നെടുമ്പാശ്ശേരി: വിദേശത്തുനിന്നുള്ള സസ്യങ്ങളും സസ്യോത്പ്പന്നങ്ങളും നേരിട്ട് ഇറക്കുമതി ചെയ്യാനുള്ള കേന്ദ്രമായി കൊച്ചി വിമാനത്താവളത്തെ കേന്ദ്ര കാര്‍ഷിക മന്ത്രാലയം അംഗീകരിച്ചു. സിയാല്‍ കാര്‍ഗോ വിഭാഗത്തിന് കാര്‍ഷിക മന്ത്രാലയത്തിന് കീഴിലുള്ള പ്ലാന്റ് ക്വാറന്റൈന് വകുപ്പിന്റെ അംഗീകാരം ലഭിച്ചത് കേരളത്തിലെ കര്‍ഷകര്‍ക്കും കാര്‍ഷിക ഗവേഷണ സ്ഥാപനങ്ങള്‍ക്കും വ്യാപാരമേഖലയ്ക്കും ഏറെ ഗുണകരമാകും. രോഗവ്യാപനം തടയാന്‍ വിദേശ സസ്യങ്ങളുടേയും പഴം, പച്ചക്കറി, പൂക്കള്‍ തുടങ്ങിയ സസ്യോത്പ്പന്നങ്ങളുടേയും ഇറക്കുമതിയ്ക്ക് കര്‍ശന നിയന്ത്രണങ്ങളും നിരീക്ഷണങ്ങളുമാണ് കേന്ദ്ര കാര്‍ഷിക മന്ത്രാലയം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇറക്കുമതി സാധനങ്ങളിലെ അണുബാധ പരിശോധിക്കാന്‍ പ്രത്യേക ലാബുകളുള്ള തുറമുഖങ്ങളിലും ചുരുക്കം ചില വിമാനത്താവളങ്ങളിലും പ്ലാന്റ് ക്വാറന്റൈന് ഓഫീസറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. അതുകൊണ്ടുതന്നെ ഈ കേന്ദ്രങ്ങളിലൂടെ മാത്രമാണ് ഇതുവരെ ഇത്തരം വസ്തുക്കളുടെ ഇറക്കുമതി നടന്നിരുന്നത്. സിയാല്‍ കാര്‍ഗോയ്ക്ക് കേന്ദ്ര കാര്‍ഷിക മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചതോടെ കേന്ദ്രസര്‍ക്കാരിന്റെ പ്ലാന്റ് ക്വാറന്റൈന് ഓഫീസറുടെ ഓഫീസ് കൊച്ചി വിമാനത്താവളത്തിലും പ്രവര്‍ത്തിച്ചു തുടങ്ങും.
ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ പതിനായിരം കോടിയിലേറെ രൂപയുടെ ഉത്പ്പന്നങ്ങളാണ് സിയാല്‍ കാര്‍ഗോ കൈകാര്യം ചെയ്തത്. 54440 ടണ്‍ ഉത്പ്പന്നങ്ങള്‍ കൊച്ചി വിമാനത്താവളത്തിലൂടെ കടന്നുപോയി.
മുന്‍ സാമ്പത്തിക വര്‍ഷത്തെക്കാള്‍ 22.19 ശതമാനം അധികമാണിത്. പുതിയ അംഗീകാരം ലഭിച്ചതോടെ കൂടുതല്‍ ചരക്ക് സിയാല്‍ കാര്ഗോയിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: