സഹാരണ്‍പൂര്‍/ന്യൂദല്‍ഹി: സഹാരണ്‍പൂരില്‍ തുടരുന്ന വര്‍ഗീയകലാപത്തിന്റെ പേരില്‍ യുപി സര്‍ക്കാര്‍ പ്രതിക്കൂട്ടില്‍. കലാപത്തെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുകയാണെന്ന് ബിജെപി കുറ്റപ്പെടുത്തി. മുഖ്യമന്ത്രി അഖിലേഷ്യാദവും സമാജ്വാദി പാര്‍ട്ടിയും രാഷ്ട്രീയലക്ഷ്യം മുന്നില്‍കണ്ടാണ് കലാപത്തെ പ്രോത്സാഹിപ്പിക്കുന്നതെന്നും ബിജെപി നേതാവ് ഷാനവാസ് ഹുസൈന് പറഞ്ഞു.
ഇത്തരം വര്‍ഗീയ കലാപങ്ങള്‍ നടക്കാന്‍ യുപിയില്‍ ഭരണത്തിലിരിക്കുന്നവര്‍ ആഗ്രഹിക്കുന്നുണ്ട്. വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണ് കലാപത്തെ ഇവര്‍ പ്രോത്സാഹിപ്പിക്കുന്നത്. എല്ലാത്തരത്തിലും അഖിലേഷ്യാദവ് സര്‍ക്കാര്‍ പരാജയപ്പെട്ടു. സര്‍ക്കാരിനെ മികച്ച രീതിയില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ മുഖ്യമന്ത്രിക്ക് സാധിച്ചില്ല. ക്രമസമാധാനത്തിന്റെ ചുമതല അദ്ദേഹത്തിനാണ്. എന്നാല്‍ അഖിലേഷ് യാദവിന് അതിന് സാധിച്ചില്ല, ഹുസൈന് പറഞ്ഞു.
കലാപത്തിന്റെ ഉത്തരവാദിത്തം യുപി സര്‍ക്കാരിനാണെന്ന് കോണ്‍ഗ്രസും കുറ്റപ്പെടുത്തി. സംസ്ഥാനത്ത് നിരന്തരമായി കലാപങ്ങളുണ്ടാകുന്നതിന് കാരണക്കാര്‍ സര്‍ക്കാരാണെന്നും അതുകൊണ്ടുതന്നെ ഉത്തര്‍പ്രദേശിനെ പല ഭാഗങ്ങളായി വിഭജിക്കണമെന്നും കോണ്‍ഗ്രസ് നേതാവ് റഷീദ് ആല്‍വി പ്രതികരിച്ചു. സഹാരണ്‍പൂരിലെ ഭരണസംവിധാനത്തിന് സംഘര്‍ഷത്തെ നിയന്ത്രിക്കാനായില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ശനിയാഴ്ച ആരംഭിച്ച സംഘര്‍ഷവുമായി ബന്ധപ്പെട്ട് 38 പേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രദേശത്ത് നിരോധനാജ്ഞ തുടരാനും അ്രകമികളെ കണ്ടാലുടന്‍ വെടിവെക്കാനും പോലീസ് ഇന്നലെ ഉത്തരവിട്ടു.
ശനിയാഴ്ച രാവിലെ ആറു മണിമുതലാണ് സഹാരണ്‍പൂരില്‍ ഇരുവിഭാഗങ്ങളും തമ്മില്‍ സംഘര്‍ഷം ആരംഭിച്ചത്. പ്രദേശത്തെ രണ്ട് ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട ഭൂമി തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. വാക്കേറ്റത്തിലാരംഭിച്ച സംഘര്‍ഷം പിന്നീട് കല്ലേറായി. സംഭവത്തില്‍ മൂന്ന് പേര് മരിക്കുകയും ചെയ്തു. കടകള്‍ക്കും, വാഹനങ്ങള്‍ക്കുംനേരെ കല്ലേറുണ്ടായി. നാല് മണിക്കൂറോളം നീണ്ടു നിന്ന സംഘര്‍ഷം നഗരത്തെ മുഴുവന്‍ ബാധിക്കുകയായിരുന്നു.
സംഘര്‍ഷത്തിന് നേരിയ ശമനമുണ്ടെങ്കിലും സ്ഥിതിഗതികള്‍ നിരീക്ഷിക്കാന്‍ ഉത്തര്‍പ്രദേശ് പോലീസ് ഡ്രോണുകളുടെ സഹായം തേടിയിട്ടുണ്ട്. 6,000 അര്‍ദ്ധ സൈനിക വിഭാഗത്തെ വിന്യസിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. മുഖ്യമന്ത്രി അഖിലേഷ് യാദവിനെ ഇന്നലെ രാജ്നാഥ് സിംഗ് ഫോണില്‍ വിളിച്ചു സ്ഥിതിഗതികള്‍ വിലയിരുത്തി.
ഇതിനിടെ, സംഘര്‍ഷത്തില്‍ മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: