ഗ്ലാസ്ഗോ: അത്ലറ്റിക്സില് ഇന്ത്യന്‍ മെഡല്‍ പ്രതീക്ഷകള്‍ക്ക് മിഴിവേകി പുരുഷന്മാരുടെ ഡിസ്കസ് ത്രോയില്‍ കഴിഞ്ഞ ഗെയിംസിലെ വെള്ളി മെഡല്‍ ജേതാവ് വികാസ് ഗൗഡ ഫൈനലില്‍ പ്രവേശിച്ചു. വനിതകളുടെ എണ്ണൂറ് മീറ്ററില്‍ മലയാളി താരം ടിന്റു ലൂക്ക സെമിയിലും വനിതകളുടെ ഹൈജമ്പില്‍ സഹന കുമാരി ഫൈനിലും ഇടംപിടിച്ചിട്ടുണ്ട്.
പുരുഷന്മാരുടെ ഡിസ്കസ് ത്രോയില്‍ 64.32 മീറ്റര്‍ എറിഞ്ഞാണ് വികാസ് ഗൗഡ ഫൈനലില്‍ പ്രവേശിച്ചത്. യോഗ്യതാ റൗണ്ടിലെ ഏറ്റവും മികച്ച പ്രകടനമായിരുന്നു ഗൗഡയുടേത്.
വനിതകളുടെ 800 മീറ്ററില്‍ മൂന്നാമത്തെ ഹീറ്റ്സില്‍ നാലാമതായാണ് ടിന്റു ഫിനിഷ് ചെയ്തതെങ്കിലും സെമിഫൈനലില്‍ പ്രവേശിച്ചു. രണ്ട് മിനിറ്റ് 02.74 സെക്കന്റിലാണ് ടിന്റു ഹീറ്റ്സില്‍ ഫിനിഷ് ചെയ്തത്. യോഗ്യതാ റൗണ്ടില്‍ ഏറ്റവും മികച്ച ആറാമത്തെ സമയമാണ് ടിന്റുവിന്റേത്. 2:01.73 സെക്കന്‍ഡില്‍ ഓടിയെത്തിയ കാനഡയുടെ മെലിസ്സ ബിഷപ്പിന്റേതാണ് ഏറ്റവും മികച്ച സമയം. നാല് ഹീറ്റ്സ് മത്സരങ്ങളില്‍ നിന്നും വിജയിച്ച 12 പേര്‍ക്ക് പുറമെ ഓരോ ഹീറ്റ്സിലും മികച്ച സമയം കുറിച്ച നാല് പേരെക്കൂടി സെമിയിലേക്ക് തിരഞ്ഞെടുക്കുകയായിരുന്നു. ഇതോടെയാണ് ടിന്റുവും സെമിയിലെത്തിയത്.
വനിതകളുടെ ഹൈജമ്പില്‍ 1.81 മീറ്റര്‍ ഉയരം താണ്ടി യോഗ്യതാ റൗണ്ടില്‍ ഏഴാമതായാണ് സഹനകുമാരി ഫൈനലിലേക്ക് യോഗ്യത നേടിയത്.
ബാഡ്മിന്റണിലും ഇന്ത്യയുടെ മുന്നേറ്റം തുടരുകയാണ്. പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ പി. കശ്യപ്, കെ. ശ്രീകാന്ത്, ഗുരുസായി ദത്ത് എന്നിവരും വനിതാ വിഭാഗത്തില്‍ പി.വി. സിന്ധു, പി.സി. തുളസി എന്നിവരും പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. പുരുഷ ഡബിള്‍സില്‍ പ്രണവ് ചോപ്ര-അക്ഷയ് ദേവാല്‍ക്കര്‍ സഖ്യവും പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു.
വനിതാ സിംഗിള്‍സില്‍ പി.വി.സിന്ധു ദക്ഷിണാഫ്രിക്കയുടെ സാന്ദ്ര ലെ ഗരാഞ്ചിനയെ 21-4, 21-6 എന്ന സ്കോറിനും ലോകചാമ്പ്യന്‍ഷിപ്പിലെ വെങ്കല മെഡല്‍ ജേത്രി പി.സി.തുളസി വടക്കന്‍ അയര്‍ലന്‍ഡിന്റെ സിനീഡ് ചേംബേഴ്സിനെ 21-10, 21-12 എന്ന സ്കോറിനും കീഴടക്കിയാണ് അവസാന 16-ല്‍ ഇടംപിടിച്ചത്. പുരുഷ സിംഗിള്‍സില്‍ പി. കശ്യപ് ബാര്‍ബഡോസിന്റെ ഡകെയില് തോര്‍പ്പിനെ 21-9,േ 21-5 എന്ന സ്കോറിനും കെ. ശ്രീകാന്ത് വെയ്ല്‍സിന്റെ ഡാനിയേല്‍ ഫ്രന്റിനെ 21-8, 21-13നും ഗുരുസായിദത്ത് ഉഗാണ്ടയുടെ എഡ്വിന് എകിരിങ്ങിനെ 21-13, 21-11 എന്ന സ്കോറിനും പരാജയപ്പെടുത്തിയാണ് പ്രീ ക്വാര്‍ട്ടറില്‍ ഇടംപിടിച്ചത്. പുരുഷന്മാരുടെ ഡബിള്‍സില്‍ പ്രണവ് ചോപ്രയും അക്ഷയ് ദേവാല്ക്കറും ചേര്‍ന്ന സഖ്യം ശ്രീലങ്കയുടെ സച്ചിന് ഡയസ്-ഭുവനകെ ഡുല്ലെവ സഖ്യത്തെ 21-10, 21-9 എന്ന സ്കോറിനും പരാജയപ്പെടുത്തിയാണ് പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്.
അതേസമയം 69 കി.ഗ്രാം ബോക്സില്‍ ഇന്ത്യയുടെ മന്ദീപ് ജംഗര മെഡല്‍ ഉറപ്പിച്ചു. ക്വാര്‍ട്ടര്‍ ഫൈനലിലെ എതിരാളിയായ ഓസ്ട്രേലിയയുടെ ഡാനിയേല്‍ ലൂയിസ് വൈദ്യപരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് മന്ദീപ് സെമിയില്‍ പ്രവേശിച്ചത്. 91 കി.ഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ അമൃത്പ്രീത് സിംഗ് ക്വാര്‍ട്ടറില്‍ പുറത്തായി. സ്കോട്ട്ലന്റിന്റെ സ്റ്റീവന്‍ ലാവെല്ലെയോടാണ് അമൃത്പ്രീത് പരാജയപ്പെട്ടത്.
















