ന്യൂദല്‍ഹി: നേപ്പാള്‍ പര്യടനം വിജയകരമായിരുന്നുവെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് പറഞ്ഞു. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനും കൂടുതല്‍ മേഖലകളില്‍ സഹകരണം മെച്ചപ്പെടുത്തുന്നതിനും ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായെന്ന് മന്ത്രി വ്യക്തമാക്കി. എല്ലാ അര്‍ത്ഥത്തിലും പര്യടനം വിജയകരമായിരുന്നു. താന്‍ പ്രതീക്ഷിച്ചിരുന്നതിനേക്കാള്‍ വലിയ പ്രതികരണമാണ് ഉണ്ടായതെന്നും സുഷമ ന്യൂദല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
മൂന്ന് ദിവസത്തെ പര്യടനത്തിനുശേഷമാണ് മന്ത്രി ഇന്നലെ മടങ്ങിയെത്തിയത്. നേപ്പാള്‍ പ്രധാനമന്ത്രി സുശീല്‍ കൊയ്രാള, പ്രസിഡന്റ് രാം ബാരന് യാദവ് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. 23 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഭാരതവും നേപ്പാളും തമ്മില്‍ ജോയിന്റ് കമ്മീഷന് മീറ്റിംഗ് നടന്നു എന്ന പ്രത്യേകതയും സുഷമാ സ്വരാജിന്റെ പര്യടനത്തിനുണ്ടായിരുന്നു. നേപ്പാള്‍ വിദേശകാര്യമന്ത്രി മഹേന്ദ്ര ബഹാദൂര്‍ പാണ്ഡെയും സുഷമയും തമ്മിലാണ് സംയുക്ത കമ്മീഷന് നടന്നത്. നേപ്പാള്‍- ഭാരത അതിര്‍ത്തി പ്രശ്നങ്ങളില്‍ സംയുക്തമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ സംയുക്തകമ്മീഷനില് ധാരണയായി. ഇരുരാജ്യങ്ങളും തമ്മിലുള്ള പുതിയ ഉഭയകക്ഷി ബന്ധത്തില്‍ സന്തോഷുമുണ്ടെന്ന് നേപ്പാള്‍ അധികൃതരെ ധരിപ്പിച്ചാണ് സുഷമ മടങ്ങിയത്.
ആഗസ്റ്റ് മൂന്നിന് പ്രധാനമന്ത്രി നരേന്ദ്രമോദി നേപ്പാള്‍ സന്ദര്‍ശിക്കുന്നതിനു മുന്നോടിയായായിരുന്നു ഈ പര്യടനം. 17 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഭാരതത്തിലെ ഒരു പ്രധാനമന്ത്രി നേപ്പാള്‍ സന്ദര്‍ശിക്കുന്നു എന്നതാണ് നരേന്ദ്രമോദിയുടെ പര്യടനത്തിന്റെ പ്രത്യേക. ആഗസ്റ്റ് നാലിന് നേപ്പാള്‍ പാര്‍ലമെന്റിനെ മോദി അഭിസംബോധന ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: