തിരുവനന്തപുരം: കുറ്റവാളികള്‍ക്കും സാമ്പത്തിക തട്ടിപ്പു നടത്തുന്നവര്‍ക്കും സംസ്ഥാന സര്‍ക്കാരിലും മന്ത്രിസഭയിലും വന്‍ സ്വാധീനമുണ്ടെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്. ഇതുകൊണ്ടാണ് എന്ത് തട്ടിപ്പു നടത്തിയിട്ടും ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് ഇത്തരം തട്ടിപ്പുകാര്‍ക്ക് രക്ഷപ്പെടാന്‍ സാധിക്കുന്നത്. കേരളം മാറി മാറി ഭരിച്ച മുന്നണികളില്‍ തട്ടിപ്പുകാര്‍ക്ക് സ്വാധീനമുള്ളതിനാലാണ് ക്രിമിനലുകള്‍ എംഎല്‍എ ഹോസ്റ്റലില്‍ ഒളിച്ചു താമസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വേണാട് ചിട്ടി ഫണ്ട് തട്ടിപ്പ് പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് തട്ടിപ്പിനിരയായവര്‍ രൂപീകരിച്ച ആക്ഷന്‍ കൗണ്‍സിലിന്റെ സെക്രട്ടേറിയറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുന്നണി ഭരണത്തിന് കീഴില്‍ കേരളം തട്ടിപ്പുകാരുടെ വിഹാരകേന്ദ്രമായി മാറിയിരിക്കുകയാണ്. മുമ്പ് ഒരു ശബരിനാഥായിരുന്നു തട്ടിപ്പ് നടത്തിയതെങ്കില്‍ ഇന്ന് എണ്ണം വര്‍ധിച്ചിരിക്കുന്നു. ബ്ലേഡ് പലിശക്കാരെ ഒതുക്കാനായി ആഭ്യന്തരമന്ത്രി ഓപ്പറേഷന് കുബേര കൊണ്ടു വന്നു. എന്നാല്‍ തട്ടിപ്പുകാര്‍ ഓപ്പറേഷന് കുചേല നടത്തി ജനങ്ങളെ കൊള്ളയടിക്കുകയാണ്. വേണാട് ചിട്ടി ഫണ്ട് രൂപീകരിച്ച് 50 കോടി തട്ടിയെടുത്ത 17 പ്രതികളും ജയിലിന് പുറത്ത് സുഖവാസത്തിലാണ്. കേന്ദ്രമന്ത്രി അവാര്‍ഡ് നല്കുന്ന ചിത്രം കാണിച്ചാണ് ചിട്ടിയിലേക്ക് കമ്പനി ഉടമകള്‍ ഉപഭോക്താക്കളെ ആകര്‍ഷിച്ചത്. എന്നാല്‍ ഇതിന്റെ ഉടമകളെ എല്ലാവരെയും പ്രതിയാക്കി കേസെടുക്കാന്‍ പോലും പോലീസ് തയ്യാറായിട്ടില്ല. നാലുപേര്‍ക്കെതിരെ മാത്രമാണ് കേസ് ചാര്‍ജ് ചെയ്തിട്ടുള്ളത്. ഇത് മനപ്പൂര്‍വം പ്രതികളെ രക്ഷിക്കാന്‍ വേണ്ടിയാണെന്ന് മുരളീധരന് ആരോപിച്ചു.
കേസ് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് നിശ്ചയിക്കേണ്ടത് പോലീസല്ല. അന്വേഷിച്ച് പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുക മാത്രമാണ് പോലീസിന്റെ ജോലി. കോടതിയാണ് കേസ് എങ്ങനെ മുന്നോട്ടു കൊണ്ടു പോകണമെന്ന് നിശ്ചയിക്കേണ്ടത്. ഇവിടെ കള്ളന്മാരെ രക്ഷിക്കുന്ന വിധത്തിലാണ് അന്വേഷണം നടക്കുന്നത്. കാരണം പുറത്തുള്ള കള്ളന്മാരെക്കാള് വലിയ കള്ളന്മാരാണ് സെക്രട്ടേറിയറ്റിനുള്ളിലിരുന്ന് ഭരിക്കുന്നത്. അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് പ്ലസ് ടു അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് പുറത്തു വന്ന കോഴ വിവാദം. ഒരു സ്കൂളിന് ഒരു കോടി വച്ച് കൈക്കൂലി വാങ്ങിച്ചെന്നാണ് വെളിപ്പെടുത്തല്‍ ഉണ്ടായത്. അങ്ങനെയെങ്കില്‍ അനുവദിച്ച 700 സ്കൂളിനും കൂടി 700 കോടി രൂപ കോഴ വാങ്ങിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭരിക്കുന്നവര്‍ 700 കോടി സമ്പാദിക്കുമ്പോള്‍ പുറത്തുള്ള തട്ടിപ്പുകാരന് 50 കോടി തട്ടിക്കുകയാണ്. കേരള പോലീസില്‍ നിന്ന് നീതി ലഭിക്കാത്തതിനാലാണ് പ്രതികൂല കാലാവസ്ഥയെയും അവഗണിച്ച് തട്ടിപ്പിനിരയായവര്‍ സെക്രട്ടേറിയറ്റിന് മുന്നിലെത്തിയത്. ഇത് തുടക്കം മാത്രമാണെന്ന് അദ്ദേഹം മുന്നറിയിപ്പു നല്കി. ബിജെപി ഈ സമരം ഏറ്റെടുക്കുകയാണ്. ഇരകള്‍ക്ക് നീതി ലഭിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിന് കേരളം സാക്ഷ്യം വഹിക്കുമെന്നും മുരളീധരന് പറഞ്ഞു.
ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ എസ്. സുരേഷ് ആധ്യക്ഷ്യം വഹിച്ചു. ആക്ഷന്‍ കൗണ്‍സില്‍ ചെയര്മാന് വെള്ളനാട് കൃഷ്ണകുമാര്‍, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി ചെമ്പഴന്തി ഉദയന്‍ എന്നിവര്‍ സംസാരിച്ചു. ആക്ഷന്‍ കൗണ്‍സില്‍ ജനറല്‍ കണ്‍വീനര്‍ മലയിന്‍കീഴ് വി. പ്രേമന്, കൗണ്‍സിലര്‍മാരായ പൂജപ്പുര വിജയചന്ദ്രന്‍, അരംഗമുഗള്‍ എസ്. സന്തോഷ്, ശശികല, ഗീത, ശ്രീജ വെമ്പായം, സുലൈമാന്‍ വെമ്പായം, അരുന്ധതീ ദേവി കൊട്ടാരക്കര, മിനി പേയാട്, സിന്ദ മാവേലിക്കര എന്നിവര്‍ നേതൃത്വം നല്കി. കോരിച്ചൊരിയുന്ന മഴയെ അവഗണിച്ചാണ് നൂറുകണക്കിന് സ്ത്രീകളും പുരുഷന്മാരും അടങ്ങുന്നവര്‍ രക്തസാക്ഷി മണ്ഡപത്തില്‍ നിന്നാരംഭിച്ച മാര്‍ച്ചില്‍ അണിനിരന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: