സതാംപ്റ്റന്: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങുന്നു. ലോര്‍ഡ്സിലെ തകര്‍പ്പന്‍ ജയവുമായി ലീഡെടുത്ത ധോണിപ്പടയുടെ ലക്ഷ്യം ആധിപത്യം ഉറപ്പിക്കുക. ഇംഗ്ലണ്ടിന് ജയിച്ചേ മതിയാവു. എന്നാല്‍ ആത്മവിശ്വാസം നഷ്ടപ്പെട്ട അലിസ്റ്റര്‍ കുക്കിനും സംഘത്തിനും അതിന് എത്രത്തോളമാകുമെന്ന് കണ്ടറിയണം. വൈകിട്ട് 3.30ന് (ഇന്ത്യന്‍ സമയം) മത്സരാരംഭം.
ലോര്‍ഡ്സിലെ ജയത്തിലൂടെ ഇന്ത്യ എതിരാളിക്കുമേല്‍ മാനസികമായ മേല്‍ക്കോയ്മ ഉറപ്പിച്ചുകഴിഞ്ഞു. പേസ് ബാറ്ററികളായ ഇഷാന്ത് ശര്‍മ്മയും ഭുവനേശ്വര്‍ കുമാറും ഉശിരന്‍ ഫോമിലാണ്. എങ്കിലും ബാറ്റിംഗില്‍ വിരാട് കോഹ്ലിയും ശിഖര്‍ ധവാനും താളംതിരിച്ചുപിടിക്കാത്തത് ഇന്ത്യയെ ആശങ്കയിലാഴ്ത്തുന്നു.അജിന്‍ക്യ രഹാനെയിലും മുരളി വിജയ്യിലും പ്രതീക്ഷയര്‍പ്പിക്കാം. ധോണിയുടെയും ചേതേശ്വര്‍ പൂജാരയുടേയുമൊക്കെ അസ്ഥിരതയും മാറിയേ തീരു. അഞ്ചാം ബൗളറുടെ പ്രശ്നം ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ല. തനിക്കു മുന്നില്‍ ആറു ബാറ്റ്സ്മാന്മാരെ ഇറക്കുകയെന്ന തീരുമാനം ധോണിയെടുത്താല് രോഹിത ശര്‍മ്മ കളത്തിലെത്തും. എങ്കില്‍ സ്റ്റ്യുവര്‍ട്ട് ബിന്നി പുറത്തിരിക്കും.
ഇംഗ്ലീഷ് ബാറ്റ്സ്മാന്മാരില് ഗ്യാരി ബാലന്‍സും ജോ റൂട്ടുംമാത്രമേ കഴിഞ്ഞ ടെസ്റ്റില്‍ അല്‍പ്പമെങ്കിലും പൊരുതിയുള്ളു. കുക്കും ഇയാന്‍ ബെല്ലും മൊയീന്‍ അലിയുമൊക്കെ നിലവാരം കാത്തില്ല. ജയിംസ് ആന്ഡേഴ്സന് ചുക്കാന്‍ പിടക്കുന്ന പന്തേറുകാര്‍ തരക്കേടില്ലാത്ത പ്രകടനം പുറത്തെടുക്കുന്നെങ്കിലും കളി ജയിക്കാന്‍ അവരും ഏറെ മാറേണ്ടതുണ്ട്.
















