ഗ്ലാസ്ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ആദ്യദിനം ഏഴ് മെഡലുകളുമായി ഇന്ത്യയുടെ മുന്നേറ്റം. ഭാരോദ്വഹനത്തില്‍ സുഖെന്‍ ഡേക്കും സഞ്ജിതാ ചാനുവും സ്വര്‍ണം നേടി. ജൂഡോയില്‍ നവജോത് ചന്നയും സുശീല ലിക്മബന് വെള്ളി മെഡല്‍ നേടി. 60 കിലോ പുരുഷ വിഭാഗത്തിലാണ് നവജോത് ചന്ന വെള്ളി മെഡല്‍ നേടിയത്. 48 കിലോ വനിതാ വിഭാഗത്തിലായിരുന്നു സുശീലയുടെ വിജയം.
ഭാരോദ്വഹനത്തില്‍ മീരാഭായ് ചാനു വെള്ളിയും ഗണേഷ് മാലി വെങ്കലവും നേടി. ആറ് സ്വര്‍ണവും ഏഴ് വെള്ളിയും നാല് വെങ്കലവുമായി 17 മെഡലുകളോടെ ഇംഗ്ലണ്ടാണ് മെഡല്‍ പട്ടികയില്‍ ഒന്നാമത്. അഞ്ച് സ്വര്‍ണം ഉള്‍പ്പടെ 15 മെഡലുകളുമായി ഓസ്ട്രേലിയ രണ്ടാം സ്ഥാനത്തുണ്ട്. ആതിഥേയരായ സ്കോട്ട്ലാന്റ് 10 മെഡലുകളുമായി ആദ്യ ദിനം മികച്ച മുന്നേറ്റം നടത്തി. വനിതാ ഹോക്കിയില്‍ ഇന്ത്യ കാനഡയെ തോല്‍പ്പിച്ചു. ബാറ്റ്മിന്ഡണിലും സ്ക്വാഷിലും മികച്ച തുടക്കം നടത്തിയപ്പോള്‍ സൈക്ലിംഗ്, ജിംനാസ്റ്റിക്സ് തുടങ്ങിയ ഇനങ്ങളില്‍ ഇന്ത്യന്‍ താരങ്ങള്‍ നിരാശപ്പെടുത്തി.
ഷൂട്ടിംഗില്‍ ഉള്‍പ്പടെ ഗെയിംസിന്റെ രണ്ടാം ദിനത്തിലും പ്രതീക്ഷയുടെ ദിനമാണ് ഇന്ത്യക്ക്. പുരുഷന്മാരുടെ പത്ത് എംഎം എയര്‍ റൈഫിളില്‍ ഒളിമ്പിക്സ് സ്വര്‍ണമെഡല്‍ ജേതാവ് അഭിനവ് ബിന്ദ്രയും, വനിതാ വിഭാഗത്തില്‍ ലോക ഒന്നാം നമ്പര്‍ താരം ഹീനസി സിദ്ധുവും ഇന്ന് മത്സരിക്കും. ശിവഥാപ, സുമിത് സംഖ്വാന് ഉള്‍പ്പടെയുള്ള താരങ്ങള്‍ ബോക്സിംഗില്‍ ഇന്ന് ഇന്ത്യന്‍ പ്രതീക്ഷയാണ്. പുരുഷ ഹോക്കിയില്‍ ഇന്ത്യ വെയില്‍സിനെ നേരിടും.
ഭാരോദ്വഹനം, ജൂഡോ, സ്ക്വാഷ്, ബാഡ്മിന്റണ്‍, ടേബിള്‍ ടെന്നീസ് എന്നീ ഇനങ്ങളിലും ഇന്ത്യ ഇന്ന് മത്സരിക്കും. മികച്ച മെഡല്‍ പ്രതീക്ഷയിലാണ് ഇന്ത്യ ഇത്തവണ കോമണ്‍വെല്‍ത്ത് ഗെയിംസിന് എത്തിയിരിക്കുന്നത്. കഴിഞ്ഞ തവണ ദല്‍ഹിയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 38 സ്വര്‍ണ്ണവും 27 വെളളിയും 36 വെങ്കലവും അടക്കം 101 മെഡലുകള്‍ നേടി ഇന്ത്യ രണ്ടാം സ്ഥാനത്തായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: