തിരുവനന്തപുരം: ഇന്ന് ചേരുന്ന കെപിസിസി നേതൃ യോഗത്തോടെ മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് വീണ്ടും ചൂടു പിടിക്കും. മന്ത്രിസഭാ പുനഃസംഘടനയും മദ്യ നയവും ബ്ലാക്മെയില്‍ കേസുമടക്കം പാര്‍ട്ടിയും സര്‍ക്കാരും നേരിടുന്ന പ്രതിസന്ധികള്‍ യോഗം ചര്‍ച്ച ചെയ്യും. എന്നാല്‍ രണ്ടാഴ്ചത്തെ യുഎസ് സന്ദര്‍ശനത്തിന് ശേഷം തിരുവനന്തപുരത്തെത്തിയ കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന് മന്ത്രിസഭാ പുനഃസംഘടനാ സാധ്യതകളെ തള്ളുകയാണ് ചെയ്തത്.
മന്ത്രിസഭാ പുനഃസംഘടനയെക്കാള് പ്രാധാന്യം പാര്‍ട്ടി പുനഃസംഘടനയ്ക്കാണെന്ന് സുധീരന് പറഞ്ഞു. മന്ത്രിസഭാ പുനഃസംഘടനയെക്കുറിച്ച് ഇതുവരെ പാര്‍ട്ടിയില്‍ ചര്‍ച്ച നടന്നിട്ടില്ല. ചര്‍ച്ച ചെയ്താല്‍ തീരാത്ത പ്രശ്നമുണ്ടോയെന്ന് അറിയില്ല. അമേരിക്കയില്‍നിന്നു മടങ്ങി എത്തിയ ശേഷം പ്രധാന നേതാക്കളുമായി സംസാരിക്കാന്‍ കഴിഞ്ഞിട്ടില്ല. മന്ത്രിസഭാ പുനഃസംഘടനയേക്കാള്‍ ആവശ്യം പാര്‍ട്ടിയുടെ താഴെത്തലത്തിലുള്ള പുനഃസംഘടന തന്നെയാണെന്ന് സുധീരന് ആവര്‍ത്തിച്ച് വ്യക്തമാക്കി.
മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച് ഇതുവരെ സുധീരന് നിലപാട് വ്യക്തമാക്കിയിരുന്നില്ല. മുഖ്യമന്ത്രിയുടെ വിവേചനാധികാരത്തില്‍പ്പെടുന്ന വിഷയമാണിതെന്നായിരുന്നു സുധീരന്റെ നിലപാട്. എന്നാല്‍ വിപുലമായ അഴിച്ചുപണിക്ക് മുഖ്യമന്ത്രി തയാറായപ്പോള്‍ സുധീരന് അതൃപ്തി അറിയിച്ചിരുന്നു. ഹൈക്കമാന്‍ഡിലും സുധീരന് തന്റെ എതിര്‍പ്പ് അറിയിച്ചിരുന്നു. ഇന്നത്തെ യോഗത്തില്‍ പുനഃസംഘടന ചര്‍ച്ചയാകുമെന്നിരിക്കെ സുധീരന് ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചത് ഉമ്മന്‍ചാണ്ടിയെ വെട്ടിലാക്കിയിരിക്കുകയാണ്.
യോഗത്തില്‍ മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച് തന്റെ നിലപാട് അവതരിപ്പിക്കാമെന്നാണ് ഉമ്മന്‍ചാണ്ടി കരുതിയിരുന്നത്. സ്പീക്കര്‍സ്ഥാനം ഒഴിയാന്‍ സന്നദ്ധത പ്രകടിപ്പിച്ച ജി. കാര്‍ത്തികേയന്റെ കാര്യത്തില്‍ മന്ത്രിസഭാ പുനഃസംഘടനയിലൂടെ മാത്രമേ പരിഹാരം കാണാനാകൂ എന്ന നിലപാടാണ് മുഖ്യമന്ത്രിക്ക്. ഇതിലൂടെ താനുദ്ദേശിച്ച മാറ്റങ്ങള്‍ വരുത്താനാണ് ഉമ്മന്‍ചാണ്ടിയുടെ നീക്കം. കാര്‍ത്തികേയനു പകരം സ്പീക്കറെ കണ്ടെത്തുക എന്നതാണ് ഉമ്മന്‍ചാണ്ടിക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി. പുനഃസംഘടന വലുതായാല്‍ ചേരിപ്പോരുണ്ടാകുമെന്നതിനാല് പാര്‍ട്ടിയെ വിശ്വാസിത്തിലെടുത്തേ അഴിച്ചുപണി നടത്താവൂ എന്ന നിര്‍ദേശമാണ് മുഖ്യമന്ത്രിക്ക് ഹൈക്കമാന്‍ഡ് നല്‍കിയത്.
സുധീരന് കടുത്ത എതിര്‍പ്പുമായി വരുകകൂടി ചെയ്താല്‍ പുനഃസംഘടന ഇനിയും വൈകും. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പുനഃസംഘടനയെ അനുകൂലിച്ച് പരസ്യമായി രംഗത്തു വന്നിട്ടില്ല. എന്നാല്‍, ഐ ഗ്രൂപ്പ് നേതാക്കളെ രംഗത്തിറക്കി പുനഃസംഘടനയ്ക്കെതിരെ പ്രതികരിപ്പിച്ചിട്ടുമുണ്ട്. ചെന്നിത്തലയുടെ നിലപാടും നിര്‍ണായകമാകും. മന്ത്രിസഭാ പുനഃസംഘടനയയും സ്പീക്കര്‍ ജി. കാര്‍ത്തികേയന്റെ രാജിസന്നദ്ധതയും ഇതുവരെ പാര്‍ട്ടി ചര്‍ച്ച ചെയ്തിട്ടില്ല. മുതിര്‍ന്ന നേതാക്കന്മാരുമായി കൂടിയാലോചന നടത്തിയ ശേഷം മാത്രം ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകൂ എന്നാണറിയുന്നത്.
കെപിസിസി ഭാരവാഹികളുടെ യോഗത്തിന്റ പരിഗണനാ വിഷയം ഡിസിസി വരെയുള്ള പുനഃസംഘടനയാണ്. 2010 ല്‍ നടക്കേണ്ടതായിരുന്നു ഇത്. ഏറ്റവും താഴെത്തട്ടിലുള്ള ബൂത്ത് കമ്മിറ്റി ഭാരവാഹികളെ ജനാധിപത്യ മാര്‍ഗത്തില്‍ ഓഗസ്റ്റ് 10 ന് യോഗം ചേര്‍ന്നു തെരഞ്ഞെടുക്കും. മദ്യനയത്തില്‍ കോടതിയില്‍ തീരുമാനമറിയിക്കാനുള്ള കാലാവധി അടുത്തിരിക്കെ ഇക്കാര്യത്തില്‍ അടിയന്തര തീരുമാനമെടുക്കുക എന്നത് കോണ്‍ഗ്രസിനേയും സര്‍ക്കാരിനെയും പ്രതിസന്ധിയിലാക്കുന്നുണ്ട്. മദ്യനയത്തിന്മേലുള്ള അഭിപ്രായ ഭിന്നത പരിഹരിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. എംഎല്‍എ ഹോസ്റ്റല്‍ വിവാദവും യോഗം ചര്‍ച്ച ചെയ്തേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: