ശബരിമല: ശബരിമല ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ നിറപുത്തരിചടങ്ങുകള് ഭക്തര്‍ക്ക് സുകൃതമായി. ഇന്നലെ രാവിലെ 4 ന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തില്‍ മേല്‍ശാന്തി പി.എന്‍.നാരായണന്‍നമ്പൂതിരി നടതുറന്നു. നിര്മ്മാല്യദര്ശനത്തിനും അഭിഷേകത്തിനും ഗണപതിഹോമത്തിനും ശേഷം 5.45 നും 6.15 നും ഇടയിലായിരുന്നു നിറപുത്തരി ചടങ്ങുകള്‍.
മേല്‍ശാന്തിയും സഹ ശാന്തിക്കാരും പതിനെട്ടാംപടിയിറങ്ങി ആഴിക്ക് സമീപമുള്ള ആല്‍ത്തറയില്‍ ഭക്തര്‍ സമര്‍പ്പിച്ചിരുന്ന നെല്‍ക്കതിരുകള്‍ ശുദ്ധിവരുത്തി. തുടര്‍ന്ന് നെല്‍ക്കറ്റകള്‍ ശിരസ്സിലേറ്റി പതിനെട്ടാംപടി കയറി ക്ഷേത്രത്തിന് പ്രദക്ഷിണം വെച്ച് കിഴക്കേ മണ്ഡപത്തില്‍ എത്തിച്ചു. തന്ത്രി കണ്ഠര് മഹേശ്വരര് , കണ്ഠര് മഹേഷ് മോഹനര് എന്നിവരുടെ മുഖ്യകാര്‍മികത്വത്തില്‍ പ്രത്യേക പൂജകള്‍ നടത്തിയ ശേഷം നെല്‍കതിരുകള്‍ ശ്രീകോവിലിനുള്ളിലേക്ക് കൊണ്ടുപോയി. ഭഗവാന് സമര്‍പ്പിച്ച നെല്‍ക്കറ്റകള്‍ പൂജകള്‍ക്ക് ശേഷം ശ്രീകോവിലിന് മുന്നില്‍ ചാര്‍ത്തി. പുത്തരിപ്പായസവും അവലും ഭഗവാന് നേദിച്ച ശേഷം തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് പൂജിച്ച നെല്‍കതിരുകള്‍ ഭക്തര്‍ക്ക് പ്രസാദമായി നല്കി. പൂജിച്ച നെല്‍ക്കതിരുകള്‍ വീടുകളിലും സ്ഥാപനങ്ങളിലും സൂക്ഷിക്കുന്നത് ഐശ്വര്യദായകമാണെന്നാണ് വിശ്വാസം.
ദേവസ്വം കമ്മീഷണര്‍ പി.വേണുഗോപാല്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍മാരായ പി.കെ.കുമാരന്, സുബാഷ് വാസു, ദേവസ്വം ഓംബുഡ്സ്മാന് ജസ്റ്റിസ് ഭാസ്ക്കരന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു.
ഇന്നലെ പുലര്‍ച്ചെയുണ്ടായ ശക്തമായ മഴയെ അവഗണിച്ചും വന്‍ ഭക്തജനാവലി ശബരീശ സന്നിധിയില്‍ നിറപുത്തരി ചടങ്ങുകളില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. പൂജകള്‍ പൂര്‍ത്തിയാക്കി രാത്രി 10ന് ഹരിവരാസനംചൊല്ലി നടഅടച്ചു. ചിങ്ങമാസ പൂജകള്‍ക്കായി 16 ന് വൈകിട്ട് 5.30 ന് വീണ്ടും നടതുറക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: