വാഷിങ്ങ്ടണ്‍: ഗാസയില്‍ ഇസ്രയേലും ഹമാസും ഉപാധികളില്ലാതെ ഉടന്‍ വെടിനിര്‍ത്തലിന് തയ്യാറാകണമെന്ന് അമേരിക്കയും ഐക്യരാഷ്ട്രസഭയും ആവശ്യപ്പെട്ടു. മാനുഷിക പരിഗണന വെച്ച് നിരുപാധികം വെടി നിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നാണ് യു.എന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. രക്ഷാസമിതി അടിയന്തിര യോഗം ചേര്‍ന്നാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടത്.
ഐക്യരാഷ്ട്രസഭ മുന്നോട്ടുവച്ച 24 മണിക്കൂര്‍ വെടിനിര്‍ത്തല്‍ ഹമാസ് അംഗീകരിച്ചെങ്കിലും ഗാസയില്‍ വെടിയൊച്ചകള്‍ ശമനമില്ലാതെ തുടരുകയാണ്. ശനിയാഴ്ച രാത്രി ഇസ്രായേല്‍ 12 മണിക്കൂര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു. പിന്നീട് നാല് മണിക്കൂര്‍ കൂടി നീട്ടി. തുടര്‍ന്ന്, 24 മണിക്കൂര്‍ കൂടി നീട്ടാന്‍ ഇസ്രായേല്‍ സൈന്യം തത്ത്വത്തില്‍ തീരുമാനിച്ചിരുന്നെങ്കിലും, ഹമാസ് റോക്കറ്റുകള്‍ വിക്ഷേപിച്ചതിനെ തുടര്‍ന്ന് ആക്രമണം തുടരുകയായിരുന്നു.
വെടിനിര്‍ത്തല്‍ ഹമാസ് തന്നെ ലംഘിക്കുന്ന സാഹചര്യത്തില്‍ സൈനിക നടപടികളുമായി മുന്നോട്ടുപോകുമെന്ന് ഇസ്രയേലും അറിയിച്ചു. തങ്ങളുടെ ജനതയെ രക്ഷിക്കാന്‍ സാധ്യമായതെന്തും ചെയ്യുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അറിയിച്ചു.
2012ലെ വെടിനിര്‍ത്തല്‍ കരാര്‍ ഇരുഭാഗവും പാലിക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ആവശ്യപ്പെട്ടത്. ഗാസയില്‍ നിരപരാധികള്‍ കൊല്ലപ്പെടുന്നതിനെ അപലപിച്ച ഒബാമ, ഇസ്രയലിലേക്ക് ഹമാസ് ആക്രമണം നടത്തുന്നതും ന്യായീകരിക്കാന്‍ കഴിയില്ലെന്നും പറഞ്ഞു. നേരത്തേ, അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി മുന്നോട്ടുവെച്ച ഏകപക്ഷീയമായ വെടിനിര്‍ത്തല്‍ നിര്‍ദേശങ്ങള്‍ ഹമാസ് തള്ളിയിരുന്നു.
ആക്രമണങ്ങളില്‍ മരണം 1,100 കടന്നു. ഇതിനിടെ ഈജിപ്തില്‍ സമാധാന ചര്‍ച്ചയ്ക്കു പോകാനായി പ്രത്യേക സംഘത്തിനു രൂപം നല്കാന് പാലസ്തീന് പ്രസിഡന്റ് അബ്ബാസ് നീക്കങ്ങള്‍ ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: