തിരുവനന്തപുരം: വിദ്യാഭ്യാസമേഖലയെ കച്ചവടവസ്തുവാക്കി മാറ്റിയ വിദ്യാഭ്യാസ മന്ത്രി അബ്ദു റബ്ബിനെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കണമെന്ന് എബിവിപി സംസ്ഥാന സംഘടനാ സെക്രട്ടറി ഒ.നിധീഷ് ആവശ്യപ്പെട്ടു. അഴിമതിയെകുറിച്ച് വകുപ്പുതല അനേ്വഷണം നടത്തുക, വിദ്യാഭ്യാസ മേഖലയിലെ പച്ചവത്കരണം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്ലസ്ടു അനുവദിച്ചതില്‍ അഴിമതി ഉണ്ടെന്നതിന് തെളിവ് നല്കാന് പറയുന്ന മുഖ്യമന്ത്രിക്ക് മുന്നിലാണ് കൊല്ലം പുത്തൂരിലെ സ്കൂള്‍ മാനേജര്‍ ഒരുകോടി കോഴ വാങ്ങിയെന്ന് വെളിപ്പെടുത്തല്‍ ഉണ്ടായത്. ഈ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി കേരള സമൂഹത്തിന്റെ മുന്നില്‍ പൊട്ടന് കളിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
പ്ലസ്ടു അഴിമതി ഘടകകക്ഷികളെക്കൊണ്ട് അനേ്വഷിക്കാമെന്ന് വിദ്യാഭ്യാസ മന്ത്രി പറയുന്നത് ഭരണഘടനാ ലംഘനമാണ്. ഇതേകുറിച്ച് വകുപ്പുതല അനേ്വഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം. സ്വകാര്യ മാനേജ്മെന്റ് കീഴടങ്ങിയ സര്‍ക്കാര്‍ കേരളത്തിന്റെ സാമൂഹിക നീതി അട്ടിമറിച്ചിരിക്കുകയാണ്. പ്ലസ്ടു അധിക സീറ്റ് ഏത് ബാച്ച് വേണമെന്ന് തീരുമാനിക്കാനുള്ള അധികാരം നല്‍കിയത് മാനേജ്മെന്റിന് കച്ചവടം നടത്താന്‍ മാത്രമേ ഉപകരിക്കുകയുള്ളൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മാര്‍ച്ചില്‍ എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി വി. മനുപ്രസാദ്, ദേശീയ നിര്‍വാഹക സമിതി അംഗം അരുണ്‍കുമാര്‍, ജില്ലാ ജോയിന്റ് കണ്‍വീനര്‍ അഖില്‍ എന്നിവര്‍ സംസാരിച്ചു. ജയിംസ്, കണ്ണന് എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: