ന്യൂദല്‍ഹി: ലോട്ടറിക്കേസില്‍ സാന്റിയാഗോ മാര്ട്ടിന് അനുകൂലമായി സുപ്രീംകോടതി വിധി. കേരള സര്‍ക്കാരിന്റെ അപ്പീല്‍ തള്ളിയ സുപ്രീംകോടതി സിക്കിം ലോട്ടറി തടയാന്‍ കേരളത്തിന് അധികാരമില്ലെന്ന് ഉത്തരവിട്ടു. സംസ്ഥാനത്ത് അന്യസംസ്ഥാന ലോട്ടറികള്‍ വില്‍ക്കുന്നതിനും സുപ്രീംകോടതി അനുമതി നല്കി.
കേരളത്തില്‍ സമ്പൂര്‍ണ ലോട്ടറി നിരോധനം നിലവിലില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി സംസ്ഥാന സര്‍ക്കാരിന്റെ അപ്പീല്‍ തള്ളിയത്. എല്ലാ ലോട്ടറികളും നിരോധിക്കാതെ സിക്കിമിന്റെ മാത്രം ലോട്ടറി കേരളത്തില്‍ നിരോധിക്കാനാവില്ല. കേരളം ഒരു ലോട്ടറി രഹിത സംസ്ഥാനമല്ലെന്നും ആ സാഹചര്യത്തില്‍ സിക്കിം ലോട്ടറി ഇവിടെ വില്‍പ്പന നടത്താനാവില്ലെന്ന് ആവശ്യപ്പെടാനാവില്ല, കേരളത്തിന്റെ അപ്പീല്‍ തള്ളിക്കൊണ്ട് ജസ്റ്റിസുമാരായ എച്ച്.എല്‍ ദത്തു, ആര്.കെ അഗര്‍വാള്‍, അരുണ്‍ മിശ്ര എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കാതിരിക്കാന്‍ പാലക്കാട് വാണിജ്യ നികുതി അസിസ്റ്റന്റ് കമ്മീഷണര്‍ നല്കിയ കാരണം കാണിക്കല്‍ നോട്ടീസിനെതിരെയാണ് സാന്റിയാഗോ മാര്‍ട്ടിന്റെ ഭാര്യാസഹോദരന്‍ മേഘ ലോട്ടറി ഡിസ്ട്രിബ്യൂഷന്‍ ഉടമയുമായ എ.ജോണ്‍ കെന്നഡി സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. നോട്ടീസ് അയക്കാന്‍ വാണിജ്യ നികുതി അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് അധികാരമില്ലെന്നും ഇത് റദ്ദാക്കണമെന്നുമുള്ള മേഘ ഡിസ്ട്രിബ്യൂട്ടേഴ്സിന്റെ വാദത്തെ ഹൈക്കോടതി അംഗീകരിച്ചിരുന്നു. മേഘ ഡിസ്ട്രിബ്യൂട്ടേഴ്സിനു നിലവില്‍ രജിസ്ട്രേഷന് ഇല്ല. ഇവര്‍ നിയമപരമായി രജിസ്ട്രേഷനു അപേക്ഷിച്ചാല്‍ സ്വീകരിക്കാതിരിക്കാന്‍ സര്‍ക്കാരിനു നിയമ നടപടികള്‍ സ്വീകരിക്കാമെന്നും കോടതി വ്യക്തമാക്കി. 2007 മാര്‍ച്ച് 30നു സിക്കിം ലോട്ടറിക്കെതിരായി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിയിരുന്നു. തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. ഈ ഹര്‍ജി പരിഗണിച്ചാണ് സുപ്രീംകോടതി ഉത്തരവ്.
കേരളം ലോട്ടറിമുക്ത മേഖല അല്ലാത്തതിനാല്‍ ഓരാളുടെ മാത്രം പേപ്പര്‍ ലോട്ടറി നിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അനുവാദമില്ലെന്ന് 1999ല്‍ യുപിയിലെ ബിആര്‍ എന്റര്‍െ്രെപസസ് കേസിലെ ഉത്തരവ് ചൂണ്ടിക്കാട്ടി കോടതി വ്യക്തമാക്കി. പേപ്പര്‍ ലോട്ടറി നിരോധിച്ചിട്ടില്ലാത്ത സംസ്ഥാനത്ത് സിക്കിം ലോട്ടറിക്ക് അപേക്ഷ നല്കിയാല് സ്വീകരിക്കാനാവില്ലെന്ന് പറയുന്നതില്‍ ന്യായമില്ലെന്നും കോടതി പറഞ്ഞു. ലോട്ടറി പ്രമോട്ടര്‍മാര്‍ക്ക് രജിസ്ട്രേഷനുള്ള അനുമതി നല്‍കണമെന്നും കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സാന്റിയാഗോ മാര്ട്ടിന്റേതുള്പ്പെടെ എല്ലാ ലോട്ടറി കമ്പനികള്‍ക്കും 2005 ലെ ലോട്ടറിനിയമപ്രകാരം രജിസ്ട്രേഷന് അനുമതി നല്കാന് കോടതി ഉത്തരവിട്ടു. ലോട്ടറി കമ്പനികളില്‍ നിന്നും നികുതി മുന്‍കൂറായി വാങ്ങണമെന്നും സുപ്രീംകോടതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: