തിരുവനന്തപുരം: പാറ്റൂരിലെ വിവാദഭൂമിയിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ സ്റ്റേ ചെയ്ത് ലോകായുക്ത ഉത്തരവിട്ടു. വിവാദ ഭൂമിയിടപാട് അന്വേഷിക്കാന്‍ ലോകായുക്ത അമികസ്ക്യൂറിയെ നിയോഗിക്കുകയും ചെയ്തു. ഹൈകോടതി അഭിഭാഷകനായ കെ.ബി. പ്രദീപിനാണ് അന്വേഷണ ചുമതല. ലോകായുക്ത ജസ്റ്റിസുമാരായ പയസ് എം. കുര്യാക്കോസും കെ.പി ബാലചന്ദ്രനും ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റേതാണ് ഉത്തരവ്.
ചില സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സ്വജനപക്ഷപാതവും അഴിമതിയും നിയമവിരുദ്ധ പ്രവര്‍ത്തനവും നടത്തിയത് വ്യക്തമാണ്. എന്നാല്‍ കുറ്റക്കാരായ ഉദ്യോഗസ്ഥരെ തിരിച്ചറിയാന്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ സഹായം ലോകായുക്തയ്ക്ക് ആവശ്യമാണ്. ഇതിനായി ലോകായുക്തയുടെ മുന്‍ അന്വേഷണ ഉദ്യോസ്ഥന് കൂടിയായ വിജിലന്‍സ് എഡിജിപി ജേക്കബ് തോമസിനെ നിയോഗിക്കാന്‍ ലോകായുക്ത ഉത്തരവിട്ടു.
ലോകായുക്തയുടെ രണ്ട് ഡിവൈഎസ്പിമാര്‍ നിര്‍ബന്ധമായും അന്വേഷണ സംഘത്തിലുണ്ടാകും. മറ്റ് ഉദ്യോഗസ്ഥരെ എഡിജിപിക്ക് തീരുമാനിക്കാം. ലോകായുക്ത ഉത്തരവിനെ ഹര്‍ജിക്കാരനായ ജോയി കൈതാരം സ്വാഗതം ചെയ്തു. വിവാദമായ പാറ്റൂര്‍ ഭൂമിയിടപാട് കേസില്‍ ഫയലുകള്‍ ഹാജരാക്കാന്‍ സര്‍ക്കാരിന് ലോകായുക്ത നല്കിയ സമയപരിധി ഇന്ന് അവസാനിച്ചിരുന്നു. കേസ് അടുത്ത മാസം 22ന് വീണ്ടും പരിഗണിക്കും.
നേരത്തെ പാറ്റൂര്‍ ഭൂമിയിടപാടില്‍ ദുരൂഹത നിലനില്കുന്നുണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും ആരോപിച്ചിരുന്നു. ഇടപാടിനെകുറിച്ച് മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും അറിയാമെന്നും വി.എസ് പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: