ന്യൂദല്‍ഹി: രാജ്യത്തെ ക്രിമിനല്‍ നീതി ന്യായ വ്യവസ്ഥയില്‍ സുപ്രീംകോടതി അതൃപ്തി രേഖപ്പെടുത്തി. ചീഫ് ജസ്റ്റിസ് ആര് എം ലോധ അദ്ധ്യക്ഷനായ ബെഞ്ചാണ് നീതി ന്യായ വ്യവസ്ഥയില്‍ അതൃപ്തി രേഖപ്പെടുത്തിയത്. എം.പിമാര്‍ക്കെതിരായ കേസുകള്‍ മാത്രമായി വേഗത്തില്‍ തീര്‍പ്പാക്കാന്‍ കഴിയില്ലെന്നും നീതി വ്യവസ്ഥയില്‍ സ്ത്രീകളും മുതിര്‍ന്ന പൗരന്മാരും അടക്കമുള്ള നിരവധി വിഭാഗങ്ങള്‍ക്കെതിരായ ക്രിമിനല്‍ കേസുകള്‍ ത്വരിതപ്പെടുത്തേണ്ടതുണ്ടെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.
ഒരു വര്‍ഷത്തിനുള്ളില്‍ എം.പിമാര്‍ക്കെതിരായ കേസുകള്‍ തീര്‍പ്പാക്കാന്‍ സുപ്രീംകോടതിയോട് ആവശ്യപ്പെടുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിയമ നിര്‍മാണ സഭകളുടെ സഹായം തേടിയിരുന്നു.
കോടതികളില്‍ ജഡ്ജിമാരുടെ എണ്ണവും അടിസ്ഥാന സൗകര്യങ്ങളും അപര്യാപ്തമായതിനാല്‍ തന്നെ ഏതെങ്കിലും ചില വിഭാഗങ്ങള്‍ക്ക് എതിരായ കേസുകള്‍ അതിവേഗത്തില്‍ വിചാരണ നടത്തുന്നത് ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയെ സഹായിക്കുമെന്ന് കരുതാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു.
സംസ്ഥാനങ്ങളുമായി ആലോചിച്ച് ക്രിമിനല്‍ നീതിന്യായ വ്യവസ്ഥ വേഗത്തിലാക്കാനുള്ള സമഗ്രമായ നിര്‍ദ്ദേശങ്ങള്‍ നാല് ആഴ്ചയ്ക്കുള്ളില്‍ സമര്‍പ്പിക്കാനും കോടതി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. മികച്ച ഭരണം എന്ന് പറയുന്നത് വേഗത്തില്‍ നീതി ലഭ്യമാക്കുക എന്നത് കൂടിയാണ്. പത്തു വര്‍ഷത്തോളം ക്രിമിനല്‍ കേസ് വിചാരണ നടക്കുന്നത് ജനാധിപത്യത്തിന് യോജിച്ചതല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: