ന്യൂദല്‍ഹി: പന്തളം പീഡനക്കേസിലെ പ്രതികള്‍ക്ക് സുപ്രീംകോടതി ജാമ്യം നിഷേധിച്ചു. പീഡനത്തിനിരയായ കോളേജ് വിദ്യാര്‍ത്ഥിനിയുടെ അധ്യാപകരായ രണ്ടുപേര്‍ അടക്കം അഞ്ചു പ്രതികളുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. ഹൈക്കോടതി വിധിക്കെതിരായ പ്രതികളുടെ അപ്പീല്‍ സ്വീകരിച്ച കോടതി സംസ്ഥാന സര്‍ക്കാരിന് നോട്ടീസയച്ചു.
എന്‍എസ്എസ് കോളേജ് അധ്യാപകരായ ഒന്നാം പ്രതി മാവേലിക്കര സ്വദേശി കെ വേണുഗോപാല്‍, മൂന്നാം പ്രതി അടൂര്‍ സ്വദേശി സി. എം. പ്രകാശ്, ബിസിനസ്സുകാരായ അഞ്ചാം പ്രതി പന്തളം സ്വദേശി ജ്യോതിഷ് കുമാര്‍, ആറാം പ്രതി മാവേലിക്കര സ്വദേശി മനോജ് കുമാര്‍, അറുനൂറ്റിമംഗലം സ്വദേശി ഷാ ജോര്‍ജ് എന്നിവരുടെ ജാമ്യാപേക്ഷയാണ് ജസ്റ്റീസുമാരായ ടി. എസ് താക്കൂര്‍, ആദര്‍ശ് കുമാര്‍ ഗോയല്‍ എന്നിവരടങ്ങിയ ബഞ്ച് തള്ളിയത്. നമ്മുടെ കോളേജുകളില്‍ എന്താണ് നടക്കുന്നതെന്ന് കേസ് പരിഗണിച്ചയുടന്‍ ജസ്റ്റിസ് ടി. എസ്. താക്കൂര്‍ പ്രതിഭാഗം അഭിഭാഷകന് ശേഖര്‍ നാഫഡെയോട് ചോദിച്ചു. ബിസിനസുകാരായ പ്രതികള്‍ക്കു വേണ്ടിയാണ് താന്‍ ഹാജരാകുന്നതെന്ന അഭിഭാഷകന്റെ മറുപടിയില്‍ ദേഷ്യപ്പെട്ട കോടതി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ പുറമേനിന്നുള്ളവര്‍ക്ക് അധികാരമുണ്ടോയെന്ന് ചോദിച്ചു.
കേസിലെ മറ്റൊരു പ്രതിയായിരുന്ന കോളേജ് അധ്യാപകന് രാധാകൃഷ്ണന് കേസ് നടക്കുന്നതിനിടെ ആത്മഹത്യ ചെയ്തെന്നും നിരപരാധിയാണെന്ന് ആത്മഹത്യാക്കുറിപ്പുണ്ടായിരുന്നെന്നും അഭിഭാഷകന് കോടതിയെ ധരിപ്പിച്ചു. രാഷ്ട്രീയ പ്രശ്നമാണെന്നും ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ പ്രവര്‍ത്തകയായിരുന്നു പെണ്‍കുട്ടിയെന്നും പീഡനം നടന്നിട്ടില്ലെന്നും പ്രതിഭാഗം വാദിച്ചു. തിരക്കേറിയ പ്രദേശത്ത് മൂന്നുമാസത്തോളം പീഡിപ്പിച്ചെന്ന വാദം വിശ്വസനീയമല്ല. പീഡനം നടന്നെങ്കില്‍ വീണ്ടും വീണ്ടും എന്തിനാണ് പെണ്‍കുട്ടി പ്രതികള്ക്കടുത്തേക്ക് പോയതെന്നും പ്രതികളുടെ അഭിഭാഷകന് ശേഖര്‍ നാഫഡെ വാദിച്ചു. എന്നാല്‍ പീഡന വിവരമറിഞ്ഞാല്‍ ഹൃദ്രോഗബാധിതനായ പിതാവ് മരിക്കുമെന്ന് പെണ്‍കുട്ടിയോട് മാതാവ് പറഞ്ഞതിന് തെളിവുണ്ടെന്നു സുപ്രീംകോടതി നിരീക്ഷിച്ചു. പഠനം, സംഗീതം, നൃത്തം, ഡിബേറ്റ് തുടങ്ങി വിവിധ മേഖലകളില്‍ കഴിവുതെളിയിച്ച സൗന്ദര്യവതിയായ കുട്ടിയായിരുന്നു വിദ്യാര്‍ത്ഥിനിയെന്ന് ഹൈക്കോടതി ഉത്തരവ് പറയുന്നുണ്ടെന്നും സുപ്രിംകോടതി ചൂണ്ടിക്കാട്ടി. പെണ്‍കുട്ടിയുടെയും കുടുംബത്തിന്റെയും സാമൂഹിക സാഹചര്യവും പ്രതികളുടെ ഉയര്‍ന്ന സ്ഥാനവും സ്വാധീനവും പരിഗണിക്കുമെന്നും കോടതി പറഞ്ഞു. തുടര്‍ന്നാണ് ജാമ്യാപേക്ഷ തള്ളിയത്.
പ്രതികള്‍ക്കു വേണ്ടി മുതിര്‍ന്ന അഭിഭാഷകയായ വിഭാ ദത്ത മക്കീച, അഭിഭാഷകരായ കെ രാജീവ്, നിഷെ ശങ്കര്‍ രാജന്, ഹരികുമാര്‍, റോമി ചാക്കോ എന്നിവര്‍ ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: