കണ്ണൂര്‍: കൊട്ടിയൂര്‍ കണിച്ചാര്‍ പഞ്ചായത്തിലെ ഓടപ്പുഴ പണിയ കോളനിയിലെ മാതാപിതാക്കള്‍ ഉപേക്ഷിച്ച നാല് കുട്ടികളെ സത്യസായി ഓര്‍ഫനേജ് ട്രസ്റ്റ് ഏറ്റെടുക്കുന്നു.
തിരുവനന്തപുരം സായിഗ്രാമം എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആനന്ദകുമാറിന്റെ നിര്‍ദ്ദേശ പ്രകാരം കണ്ണൂരിലെ സത്യസായി സേവാ സമിതി ഭാരവാഹികള്‍ കോളനി സന്ദര്‍ശിച്ചു. തുടര്‍ന്ന് കുട്ടികളെ ഏറ്റെടുക്കുന്നത് സംബന്ധിച്ച് സത്യസായി സേവാ സമിതി ഭാരവാഹികള്‍ ഇന്നലെ കുട്ടികളുടെ സാന്നിധ്യത്തില്‍ ജില്ലാ കളക്ടറുമായി ചര്‍ച്ച നടത്തുകയും ചെയ്തു. ചര്‍ച്ചയില്‍ ജില്ലാ ചൈല്‍ഡ് വെല്‍ഫയര്‍ സൊസൈറ്റിയുടെ അനുമതി ലഭിച്ചാല്‍ ഉടന്‍ കുട്ടികളെ കൈമാറാന്‍ ധാരണയായതായി സത്യസായി സേവ പ്രവര്‍ത്തകര്‍ പറഞ്ഞു.
നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇവരെ ഒരാഴ്ച്ചയ്ക്കുളളില്‍ തിരുവന്തപുരം സായിഗ്രാമിലേക്ക് കൊണ്ടുപോകുമെന്നും ഇവര്‍ പറഞ്ഞു. ഇവരുടെ ആരോഗ്യ-വിദ്യാഭ്യാസകാര്യങ്ങള്‍ ഉള്‍പ്പെടെയുളള കാര്യങ്ങള്‍ സത്യസായി സേവാ ട്രസ്റ്റ് നടത്തും. കോളനി സ്ഥിതി ചെയ്യുന്ന പ്രദേശത്തെ എല്‍പി സ്ക്കൂള് വിദ്യാര്‍ത്ഥികളായ റിജേഷ് രഘു(6), റിജു രഘു(9), 9ാം ക്ലാസ് വിദ്യാര്‍ത്ഥിയായ ആര്. ബിജുരാജു(16), 5ാം ക്ലാസുകാരന് രഞ്ജിത്ത് രഘു(10) എന്നിവരേയാണ് സായിഗ്രാമം ഏറ്റെടുക്കുന്നത്. ഏറ്റെടുത്ത കുട്ടികള്‍ക്കു പുറമേ രക്ഷിതാക്കള്‍ ഉപേക്ഷിച്ച നിരവധി കുട്ടികള്‍ ഇനിയും കോളനിയില്‍ ഉളളതായി സമിതി പ്രവര്‍ത്തകര്‍ പറഞ്ഞു.
ഏതാനും ആഴ്ച മുമ്പ് ഈ കോളനിയില്‍ 15 വയസ്സുകാരി പ്രസവിച്ച സംഭവം ഉണ്ടായിരുന്നു. 16 കാരനായിരുന്നു ഭര്‍ത്താവ്. സത്യസായി ജില്ലാ സമിതി ഭാരവാഹികളായ പി. ആര്. സുമിത്രന്, കെ. സി. ഷിജു, സി. രമിത്ത്, ജയചന്ദ്രന്, ബിനോയ് തുടങ്ങിയവര്‍ കളക്ടറുമായി നടത്തിയ ചര്‍ച്ചയില്‍ പങ്കെടുത്തു. ഇപ്പോള്‍ കുട്ടികളെ കൂടെ താമസിപ്പിച്ച് കാര്യങ്ങള്‍ നോക്കുന്ന മുത്തച്ഛനായ കാവലനും സന്നിഹിതനായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: