അള്‍ജിയേഴ്സ്: ആറ് ജീവനക്കാരുള്‍പ്പെടെ 110 യാത്രക്കാരുമായി കാണാതായ എയര്‍ അള്‍ജീരിയയുടെ വിമാനം തകര്‍ന്നുവീണതായി സ്ഥിരീകരിച്ചു. നൈജറിലാണ് വിമാനം തകര്‍ന്നുവീണത്. 116 പേരും മരിച്ചതായി അധികൃതര്‍ സ്ഥിരീകരിച്ചു. മരിച്ചവരില്‍ 50 പേര് ഫ്രഞ്ചുകാരാണ്. എഎച്ച് 5017 എന്ന അള്‍ജീരിയന്‍ വിമാനമാണ് തകര്‍ന്നത്. ബുര്‍ക്കിനഫാസോയില്‍ നിന്ന് അള്ജിയേഴ്സിലേക്കുള്ള യാത്രാമധ്യേയാണ് വിമാനം തകര്‍ന്നത്. പ്രതികൂല കാലാവസ്ഥയാണ് അപകട കാരണമെന്നാണ് അധികൃതരുടെ നിഗമനം. യാത്രയാരംഭിച്ച് ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ വിമാനവുമായുള്ള ആശയവിനിമയ ബന്ധം നഷ്ടപ്പെട്ടിരുന്നു. വിമാനം കാണാനില്ലെന്ന ആദ്യ റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് തെരച്ചില്‍ ആരംഭിച്ചിരുന്നു. ഇതിനിടെയാണ് ആഫ്രിക്കയില്‍ വിമാനം തകര്‍ന്നുവീണെന്ന് അധികൃതര്‍ സ്ഥിരീകരിച്ചത്. ബുര്‍ക്കിനഫാസോയുടെ തലസ്ഥാനമായ ഔഗഡാഗുവില് നിന്നാണ് വിമാനം പറന്നുയര്‍ന്നത്.
അള്ജീരിയക്കുവേണ്ടി സ്പെയിനിലെ സ്വകാര്യ വിമാനക്കമ്പനിയായ സ്വിഫ്റ്റ് എയറാണ് തകര്‍ന്ന വിമാനത്തിന്റെ സര്‍വ്വീസുകള്‍ നിയന്ത്രിച്ചിരുന്നത്. അള്‍ജീരിയയുടെ തലസ്ഥാനമായ അള്‍ജിയേഴ്സിലാണ് വിമാനത്തിന്റെ ആസ്ഥാനം. ആഴ്ചയില്‍ നാല് തവണ നാല് മണിക്കൂര്‍ മാത്രമാണ് എയര്‍ അള്‍ജീരിയ സര്‍വ്വീസ് നടത്തുന്നത്.
മാലിയില്‍ വെച്ചാണ് വിമാനവുമായുള്ള ആശയവിനിമയ ബന്ധം നഷ്ട്ടപ്പെട്ടതെന്ന് അള്‍ജിരിയന്‍ വ്യോമയാന അധികൃതര്‍ പറയുന്നു. ബുര്‍ക്കിന ഫാസോയില്‍ നിന്നും വിമാനം പറന്നുയര്‍ന്ന് ഒരു മണിക്കൂറിനുള്ളില്‍ വിമാനവുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. മാലിയിലെ ഗാവോയില്‍ വിമാനം എത്തിയ സമയത്താണ് ആശയവിനിമയ ബന്ധം നഷ്ടപ്പെട്ടതെന്ന് അള്‍ജീരിയന്‍ വ്യോമയാന അധികൃതര്‍ പറയുന്നു. നൈജറിലെ മിയാമില്‍ വെച്ചാണ് വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടതെന്ന് ബുര്‍ക്കിനയിലെ വ്യോമമന്ത്രാലയം ആദ്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്ത്യന്‍ സമയം ഇന്നലെ വൈകിട്ട് 4.30 -ഓടെയാണ് വിമാനവുമായി അവസാനം ബന്ധപ്പെട്ടതെന്നും ബുര്‍ക്കിന വ്യോമമന്ത്രാലയം വ്യക്തമാക്കി. രാത്രിമുഴുവന്‍ ശക്തമായ മണല്‍ക്കാറ്റ് വീശുന്നുണ്ടായിരുന്നുവെന്നും ഇതാകാം അപകട കാരണമെന്നും മാലിയുടെ തലസ്ഥാന നഗരമായ ബമാകോയിലെ നയതന്ത്രജ്ഞന് പറഞ്ഞു.
കഴിഞ്ഞ അഞ്ചു മാസത്തിനിടെ ഉണ്ടാകുന്ന നാലാമത്തെ വിമാനദുരന്തമാണിത്. മാര്‍ച്ച് 8-ന് 239 യാത്രക്കാരുമായി കാണാതായ മലേഷ്യന്‍ എയര്ലൈന്സിനെക്കുറിച്ച് ഇതുവരെ വിവരം ലഭിച്ചിട്ടില്ല. ജൂലൈ 17-ന് റഷ്യന്‍ അനുകൂലികളായ യുക്രൈന് വിമതരുടെ മിസൈല്‍ ആക്രമണത്തില്‍ മലേഷ്യന്‍ വിമാനം തകര്‍ന്നുവീണപ്പോള്‍ മരിച്ചത് 298പേരാണ്. ഈ ദുരന്തങ്ങളുടെ നടുക്കം വിട്ടുമാറുന്നതിനുമുമ്പാണ് ബുധനാഴ്ച മോശം കാലാവസ്ഥയെ തുടര്‍ന്ന് തായ്വാനില് വിമാനം തകര്‍ന്ന് 47 പേര് മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: