ന്യൂദല്‍ഹി: കല്‍ക്കരിപ്പാടം കേസില്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി ആരെ നിയമിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ ഇന്ന് സുപ്രീംകോടതിയെ അറിയിക്കും. മുതിര്‍ന്ന അഭിഭാഷകന് ഗോപാല്‍ സുബ്രഹ്മണ്യത്തെ പ്രോസിക്യൂട്ടറായി പരിഗണിക്കണമെന്ന് അഭിപ്രായം ഉയര്‍ന്നെങ്കിലും സുബ്രഹ്മണ്യം തയ്യാറായിട്ടില്ല.
കേസ് പരിഗണിക്കുന്നതിന് പ്രത്യേക വിചാരണകോടതി രൂപീകരിക്കാന്‍ ദല്‍ഹി ഹൈക്കോടതിയോട് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. ചീഫ്ജസ്റ്റിസ് ആര്.എം.ലോധയുടെ നേതൃത്വത്തിലുള്ള ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. അതേസമയം കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ രണ്ട് പുതിയ കേസുകള്‍ കൂടി സി.ബി.ഐ രജിസ്റ്റര്‍ ചെയ്തു.
വ്യാജരേഖകള്‍ ചമച്ച് ‘ലാല്‍ഗഡ്(നോര്‍ത്ത്)’ കല്‍ക്കരി പാടത്തിന്റെ കരാര്‍ നേടിയതിന് റാഞ്ചിയിലെ ഡോംകോ കമ്പനിക്കും ഛത്തീസ്ഗഡിലെ വന്ദനാ വിദ്യുത് കമ്പനിക്കുമെതിരെയാണ് കേസ്. കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ(സി.വി.സി) നിര്‍ദ്ദേശപ്രകാരമാണ് കേസെടുത്തത്.
ഈ രണ്ട് കമ്പനികള്ക്കെതിരുയുമുള്ള കേസ് അവസാനിപ്പിക്കാന്‍ സി.ബി.ഐ നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും സുപ്രീംകോടതി തടയുകയായിരുന്നു. കേസിന്റെ രേഖകള്‍ സി.വി.സിക്ക് കൈമാറാന്‍ സി.ബി.ഐയോട് നിര്‍ദ്ദേശിച്ച കോടതി രേഖകള്‍ പഠിച്ച് ഉചിതമായ തീരുമാനമാണോ സ്വീകരിച്ചതെന്ന് പരിശോധിക്കണമെന്ന് സി.വി.സിയോട് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: