ന്യൂദല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധി സ്വന്തം ജീവിതത്തെപ്പറ്റി പുസ്തകമെഴുതുമെന്ന് പ്രഖ്യാപിച്ചു. മുന്‍കോണ്‍ഗ്രസ് നേതാവ് നട്വര്‍സിങിന്റെ പുസ്തകത്തിലെ വെളിപ്പെടുത്തലുകളുടെ സത്യാവസ്ഥ വ്യക്തമാക്കുന്നതിനാണ് താന്‍ പുസ്തകമെഴുതുന്നതെന്ന് സോണിയ പറഞ്ഞു. രണ്ടര പതിറ്റാണ്ടായി ദേശീയ രാഷ്ട്രീയത്തില്‍ നിര്‍ണ്ണായക തീരുമാനങ്ങളെടുത്ത സോണിയാഗാന്ധിയുടെ പുസ്തകമെഴുത്ത് സജീവ രാഷ്ട്രീയത്തില്‍ നിന്നുള്ള വിടവാങ്ങലാണെന്ന സംശയവും രാഷ്ട്രീയ വൃത്തങ്ങളില്‍ ഉയര്‍ന്നിട്ടുണ്ട്.
കോണ്‍ഗ്രസ് അതീവ രഹസ്യമാക്കി വെച്ചിരുന്ന 2004ലെ സോണിയയുടെ ‘പ്രധാനമന്ത്രി പദവി ത്യാഗം’ മകന്റെ പേടി മൂലമാണെന്ന സത്യം നട്വര്‍സിങിന്റെ പുസ്തകത്തിലൂടെ പുറത്തുവന്നതോടെയാണ് പുസ്തകമെഴുതി കാര്യങ്ങള്‍ വിശദീകരിക്കാന്‍ സോണിയാഗാന്ധി നിര്‍ബന്ധിതയായത്. സോണിയയും മകള്‍ പ്രിയങ്കയും നേരിട്ടെത്തി അപേക്ഷിച്ചിട്ടും വിവരം മറച്ചുവെയ്ക്കാന്‍ നട്വര് തയ്യാറാവാതിരുന്നത് സോണിയയെ കുപിതയാക്കി. ഇന്നലെ മാധ്യമങ്ങളെ കണ്ട സോണിയ, എന്താണ് സത്യമെന്തെന്ന് താന്‍ പുസ്തകമെഴുതുമ്പോള്‍ മനസ്സിലാകുമെന്ന് ക്ഷുഭിതയായി പ്രതികരിച്ചു. സോണിയാകുടുംബത്തിന്റെ വിശ്വസ്തര്‍ പ്രസിദ്ധീകരിച്ച ചില രചനകളിലെ വെളിപ്പെടുത്തലുകള്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷയെ അസ്വസ്ഥയാക്കിത്തുടങ്ങിയിട്ട് നാളുകളേറെയായി.
പുസ്തകത്തിലെ വിവരങ്ങളെ തന്നെ മുറിവേല്പ്പിക്കുന്നില്ലെന്നും തന്റെ ഭര്‍തൃമാതാവിന്റെയും ഭര്‍ത്താവിന്റെയും കൊലപാതകങ്ങള്‍ കണ്ടതിലും വലുതല്ല ഇതെന്നും സോണിയ പറഞ്ഞു. പ്രമാണിയെന്നും കുടിലതന്ത്രക്കാരിയെന്നും അഭിമുഖത്തില്‍ സോണിയയെ വിശേഷിപ്പിച്ച നട്വറിന്റെ നടപടിയെ എതിര്‍ത്ത് മുന്‍പ്രധാനമന്ത്രി ഡോ. മന്മോഹന്സിങും രംഗത്തെത്തി. യുപിഎ സര്‍ക്കാരിന്റെ കാലത്ത് പ്രധാനമന്ത്രി മന്മോഹന് സിങ് സുപ്രധാന ഫയലുകള്‍ സോണിയ ഗാന്ധിക്ക് അയച്ചു കൊടുത്തിരുന്നുവെന്ന നട്വറിന്റെ വെളിപ്പെടുത്തല്‍ നിഷേധിച്ച മന്മോഹന്, വ്യക്തികളുടെ സ്വകാര്യ സംഭാഷണം പരസ്യപ്പെടുത്തുന്നത് ശരിയല്ലെന്നും പറഞ്ഞു.
എന്നാല്‍, അതീവ ഗൗരവമുള്ള വെളിപ്പെടുത്തലുകളാണ് പുസ്തകം പുറത്തിറങ്ങും മുമ്പേ നട്വര്‍സിങ് നടത്തിയിരിക്കുന്നത്. ശ്രീലങ്കയിലേക്ക് സമാധാന സേനയെ അയക്കാനുള്ള പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ തീരുമാനം മന്ത്രിസഭയില്‍ ആലോചിക്കാതെയായിരുന്നെന്നും ശ്രീലങ്കന്‍ വിഷയം കൈകാര്യം ചെയ്തതില്‍ വന്ന പരാജയമാണ് രാജീവിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്നും നട്വര്‍സിങ് വെളിപ്പെടുത്തി. സോണിയ പ്രധാനമന്ത്രിയാകാതിരിക്കാനും മന്‍മോഹന്‍സിങിനെ നോമിനിയായി പ്രഖ്യാപിക്കാനും 24 മണിക്കൂറിന്റെ അന്ത്യശാസനം രാഹുല്‍ഗാന്ധി നല്‍കിയിരുന്നു. 2004 മെയ് 18ന് മന്‍മോഹന്‍സിങ്, സോണിയാകുടുംബത്തിന്റെ സുഹൃത്ത് സുമന് ദുബെ, പ്രിയങ്ക, നട്വര്‍സിങ്, എന്നിവര്‍ പങ്കെടുത്ത യോഗത്തില്‍ രാഹുലിന്റെ നിലപാട് അംഗീകരിപ്പിക്കുകയായിരുന്നു. അച്ഛനും മുത്തശ്ശിയും മരിച്ച അതേരീതിയില്‍ അമ്മയും കൊല്ലപ്പെടുമോയെന്ന ഭയം മാത്രമായിരുന്നു രാഹുലിനുണ്ടായിരുന്നതെന്നും നട്വര്‍സിങ് വെളിപ്പെടുത്തി.
എസ്. സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: