തിരുവനന്തപുരം: മുന്നോക്ക വികസന കോര്പറേഷന് ചെയര്മാന് സ്ഥാനത്ത് നിന്ന് ആര് ബാലകൃഷ്ണപിള്ളയെ നീക്കണമെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്. പിള്ളയെ ചെയര്മാന് സ്ഥാനത്തേക്ക് നിയമിച്ചത് നിയമ വിരുദ്ധമാണെന്ന് പൊതുഭരണ സെക്രട്ടറി തന്നെ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ അദ്ദേഹത്തെ ചെയര്മാന് പദവിയില്‍ നിന്ന് അടിയന്തിരമായി നീക്കണമെന്നാണ് വിഎസ് ആവശ്യപ്പെട്ടത്.
പിള്ളയുടെ നിയമനത്തിനെതിരെ ഹൈക്കോടതിയില്‍ നിലവിലുള്ള കേസുമായി ബന്ധപ്പെട്ട് സെക്രട്ടറി കെആര്‍ ജ്യോതിലാല്‍ അഡ്വക്കറ്റ് ജനറലിന് അയച്ച കത്തിലാണ് പിള്ള ചെയര്‍മാനായിരിക്കാന്‍ അയോഗ്യനാണെന്ന് രേഖപ്പെടുത്തിയിട്ടുള്ളത്. കമ്പനി നിയമമനുസരിച്ച് പിള്ള മുന്നാക്ക വികസന കോര്പറേഷന് ഡയറക്ടര്‍ ബോര്‍ഡ് അംഗമല്ലെന്നും അദ്ദേഹം ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ അധ്യക്ഷത വഹിക്കാന്‍ പാടില്ലെന്നും ‘വെറും ചെയര്മാന്’ ആണെന്നുമാണ് കത്തില്‍ പറഞ്ഞിട്ടുള്ളത്.
ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ പങ്കെടുക്കാനും അധ്യക്ഷനായിരിക്കാനും യോഗ്യതയില്ലാത്തയാള്‍ എങ്ങനെയാണ് ആ ബോര്‍ഡിന്റെ ചെയര്മാനായിരിക്കുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. യോഗ്യനല്ലാത്ത ഒരാളെ ചെയര്മാനാക്കിവച്ച് ഔദ്യോഗിക കാറും ഓഫീസും മറ്റ് ആനുകൂല്യങ്ങളും നല്കി പണം ധൂര്‍ത്തടിക്കുന്നത് എന്തിനുവേണ്ടിയാണെന്നും സര്‍ക്കാര്‍ മറുപടി പറയണം.
പിള്ളയ്ക്ക് യോഗ്യതയില്ലെന്ന് സര്‍ക്കാര്‍ തന്നെ സമ്മതിച്ച സാഹചര്യത്തില്‍ ഒരു നിമിഷം പോലും വൈകാതെ അദ്ദേഹത്തെ പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും വി.എസ്. ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: