തിരുവനന്തപുരം: ബ്ലാക്ക്മെയിലിംഗ് പെണ്‍വാണിഭക്കേസ് അവസാനിപ്പിക്കാന്‍ ആഭ്യന്തരവകുപ്പിന്റെ ശക്തമായ സമ്മര്‍ദ്ദം. ഇതു സംബന്ധിച്ച് എറണാകുളം റേഞ്ച് ഐജിക്ക് ആഭ്യന്തര വകുപ്പ് നിര്‍ദേശം നല്‍കിയതായാണ് സൂചന. സോളാര്‍ തട്ടിപ്പു കേസു പോലെ ഇതും വിവാദമാക്കരുതെന്ന് സംസ്ഥാന സര്‍ക്കാരിനും ആഭ്യന്തരവകുപ്പിനും നിര്‍ബന്ധമുണ്ട്. അതിനാല്‍ തന്നെ കഴിഞ്ഞ ദിവസം എംഎല്‍എ ഹോസ്റ്റല്‍ പരിസരത്തുനിന്ന് പിടിയിലായ ജയചന്ദ്രന്റെയും മറ്റ് പ്രതികളുടെ പേരില്‍ വളരെ ദുര്‍ബലമായ വകുപ്പിളിട്ടാണ് കേസ് ചാര്‍ജ് ചെയ്തിരിക്കുന്നത്.
അനാശാസ്യ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയ കേസില്‍ കഴിഞ്ഞയാഴ്ചയാണ് നാലുപേരെ കൊച്ചി സിറ്റി പോലീസ് അറസ്റ്റുചെയ്തത്. സൂര്യ എന്ന ബിന്ധ്യ തോമസ്, റുക്സാന ബി. ദാസ്, അഡ്വ സനിലന്, തോമസ് ജേക്കബ് എന്നിവരാണ് പിടിയിലായത്. ഇവര്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കൂട്ടുപ്രതിയായ ചേര്‍ത്തല സ്വദേശി ജയചന്ദ്രന് തിരുവനന്തപുരത്ത് എംഎല്‍എ ഹോസ്റ്റലിന് സമീപത്തു നിന്നും പിടിയിലായത്. ജയചന്ദ്രന് ഉന്നത രാഷ്ട്രീയ ബന്ധങ്ങള്‍ പുറത്തു വന്നതോടെയാണ് സംഭവം വിവാദമായത്. എംഎല്‍എ ഹോസ്റ്റലില്‍ മുന്‍ എംഎല്‍എ ശരത്ചന്ദ്രപ്രസാദിന്റെ പേരില്‍ മുറിയെടുത്ത് താമസിച്ചിരുന്ന ജയചന്ദ്രന് തിരുവനന്തപുരത്തെ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ജെ.എസ്. ജോഷിയുടെ സ്കോര്‍പ്പിയോയിലാണ് കടന്നത്. ഈ വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ജയചന്ദ്രനെ ചോദ്യം ചെയ്തതിലൂടെ നിരവധി ബ്ലാക് മെയിലിംഗ് സംഭവങ്ങളാണ് പോലീസിന് മുന്നില്‍ ചുരുളഴിഞ്ഞത്. ഒപ്പം ഇയാളുടെ ഉന്നത രാഷ്ട്രീയ ബന്ധങ്ങളും. മുന്നണികളുടെ മാറിമാറിയുള്ള ഭരണം ജയചന്ദ്രന് പ്രശ്നമല്ല. ഇരുമുന്നണികളിലും ജയചന്ദ്രന് നല്ല സ്വാധീനമാണുള്ളത്. ജയചന്ദ്രനുമായി ഇരുമുന്നണികളിലെയും പ്രത്യേകിച്ച് കോണ്‍ഗ്രസ്-സിപിഎം ഉന്നത നേതാക്കള്‍ക്ക് അടുത്ത ബന്ധമുണ്ട്. അതിനാല്‍ തന്നെ ജയചന്ദ്രനുമായി ബന്ധപ്പെട്ട് തങ്ങളുടെ പേരുകള്‍ പുറത്തുവരാതിരിക്കാന്‍ ഇവര്‍ കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്. ജയചന്ദ്രന് പിടിയിലായ ഉടന്‍ തന്നെ മുന്‍ എംഎല്‍എ ശരത്ചന്ദ്രപ്രസാദ് ആഭ്യന്തരവകുപ്പുമായി ബന്ധപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണസംഘത്തലവനെയും എറണാകുളം സിറ്റി പോലീസ് കമ്മീഷണറെയും ആഭ്യന്തര വകുപ്പിലെ ഉന്നതര്‍ ബന്ധപ്പെടുകയും വിളിച്ചുവരുത്തി അന്വേഷണം കൂടുതല്‍ കാര്യക്ഷമമാക്കേണ്ടെന്ന് നിര്‍ദേശം നല്‍കിയതായായാണ് സൂചന.
ശരത്ചന്ദ്രപ്രസാദിന്റെ പേരിലെടുത്ത നോര്‍ത്ത് ബ്ലോക്കിലെ 47-ാം നമ്പര്‍ മുറിയിലാണ് രണ്ടാഴ്ചകളായി ജയചന്ദ്രന് ഒളിവില്‍ താമസിച്ചിരുന്നത്. സുഹൃത്തും പാര്ട്ടിക്കാരനുമായ സുനില്‍ കൊട്ടാരക്കരയ്ക്കു വേണ്ടിയാണ് താന്‍ മുറി നല്കാന് ആവശ്യപ്പെട്ടതെന്ന് ശരത്ചന്ദ്രപ്രസാദ് പറയുന്നു. ജയചന്ദ്രനെ മുന്‍ പരിചയമുണ്ടെന്നു സമ്മതിക്കുന്ന മുന്‍ എംഎല്‍എ ആ പരിചയം എങ്ങനെ ഏതു രീതിയിലുള്ളതാണെന്ന് വിശദമാക്കാന്‍ തയ്യാറായിട്ടില്ല. കടുത്ത സമ്മര്‍ദ്ദത്തിന്റെയും ഭീഷണിയുടെയും ഫലമായാണ് ആഭ്യന്തരവകുപ്പ് കേസ് അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.
പ്രശാന്ത് ആര്യ
പ്രതികരിക്കാൻ ഇവിടെ എഴുതുക: