ജറുസലേം: ഗാസയില്‍ നാല് മണിക്കൂര്‍ നേരത്തേക്ക് കൂടി വെടിനിര്‍ത്തലിന് ഇസ്രയേലിന്റെ തീരുമാനം. ഇസ്രായേല്‍ സെക്യൂരിറ്റി ക്യാബിനറ്റാണ് തീരുമാനമെടുത്തത്. ശനിയാഴ്ച രാവിലെ 8 മണിമുതല്‍ 12 മണിക്കൂര്‍ നേരത്തേക്ക് ഇസ്രായേല്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു. ജൂലൈ 8 മുതല്‍ തുടരുന്ന ആക്രമണത്തില്‍ വെടിനിര്‍ത്തല്‍ കൊണ്ട് തെല്ല് ആശ്വാസമാണ് പാലസ്തീനികള്‍ക്ക് ലഭിച്ചത്. ദുരന്ത സ്ഥലത്തേക്ക് മെഡിക്കല്‍ സഹായം എത്തിക്കാനും കാണാതായവര്‍ക്കായി കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ തിരച്ചില്‍ നടത്താനും കഴിഞ്ഞിട്ടുണ്ട്. നൂറോളം മൃതദേഹങ്ങള്‍ കണ്ടെടുത്തെന്നാണ് അറിയുന്നത്. ഇതോടെ ഗാസയ്ക്കു നേരെ ദിവസങ്ങളായി തുടരുന്ന ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ആയിരം കടന്നതായി സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തു. ഐക്യരാഷ്ട്ര സംഘടനയുടെ(യുഎന്‍) അഭ്യര്ത്ഥനപ്രകാരമാണെന്ന് വെടിനിര്‍ത്തല്‍ തീരുമാനമെന്ന് ഹമാസ് വക്താവ് സെമി അബു സുഹാരി വ്യക്തമാക്കി. ഒരാഴ്ചത്തെ വെടിനിര്‍ത്തല്‍ കരാറിനുവേണ്ടി അമേരിക്കയുടെ മധ്യസ്ഥതയില്‍ ചര്‍ച്ച നടക്കുന്നതിനിടെയാണ് 12 മണിക്കൂര്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നത്.
മധ്യസ്ഥ ശ്രമത്തിനായി അമേരിക്ക ഇസ്രയേല്‍ അധികൃതരുമായി ചര്‍ച്ച നടത്തവെ കരയുദ്ധം വ്യാപിക്കുമെന്ന ഇസ്രയേലിയന്‍ പ്രതിരോധമന്ത്രി മോഷെ യാലോണിന്റെ പ്രസ്താവന വിവാദമായിരുന്നു. ഇതിനെതിരെ യുഎന്നും അമേരിക്കയും ഇസ്രയേലിനെതിരെ രംഗത്തുവന്നു. ഇതിനു പിന്നാലെയാണ് വെടിനിര്‍ത്തല്‍ നിര്‍ദേശം ഇസ്രയേലും ഹമാസും അംഗീകരിച്ചെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. നിലവിലെ വെടിനിര്‍ത്തല്‍ ഏഴുദിവസത്തെക്ക് ദീര്‍ഘിപ്പിക്കാനുള്ള നീക്കം അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയുടെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്.
മാനുഷിക പരിഗണനയെന്ന നിലക്കാണ് പന്ത്രണ്ട് മണിക്കൂര്‍ നേരത്തേയ്ക്ക് ആക്രമണം നിര്‍ത്തിവയ്ക്കാന്‍ ധാരണയായതെന്ന് ഹമാസ് നേതാക്കള്‍ മാധ്യമങ്ങളെ അറിയിച്ചു. എന്നാല്‍ വെടിനിര്‍ത്താന്‍ ധാരണയായതായി ഇസ്രായേലി സേന തങ്ങളുടെ ട്വിറ്ററിലൂടെയാണ് വ്യകത്മാക്കിയത്. ഹമാസ് താല്കാലിക കരാര്‍ ലംഘിക്കുകയാണെങ്കില്‍ ശക്തമായ തിരിച്ചടി നല്‍കുമെന്നും ഇസ്രായേല്‍ മുന്നറിയിപ്പ് നല്കിട്ടുണ്ട്. ബ്രിട്ടനും ഖത്തറുമടക്കമുള്ള വിവിധ രാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാര്‍ ഇന്നലെ ഫ്രാന്‍സില്‍ നടന്ന ചര്‍ച്ചകളില്‍ പങ്കെടുത്തു.
കെറി യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍കി മൂണുമായി കഴിഞ്ഞ ദിവസം ഈജിപ്തിലെ കെയ്റോയില്‍ ചര്‍ച്ച നടത്തിയിരുന്നു. ജൂലൈ എട്ട് മുതല്‍ തുടങ്ങിയ ഗാസാ ആക്രമണത്തില്‍ ഇതുവരെ 940 പലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഹമാസ് പ്രത്യാക്രമണത്തില്‍ 36 സൈനികരടക്കം 38 ഇസ്രായേലികളും കൊല്ലപ്പെട്ടിട്ടുണ്ട്. വടക്കന്‍ ഗാസയിലെ തകര്‍ന്ന ആശുപത്രികളില്‍ നിന്നും 76 മൃതശരീരങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ട്. പാലസ്ഥീന് അത്യാഹിത സേവന വിഭാഗത്തിന്റെ വക്താവ് അഷ്റഫ് അല്‍ ഖുട്രയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇത് വെടിനിര്‍ത്തല്‍ കരാറിനെ ബാധിക്കാതിരിക്കാന്‍ യുഎന്‍ ശ്രമം ആരംഭിച്ചു കഴിഞ്ഞു. തെക്കന്‍ ഗാസയിലും സെന്ട്രലിലുമായി തകര്‍ന്ന കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നായി കൂടുതല്‍ മൃതശരീരം ലഭിച്ചേക്കാമെന്നാണ് നിലവിലെ സൂചന. അതിനാല്‍ മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് വാര്‍ത്ത ഏജന്‍സികള്‍ നല്‍കുന്നത്.
കഴിഞ്ഞ ദിവസം ഗാസയിലെ ഇസ്രായേല്‍ ആക്രമണത്തില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തിയ ഹമാസ് ഭീകര അനുകൂലികളെ ഇസ്രായേല്‍ പൊലീസ് തടഞ്ഞതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ വെസ്റ്റ്ബാങ്കില്‍ അഞ്ച് പലസ്തീനികള്‍ കൊല്ലപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: