ന്യൂദല്‍ഹി: ഉത്തരാഖണ്ഡില്‍ വീണ്ടും മേഘ വിസ്ഫോടനം. ഒരു കുടുംബത്തിലെ ആറു പേര് കൊല്ലപ്പെട്ടു. ഉത്തരാഖണ്ഡില്‍ കനത്തമഴയും വെള്ളപ്പൊക്കവും തുടരുകയാണ്. ഇന്നു പുലര്‍ച്ചയാണ് ഉത്തരാഖണ്ഡിലെ തെഹ്രി ജില്ലയില്‍ മേഘ വിസ്ഫോടനം ഉണ്ടായത്. തുടര്‍ന്നുണ്ടായ കനത്ത മഴയില്‍ രണ്ട് വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. ആറോളം വീടുകള്‍ വെള്ളപ്പാച്ചില്‍ ഒലിച്ചുപോയതായും റിപ്പോര്‍ട്ടുണ്ട്.
ദുരന്തനിവാരണ സൈന്യം സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ടെങ്കിലും ഭൂമിശാസ്ത്രപരമായ ന്യൂനതകള്‍ രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കാനിടയുണ്ട്. ഇതുവരെ മൂന്നുമരണമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. മൂന്നുപേരെ കാണാതായിട്ടുമുണ്ട്. കാണാതായവര്‍ക്കുവേണ്ടിയുള്ള തിരച്ചിലുകള്‍ തുടരുകയാണ്. പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.
കഴിഞ്ഞവര്‍ഷം ഉത്തരാഖണ്ഡില്‍ മേഘവിസ്ഫോടനത്തെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ ആയിരക്കണക്കിനാളുകള്‍ കൊല്ലപ്പെട്ടിരുന്നു. പൂനെയില്‍ കഴിഞ്ഞദിവസം കനത്തമഴയില്‍ മണ്ണിടിഞ്ഞ് 17 പേര് മരണമടഞ്ഞ വാര്‍ത്തകള്‍ പുറത്ത് വന്നതിന് തൊട്ടു പിന്നാലെയാണ് അടുത്ത ദുരന്തം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: