ന്യൂദല്‍ഹി: ലഡാക്ക് മേഖലയില്‍ വീണ്ടും ചൈനീസ് സൈന്യത്തിന്റെ അതിര്‍ത്തിലംഘനം. ഡംചൊക്ക് പ്രദേശത്ത് ഭാരത അതിര്‍ത്തി കടന്ന പീപ്പിള്‍സ് ചൈനീസ് സൈന്യം ആട്ടിടയന്മാരുടെ ടെന്റുകള്‍ നശിപ്പിച്ചു. വിവരമറിഞ്ഞെത്തിയ ഭാരത സൈന്യത്തിന്റെ പട്രോളിംഗ് സംഘം ചൈനീസ് സൈന്യത്തെ തടഞ്ഞു. ജൂലൈ 22നാണ് സംഭവം. ജൂലൈ മാസത്തിലെ മൂന്നാമത്തെ നുഴഞ്ഞുകയറ്റശ്രമമാണ് ഇന്ത്യ തടയുന്നത്.
ഡംചൊക്ക് പ്രദേശത്തെ ചാര്‍ഡിംഗ് നിലുനുല്ലയിലാണ് ചൈനീസ് സൈന്യം അതിക്രമിച്ചു കടന്നത്. യഥാര്‍ത്ഥ നിയന്ത്രണ രേഖയോട് ഏറ്റവും ചേര്‍ന്നുകിടക്കുന്ന പ്രദേശമാണിത്. ഇരു സൈന്യങ്ങളുടെയും മേഖലാ കമാണ്ടര്‍മാര്‍ തമ്മില്‍ ഫഌഗ് മീറ്റിംഗ് നടത്തിയാണ് പ്രശ്നം പരിഹരിച്ചത്. ചൈനീസ് സൈന്യം ഉടന്‍തന്നെ സ്ഥലത്തുനിന്നും മടങ്ങുകയും ചെയ്തു.
ഇരുരാജ്യങ്ങള്‍ക്കും ഇടയിലെ അതിര്‍ത്തി നിര്‍ണ്ണയ പ്രശ്നത്തില്‍ പരിഹാരമുണ്ടാക്കാത്തതാണ് തുടര്‍ച്ചയായ അതിര്ത്തിലംഘനങ്ങള്ക്ക് കാരണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ്സിങ് പറഞ്ഞു. 4000 കിലോമീറ്റര്‍ വരുന്ന ഹിമാലയന്‍ അതിര്‍ത്തിയിലെ തര്‍ക്കം പരിഹരിക്കാന്‍ നടപടികള്‍ ആരംഭിക്കണമെന്ന് നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് സി ജിങ്പിങും തമ്മില്‍ ബ്രസീലിലെ ബ്രിക്സ് ഉച്ചകോടിക്കിടെ നടന്ന ചര്‍ച്ചയില്‍ ധാരണയായിരുന്നു. അതിര്‍ത്തിയിലെ സഹവര്‍ത്തിത്വം ഇരുരാജ്യങ്ങളും പാലിക്കുമെന്ന് പ്രസ്താവനയുമിറക്കിയിരുന്നു.
ഹിമാലയത്തിന്റെ കിഴക്കന്‍ പ്രദേശത്ത് 90,000 ചതുരശ്രകിലോമീറ്റര്‍ പ്രദേശത്തിന്മേലാണ് ചൈന അവകാശവാദം ഉന്നയിക്കുന്നത്. എന്നാല്‍ പടിഞ്ഞാറുഭാഗത്ത് അക്സായ് ചിന് സമതലത്തിലെ 38,000 ചതുരശ്ര കിലോമീറ്റര്‍ പ്രദേശങ്ങള്‍ ചൈന കയ്യേറിയത് ഭാരതവും ഉന്നയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: