ഗ്ലാസ്‌ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ എട്ടാം ദിനത്തില്‍ ഇന്ത്യക്ക് മികച്ച നേട്ടം. രണ്ട് സ്വര്‍ണ്ണവും ഒരു വെങ്കലവും നേടിയതിന് പുറമെ ഒരു താരം ഫൈനലില്‍ പ്രവേശിച്ച് മെഡല്‍ ഉറപ്പാക്കുകയും ചെയ്തു. പുരുഷന്മാരുടെ ഹോക്കിയില്‍ ഇന്ത്യ സെമിഫൈനലില്‍ പ്രവേശിച്ചു. നിര്‍ണായക മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്താണ് ഇന്ത്യ ഓസ്‌ട്രേലിയക്ക് പിന്നില്‍ രണ്ടാം സ്ഥാനക്കാരായി സെമിയിലേക്ക് പ്രവേശിച്ചത്.
വനിതകളുടെ 55 കി.ഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ ഇന്ത്യയുടെ ബബിത കുമാരിയും പുരുഷന്മാരുടെ 65 കി.ഗ്രാം വിഭാഗത്തില്‍ യോഗേശ്വര്‍ ദത്തുമാണ് ഇന്ത്യക്കായി സ്വര്‍ണ്ണം നേടിയത്. ഫൈനലില്‍ കാനഡയുടെ ബ്രിട്ടാനി ലെവര്‍ഡ്യുറെയെ 9-2ന് കീഴടക്കിയാണ് ബബിത ഇന്നലെ ഇന്ത്യയുടെ ആദ്യ സ്വര്‍ണ്ണം കരസ്ഥമാക്കിയത്. ആദ്യ പീരിയഡില്‍ 5-0ന് മുന്നിലെത്തിയ ബബിത രണ്ടാം പീരിയഡില്‍ 4-2നും മുന്നിലെത്തിയാണ് സുവര്‍ണ്ണ നേട്ടം സ്വന്തമാക്കിയത്. പുരുഷവിഭാഗത്തില്‍ കാനഡയുടെ ജെവോണ്‍ ബാല്‍ഫോറിനെ 10-0ന് കീഴടക്കിയാണ് യോഗേശ്വര്‍ സ്വര്‍ണ്ണം കരസ്ഥമാക്കിയത്. ഇതോടെ മേളയില്‍ ഇന്ത്യയുടെ സ്വര്‍ണ്ണനേട്ടം 12 ആയി.
വനിതകളുടെ ജിംനാസ്റ്റിക്‌സിലാണ് ഇന്നലെ ഇന്ത്യ ആദ്യ മെഡല്‍ നേടിയത്. വോള്‍ട്ട് ആര്‍ട്ടിസ്റ്റിക്‌സില്‍ ദീപ കര്‍മാകറാണ് വെങ്കലം സ്വന്തമാക്കിയത്.
ബാഡ്മിന്റണ്‍ പുരുഷ വിഭാഗം സിംഗിള്‍സില്‍ പി. കശ്യപും ഗുരുസായിദത്തും ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. വനിതാ വിഭാഗം സിംഗിള്‍സില്‍ പി.സി. തുളസിയും അവസാന എട്ടില്‍ ഇടംപിടിച്ചിട്ടുണ്ട്.
പുരുഷ വിഭാഗത്തില്‍ പി. കശ്യപ് ഓസ്‌ട്രേലിയയുടെ ജെഫ് തൊയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തകര്‍ത്താണ് ക്വാര്‍ട്ടറിലെത്തിയത്. സ്‌കോര്‍: 21-7, 21-8. മറ്റൊരു മത്സരത്തില്‍ ഗുരുസായി ദത്ത് കാനഡയുടെ ആന്‍ഡ്ര്യൂ ഡിസൂസയെ 21-13, 21-9 എന്ന സ്‌കോറിനും വനിതാ വിഭാഗം സിംഗിള്‍സില്‍ മലയാളി താരം പി.സി. തുളസി കാനഡയുടെ റേച്ചല്‍ ഹൊന്‍ഡ്രിച്ചിനെ 21-12, 21-7 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയുമാണ് അവസാന എട്ടില്‍ ഇടംപിടിച്ചത്.
അതേസമയം ജിംനാസ്റ്റിക്‌സില്‍ ഇന്ത്യയുടെ ആശിഷ് കുമാര്‍ ആറാം സ്ഥാനം കൊണ്ട് തൃപ്തിപ്പെട്ടു. കഴിഞ്ഞ ദല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുരുഷന്മാരുടെ ഫ്‌ളോര്‍ ഇനത്തില്‍ വെങ്കലമെഡല്‍ ജേതാവായിരുന്ന ആശിഷ്‌കുമാറിന് ഇന്നലെ മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞില്ല. സൈക്ലിംഗിലും ഇന്ത്യക്ക് തിരിച്ചടി നേരിട്ടു. പുരുഷന്മാരുടെ വ്യക്തിഗത ടൈം ട്രയലില്‍ ഇന്ത്യന്‍ പ്രതിനിധികളായ അരവിന്ദ് പന്‍വാറും സോംബിര്‍ സിംഗും 28ഉം 37ഉം സ്ഥാനങ്ങളിലാണ് ഫിനിഷ് ചെയ്തത്.
ടേബിള്‍ ടെന്നീസ് പുരുഷ വിഭാഗം ഡബിള്‍സില്‍ ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. ശരത് കമാല്‍-അമല്‍രാജ് സഖ്യം വെയ്ല്‍സ് ജോഡികളെ കീഴടക്കിയാണ് ക്വാര്‍ട്ടറിലെത്തിയത്. മറ്റൊരു മത്സരത്തില്‍ ഹര്‍മീത് ദേശായി-സൗമ്യജിത് ഘോഷ് സഖ്യം വടക്കന്‍ അയര്‍ലന്റ് സഖ്യത്തെ പരാജയപ്പെടുത്തി അവസാന എട്ടില്‍ ഇടംപിടിച്ചിട്ടുണ്ട്. വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ മനിക ബത്രയും ക്വാര്‍ട്ടറിലെത്തിയിട്ടുണ്ട്.
ബോക്‌സിംഗില്‍ ഫൈനല്‍ ലക്ഷ്യമിട്ട് അഞ്ച് ഇന്ത്യന്‍ താരങ്ങള്‍ ഇന്ന് സെമിയില്‍ പോരാടാനിറങ്ങും. പുരുഷന്മാരുടെ 49 കി.ഗ്രാം വിഭാഗത്തില്‍ ദേവേന്ദ്രോസിംഗ്, 69 കി.ഗ്രാം വിഭാഗത്തില്‍ മന്‍ദീപ് ജന്‍ഗ്ര, 75 കി.ഗ്രാം വിഭാഗത്തില്‍ വിജേന്ദര്‍ സിംഗ് എന്നിവരും വനിതാ വിഭാഗത്തില്‍ പിങ്കി റാണി, എല്‍. സരിതാദേവി എന്നിവരുമാണ് ഇന്ന് റിംഗിലിറങ്ങുന്നത്.
















