഴിവാക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രമങ്ങള്‍ക്ക് ഒരു ചുവടുകൂടി. സര്‍ക്കാര്‍ ആനുകൂല്യങ്ങളും ജോലിയുമൊക്കെ നേടിയെടുക്കാനുള്ള യത്നത്തിനിടെ ഇനി സത്യവാങ്മൂലം സമര്‍പ്പിക്കേണ്ടിവരില്ല. പകരം രേഖകള്‍ സ്വയം സാക്ഷ്യപ്പെടുത്തിയാല്‍ മതിയാവും. കേന്ദ്ര മന്ത്രിമാര്‍ക്കും സംസ്ഥാന സര്‍ക്കാരുകള്‍ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതു സംബന്ധിച്ച നിര്‍ദേശം നല്കി. സത്യവാങ്മൂലം നിയമവിരുദ്ധമാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. സത്യവാങ്മൂലത്തിനു പകരം പൊതുജനങ്ങള്‍ക്ക് സ്വയം സാക്ഷ്യപ്പെടുത്തല്‍ സാധ്യമാക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കാനും മന്ത്രിമാരോടും സംസ്ഥാനങ്ങളോടും മോദി ആവശ്യപ്പെട്ടു.
എന്‍ഡിഎ സര്‍ക്കാര്‍ അധികാരമേറ്റശേഷം പൊതുജന സേവന രംഗം നവീകരിക്കുന്നതിനും ഭരണനിര്‍വ്വഹണം തടസരഹിതമാക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ സജീവമാണ്. ജൂലൈ 4ലെ വകുപ്പ് സെക്രട്ടറിമാരുടെ യോഗത്തില്‍ പ്രധാനമന്ത്രി അതേക്കുറിച്ച് വ്യക്തമാക്കിയിരുന്നു. അറ്റസ്റ്റേഷനും സത്യവാങ്മൂലവും സാധാരണക്കാരന്റെ സമയംമാത്രമല്ല പണവും നഷ്ടപ്പെടുത്തുന്നതായി വിലയിരുത്തലുണ്ടായി. എന്നാല്‍ അവയ്ക്കു പകരവരുന്ന സമ്പ്രദായ പ്രകാരം അവസാന ഘട്ടത്തില്‍ യഥാര്‍ത്ഥ രേഖകള്‍ ഹാജരാക്കിയാല്‍ മതിയാവും.
അറ്റസ്റ്റേഷനുകള്‍ ഒഴിവാക്കാന്‍ പ്രധാനമന്ത്രി നേരത്തെ തന്നെ ഉത്തരവിട്ടിരുന്നു. അതാദ്യമായി നടപ്പാക്കി കേരളം മാതൃക കാട്ടുകയും ചെയ്തു. കേന്ദ്രത്തിന്റെ ദൗത്യം ശരിയായ ദിശയിലേക്കാണെന്നതിന്റെ സൂചന കൂടിയായിരുന്നു സംസ്ഥാനത്തിന്റെ നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: