കാഠ്മണ്ഠു: ഭാരതവും നേപ്പാളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ വിപുലപ്പെടുത്താന്‍ ധാരണയായി. കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജും നേപ്പാള്‍ വിദേശകാര്യമന്ത്രി മഹേന്ദ്ര ബഹാദൂര്‍ പാണ്ടെയും തമ്മില്‍ ഇന്നലെ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ധാരണയായത്. വ്യാപാരം, നിക്ഷേപം, സുരക്ഷ എന്നീ മേഖലകളില്‍ കൂടുതല്‍ സഹകരണമാണ് ഇരുരാജ്യങ്ങളുടെയും ലക്ഷ്യം.
ഇന്നലെയാണ് സുഷമാ സ്വരാജിന്റെ നേപ്പാള്‍ പര്യടനം ആരംഭിച്ചത്. രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതില്‍ പ്രതീക്ഷയുണ്ടെന്നും, സംയുക്ത സഹകരണത്തിലൂടെ മുന്നോട്ടുപോകാമെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു.
വിദേശകാര്യ സെക്രട്ടറി സുജാതാ സിംഗ് ഉള്‍പ്പെടെ വിദേശകാര്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരടങ്ങുന്ന സംഘവും സുഷമയ്ക്കൊപ്പം ചര്‍ച്ചയില്‍ പങ്കെടുത്തു.
ചില പ്രത്യേക വിഷയങ്ങളില്‍ വിശദമായ ചര്‍ച്ച നടത്തുന്ന സംയുക്ത കമ്മീഷന് മീറ്റിംഗ് (സിജെഎം) 23 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം നടക്കുന്നു എന്ന പ്രത്യേകതയും സുഷമയുടെ നേപ്പാള്‍ സന്ദര്‍ശനത്തിനുണ്ട്. രാഷ്ട്രീയം, സുരക്ഷ, അതിര്‍ത്തി പ്രശ്നം, സാമ്പത്തിക സഹകരണം, അടിസ്ഥാന സൗകര്യങ്ങള്‍, വ്യാപാരം, ഗതാഗതം, ഊര്‍ജ്ജം, വൈദ്യുതി, ജലം, സാംസ്ക്കാരികം, വിദ്യാഭ്യാസം, മാധ്യമം തുടങ്ങിയ വിഷയങ്ങളില്‍ വിദേശകാര്യ മന്ത്രിമാര്‍ മാത്രം നടത്തുന്ന ചര്‍ച്ചയാണ് സംയുക്ത കമ്മീഷന് മീറ്റിംഗ്.
നിരവധി പ്രതീക്ഷയോടെയാണ് താന്‍ നേപ്പാളിലെത്തിയിരിക്കുന്നതെന്നും കൂടിക്കാഴ്ചയിലൂടെ ഇന്ത്യയും നേപ്പാളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുമെന്നാണ് താന്‍ കരുതുന്നതെന്നും സുഷമ പറഞ്ഞു. ‘നരേന്ദ്രമോദി സര്‍ക്കാരിന് നേപ്പാള്‍ വലിയ പരിഗണനയാണ് നല്‍കുന്നത്. അധികാരമേറ്റ് രണ്ട് മാസത്തിനുശേഷമാണ് വിദേശകാര്യമന്ത്രാലയങ്ങള്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നത്. 23 വര്‍ഷങ്ങള്‍ക്കുശേഷം നടക്കുന്ന കൂടിക്കാഴ്ചയാണിത്. ഭാരതത്തിലെ പുതിയ സര്‍ക്കാരിന്റെ വിജയമാണിത്. ഇന്ത്യയ്ക്കുമേലുള്ള നേപ്പാളിന്റെ നിലപാട് വളരെ വലുതാണ്.’ -സുഷമ വ്യക്തമാക്കി.
ആഗസ്റ്റ് നാലിന് മോദി നേപ്പാള്‍
പാര്‍ലമെന്റില്‍ പ്രസംഗിക്കും
കാഠ്മണ്ഡു: പ്രധാനമന്ത്രി നരേന്ദ്രമോദി നേപ്പാളിലും ചരിത്രം കുറിക്കുന്നു. ആഗസ്റ്റ് മൂന്നു മുതല്‍ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് നേപ്പാളില്‍ എത്തുന്ന മോദി നാലാം തീയതി നേപ്പാള്‍ പാര്‍ലമെന്റില്‍ പ്രസംഗിക്കും. 90ല്‍ ജനാധിപത്യം പുന:സ്ഥാപിച്ച ശേഷം നേപ്പാള്‍ പാര്‍ലമെന്റില്‍ പ്രസംഗിക്കുന്ന ആദ്യ വിദേശ നേതാവാണ് മോദി.
17 വര്‍ഷങ്ങള്‍ക്കുശേഷം ഭാരത പ്രധാനമന്ത്രി നേപ്പാളില്‍ നടത്തുന്ന ഔദ്യോഗിക സന്ദര്‍ശനമെന്ന പ്രത്യേകതയും മോദിയുടെ പര്യടനത്തിനുണ്ട്. 1997-ല്‍ പ്രധാനമന്ത്രിയായിരുന്ന ഐ.കെ ഗുജ്റാളാണ് അവസാനം നേപ്പാള്‍ സന്ദര്‍ശിച്ചത്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് വിദേശകാര്യ മന്ത്രിയായിരുന്ന എസ്.എം. കൃഷ്ണയും 2011-ല്‍ അന്ന് ധനകാര്യമന്ത്രിയായിരുന്ന പ്രണബ് മുഖര്‍ജിയും മാത്രമാണ് ഗുജ്റാളിനുശേഷം നേപ്പാള്‍ സന്ദര്‍ശിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: