തിരുവനന്തപുരം: ചീഫ് സെക്രട്ടറി ഇ.കെ.ഭരത് ഭൂഷന്റെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളെക്കുറിച്ചും അനധികൃത സ്വത്ത് സമ്പാദനത്തെക്കുറിച്ചും കേന്ദ്ര വിജിലന്‍സ് കമ്മിഷനെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് കത്തയച്ചു. അഖിലേന്ത്യാ സര്‍വീസ് ഉദ്യോഗസ്ഥരുടെ സ്വത്തുവിവരങ്ങള്‍ സമര്‍പ്പിക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ നടത്തിയ മറുപടി സംബന്ധിച്ച് വിശദീകരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഇതുസംബന്ധിച്ച് വ്യക്തത വരുത്തണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.
കോടികള്‍ തട്ടിയെടുത്ത മധ്യപ്രദേശിലെ ഐഎഎസ് ദമ്പതികളെ പിരിച്ചുവിട്ട കേന്ദ്ര സര്‍ക്കാറിന്റെ നടപടി പദവികള്‍ ദുരുപയോഗം ചെയ്ത് അനധികൃത സ്വത്ത് സമ്പാദിക്കുന്ന ഉദ്യോഗസ്ഥര്‍ക്കുള്ള താക്കീതാണെന്ന് കത്തില്‍ പറയുന്നു. റിയല്‍ എസ്റ്റേറ്റ് മാഫിയയുമായി ചീഫ് സെക്രട്ടറി ഭരത് ഭൂഷണിന് ബന്ധമുണ്ട്. എന്നാല്‍, ഇദ്ദേഹത്തെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണ്. പ്രധാനമന്ത്രി ഇടപെട്ട് അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കണമെന്നാണ് വി.എസിന്റെ ആവശ്യം. അഴിമതി തടയുന്നതിനായി നടപ്പിലാക്കിയ ഉദ്യോഗസ്ഥരുടെ സ്വത്തുവിവര പ്രസ്താവനയില്‍ ചീഫ് സെക്രട്ടറി കൃത്രിമം കാണിച്ചതായും കത്തില്‍ പറയുന്നു.
ചീഫ് സെക്രട്ടറിയുടെ സ്വത്ത് വെളിപ്പെടുത്തുന്നത് സംബന്ധിച്ച് നിയമസഭയില്‍ ഐഎഎസ് ഉദ്യോഗസ്ഥര്‍ ഒരു തവണ റിട്ടേണ്‍ സമര്‍പ്പിച്ചാല്‍ ഓരോ വര്‍ഷവും ഇത് വീണ്ടും സമര്‍പ്പിക്കേണ്ടതില്ല എന്നാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്. ഐഎഎസ് ഉദ്യോഗസ്ഥരുടെ ഭാര്യമാര്‍ക്ക് പാരമ്പര്യമായി ലഭിക്കുന്ന സ്വത്ത് അറിയിക്കേണ്ടതില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. മുഖ്യമന്ത്രിയുടെ ഇത്തരം തെറ്റായൊരു നിലപാട് സംസ്ഥാനത്തിന് പുറത്തുജോലി ചെയ്യുന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് അവരുടെ പങ്കാളികളുടെ പേരില്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചുകൂട്ടാന്‍ അവസരമൊരുക്കുമെന്ന് വി.എസ്. പറഞ്ഞു.
സ്വത്ത് സംബന്ധിച്ച് തെറ്റായ സ്റ്റേറ്റ്മെന്റ് നല്‍കുകയും റിയല്‍ എസ്റ്റേറ്റ് മാഫിയയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ചീഫ് സെക്രട്ടറിക്കെതിരേ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം വേണണെന്നും ഉദ്യോഗസ്ഥരുടെ വാര്‍ഷിക സ്വത്തുവിവര പ്രസ്താവന സംബന്ധിച്ച് വിശദീകരണം വേണമെന്നും നരേന്ദ്ര മോദിക്ക് അയച്ച കത്തില്‍ വി.എസ്. അച്യുതാനന്ദന് ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിന് പുറത്ത് മുംബൈ, യുപി, മംഗലാപുരം എന്നിവടങ്ങളില്‍ ചീഫ് സെക്രട്ടറി സ്വത്ത് സമ്പാദിച്ചതായും ആരോപണമുള്ള പശ്ചാത്തലത്തില്‍ ഇതേക്കുറിച്ചുള്ള അന്വേഷണം നടത്തേണ്ടത് കേന്ദ്ര വിജിലന്‍സ് കമ്മിഷന് ആയിരിക്കണമെന്നും വി.എസ്. ആവശ്യപ്പെട്ടു. കത്തിന്റെ പകര്‍പ്പ് കേന്ദ്ര വിജിലന്‍സ് കമ്മിഷനും നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: