ന്യൂദല്‍ഹി: ശക്തമായ നിയന്ത്രണ സംവിധാനങ്ങളില്ലാതെ ജനിതക വിളകളുടെ പ്രായോഗിക പരീക്ഷണങ്ങള്‍ അനുവദിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ആശങ്കകള്‍ക്ക് വിരാമമാകുന്നതുവരെ ഈ വിളകളുടെ ഫീല്‍ഡ് പരീക്ഷണങ്ങള്‍ സര്‍ക്കാര്‍ തടഞ്ഞുവെച്ചിരിക്കയാണെന്ന് കേന്ദ്ര വനം, പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്ഡേക്കര്‍ പറഞ്ഞു. 15 ജനിതക വിളകളുടെ പരീക്ഷണത്തിന് വനം പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലുള്ള ജനറ്റിക് എഞ്ചിനിയറിങ്ങ് അപ്രൂവല്‍ കമ്മറ്റി അംഗീകാരം നല്‍കിയതായുള്ള വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ജനിതക വിളകളുടെ ഫീല്‍ഡ് പരീക്ഷണങ്ങള്‍ ഉയര്‍ത്തുന്ന ആശങ്കകള്‍ സ്വദേശി ജാഗരണ്‍ മഞ്ചിന്റെയും ഭാരതീയ കിസാന്‍ സംഘിന്റെയും പ്രതിനിധികള്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം. ജനിതക വിളകള്‍ക്ക് നിയന്ത്രണമില്ലാതെ അനുമതി കൊടുക്കുന്നതും രാജ്യത്ത് ശക്തമായ നിയന്ത്രണ സംവിധാനത്തിന്റെ അഭാവവും ഗുരുതരമായ ഭവിഷ്യത്തുകള്‍ ഉണ്ടാക്കുമെന്ന് സുപ്രീംകോടതി നിയോഗിച്ച സാങ്കേതിക വിദഗ്ധ സമിതി അന്തിമ റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കിയിരുന്ന കാര്യവും അവര്‍ ചൂണ്ടിക്കാട്ടി. ജിഎം ഭക്ഷ്യവിളകളുടെ സാധ്യതകളും സ്വാധീനവും സംബന്ധിച്ച് കൃഷിക്കായുള്ള പാര്‍ലമെന്ററി സ്റ്റാന്റിങ്ങ് കമ്മറ്റി കഴിഞ്ഞ ആഗസ്ത് 9ന് സഭയില്‍ വെച്ച റിപ്പോര്‍ട്ടിലും ഒരു സാഹചര്യത്തിലും അവയുടെ പരീക്ഷണങ്ങള്‍ അനുവദിക്കരുതെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ജിഎം വിളകളില്‍ വിദേശ ജീന്‍ അടങ്ങിയിരിക്കുന്ന സാഹചര്യത്തില്‍ അവ മനുഷ്യശരീരത്തിലും മണ്ണിലും ഉണ്ടാക്കാനിടയുള്ള ദീര്‍ഘകാല പ്രശ്നങ്ങളെക്കുറിച്ച് കൃത്യമായ ശാസ്ത്രീയ വിലയിരുത്തലുകള്‍ നടത്തേണ്ടതുണ്ട്. ഒരിക്കല്‍ ഇവ അവതരിപ്പിച്ചു കഴിഞ്ഞാല്‍ പിന്നീട് അതുണ്ടാക്കുന്ന അപകടങ്ങളില്‍ നിന്ന് മോചനം ഉണ്ടാവില്ല. ജിഎം വിളകളുടെ പ്രയോക്താക്കള്‍ അവകാശപ്പെടുന്നതുപോലെ ഇവയുടെ ഉത്പാദനക്ഷമത സംബന്ധിച്ച് യാതൊരു ശാസ്ത്രീയ പഠനങ്ങളും നടന്നിട്ടില്ലെന്നും അവര്‍ മന്ത്രിയെ അറിയിച്ചു.
രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയുമായും ഈ പ്രശ്നം ബന്ധപ്പെട്ടു കിടക്കുന്നു. ലോകത്തിന്റെ പല ഭാഗങ്ങളിലുമെന്നപോലെ ഭാരതത്തിലും മോണ്സാന്റൊ പോലുള്ള ചില ബഹുരാഷ്ട്ര കുത്തകകള്‍ ജിഎം സാങ്കേതിക വിദ്യയില്‍ ഏകാധിപത്യം സ്ഥാപിച്ചിരിക്കയാണ്. രാജ്യത്തിന്റെ ഭക്ഷ്യോത്പാദനം ഏതാനും ചില കമ്പനികള്‍ നല്കുന്ന വിത്തിനെയും മറ്റും പൂര്‍ണമായി ആശ്രയിച്ചു നടപ്പാക്കിയാല്‍ അത് ഭക്ഷ്യസുരക്ഷയെത്തന്നെ അപകടത്തിലാക്കുമെന്ന് പ്രതിനിധികള്‍ ആശങ്ക രേഖപ്പെടുത്തി. ജിഎം വിളകളുടെ കാര്യത്തില്‍ നിക്ഷിപ്ത താല്പര്യക്കാരുടെ വളച്ചൊടിച്ച റിപ്പോര്‍ട്ടുകളെ ആശ്രയിക്കരുതെന്നും സ്വദേശി ജാഗരണ്‍ മഞ്ച് കേന്ദ്രമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. ഈ സാഹചര്യത്തിലായിരുന്നു ജാവ്ഡേക്കറുടെ വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: