പാല്പ്പൊടിയെക്കുറിച്ച് നാം കേള്‍ക്കാന്‍ തുടങ്ങിയിട്ട് അര നൂറ്റാണ്ടായിട്ടുണ്ടാവും. പക്ഷേ, മുട്ടപ്പൊടിയെപ്പറ്റിയോ? കേട്ടിട്ടുളളവര്‍ കുറവാണ്. വളരെയധികം സാദ്ധ്യതകളുളള ഒരു സംരംഭമാണിത്.
ഇട്ടാലും പൊട്ടില്ല. വെള്ളയും മഞ്ഞയും വെവ്വേറേ സൂക്ഷിക്കാം. ചെറിയ പ്ലാസ്റ്റിക് കൂടുകളില്‍ സൂക്ഷിക്കാം. എത്രകാലമിരുന്നാലും കേടാകില്ല. ഉപയോഗിക്കാന്‍ എളുപ്പം എവിടെയും കൊണ്ടുപോകാം. കേള്‍ക്കുമ്പോള്‍ കൗതുകം തോന്നുന്നുണ്ടാവും. കേരളത്തില്‍ അത്രയൊന്നും പ്രചാരത്തിലായിട്ടില്ലെങ്കിലും അയലത്ത് തമിഴ്നാട്ടില്‍വരെ മുട്ടപ്പൊടി എത്തിക്കഴിഞ്ഞു.
കുറഞ്ഞ ചെലവില്‍ ഏറെ പോഷകഗുണം ലഭ്യമാകുന്ന ആഹാരമാണ് മുട്ട. ഏകദേശം രണ്ടു രൂപയാണ് ഒരു മുട്ടയുടെ ഉത്പാദന ചെലവ്. പോഷകമൂല്യത്തിന്റെ അളവ് കണക്കാക്കുമ്പോള്‍ വില തുച്ഛമാണ്. മുട്ടയില്‍ അടങ്ങിയിരിക്കുന്ന മാംസ്യത്തിന്റെ ജൈവമൂല്യം 100 ആയാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. പ്രോട്ടീനുകളുടെ താരതമ്യ മേന്മ കാണിക്കുന്ന സൂചികയാണിത്. മുട്ടയിലെ കൊഴുപ്പ് എളുപ്പത്തില്‍ ദഹിക്കുന്നതും ശരീരത്തിനാവശ്യമായ അപൂരിത കൊഴുപ്പുകള്‍ ഏറെ അടങ്ങിയതുമാണ്. ലവണങ്ങള്‍ അടക്കമുളള എല്ലാ മൈക്രാനുട്രയന്റുകളുടെയും, സി ഒഴികെയുളള വിറ്റമിനുകളുടെയും കലവറയാണ് മുട്ട.
ഭാരതത്തിന്റെ ആഭ്യന്തര വിപണിയില്‍ വിവിധ ആവശ്യങ്ങള്‍ക്കായി പ്രതിവര്‍ഷം 1000 മെട്രിക് ടണ്ണോളം മുട്ടപ്പൊടി വേണം. ജപ്പാന്, ബെല്‍ജിയം, പോളണ്ട് തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലും അറബ് രാജ്യങ്ങളിലേക്കുമുള്ള കയറ്റുമതി ഇതിനും പുറമെയാണ്. രാജ്യത്തെ സൈനിക സ്ഥാപനങ്ങള്‍, ബേക്കറി, ഹോട്ടല്‍ വ്യവസായങ്ങള്‍, വലിയ ആശുപത്രികള്‍ എന്നിവരാണ് മുട്ടപ്പൊടിയുടെ മുഖ്യ ഉപഭോക്താക്കള്‍.
മുട്ട സംഭരണത്തിലും വിതരണത്തിലും ഉണ്ടാവുന്ന ചെലവുമായി താരതമ്യം ചെയ്യുമ്പോള്‍ മുട്ടപ്പൊടിയുടെ ഈ രംഗത്തെ ചെലവ് നന്നേ കുറവാണ്. മുട്ടപ്പൊടി ശീതീകരിച്ച് സൂക്ഷിക്കേണ്ടതില്ല. വിതരണത്തിനിടെ മുട്ടകള്‍ പൊട്ടുന്ന നഷ്ടം, ഇതൊഴിവാക്കാനുളള പ്രത്യേക പാക്കിംഗ് രീതികള്‍, മനുഷ്യാധ്വാനം എന്നിവ മുട്ടപ്പൊടിയുടെ സ്വീകാര്യത വര്‍ദ്ധിപ്പിക്കുന്നു.
മുട്ടപ്പൊടി ഉണ്ടാക്കുന്നതിനായി തോട് പൊട്ടിച്ച മുട്ട ഫില്‍ട്ടര്‍ ചെയ്തതിനു ശേഷം നാലുഡിഗ്രി സെല്‍ഷ്യസില്‍ തണുപ്പിക്കണം. അതിനുശേഷം 65 ഡിഗ്രി ഊഷ്മാവില്‍ എട്ടു മുതല്‍ 10 മിനിട്ടുവരെ തിളപ്പിക്കണം. പിന്നീട് സ്പ്രേ ഡ്രയറില്കൂടി കടത്തിവിട്ട് പൊടിയാക്കി മാറ്റാം. 65 ഡിഗ്രിയിലുളള ഉയര്‍ന്ന താപനിലയില്‍ മുട്ട പാസ്ചറൈസ് ചെയ്യപ്പെടുന്നതിനാല്‍ ടൈഫോയിഡ് പോലെയുളള മാരക രോഗങ്ങള്‍ക്ക് കാരണമാകുന്ന സല്‍മോനെല്ല ബാക്ടീരിയ ഉണ്ടാകുന്നത് ഒഴിവാക്കുന്നുവെന്നതും മുട്ടപ്പൊടിയുടെ മേന്മയാണ്.
മുട്ടയുടെ മഞ്ഞക്കരുവും വെളളയും വേര്‍തിരിച്ച് പൗഡര്‍ രൂപത്തില്‍ സൂക്ഷിക്കാം. ആവശ്യമുളളപ്പോള്‍ വെളളം ചേര്‍ത്ത് ഉപയോഗിക്കാം. ഇത് ആവശ്യാനുസരണം ബേക്കിംഗിനോ, ഐസ്ക്രീം, നൂഡില്‍സ്, മറ്റ് ഭക്ഷ്യ വസ്തുക്കള്‍ എന്നിവയിലോ ഉപയോഗിക്കാം. മുട്ടയുടെ വെളളയില്‍ നിന്നുളള ആല്ബുമിന് പൗഡര്‍ പ്രിന്റിംഗ്് തുടങ്ങിയ സ്വാഭാവികപ്രോട്ടീന് ആവശ്യമായ വ്യവസായങ്ങള്‍ക്കും ഉപയോഗപ്പെടുത്താം.
പാല്,-ഇറച്ചി-തോല് തുടങ്ങിയ മൃഗോല്‍പ്പന്നങ്ങള്‍ കൈകാര്യം ചെയ്യുന്ന വ്യവസായങ്ങളെ അപേക്ഷിച്ച് പാരിസ്ഥിതികാഘാതം ഇതിനു കുറവാണ്. പ്ലാന്റ് സജ്ജീകരിക്കാന്‍ കുറഞ്ഞ സ്ഥലമേ വേണ്ടൂ. ഇതെല്ലാം കേരളത്തില്‍ ഈ വ്യവസായത്തിന് അനുകൂല ഘടകമാണ്.
മുട്ട പൊട്ടിക്കുവാനുളള എഗ്ഗ് ബ്രേക്കറുകള്‍, വേര്‍തിരിക്കാനാവശ്യമായ സെന്റിഫ്യൂജ്, ഫില്‍ട്ടറുകള്‍, ജലാംശം വറ്റിക്കുന്ന ഹീറ്ററുകള്‍, സ്പ്രേ ഡ്രയറുകള്‍, പാക്കിംഗ ്മെഷീനുകള്‍ എന്നിവ വിതരണം ചെയ്യുന്ന കമ്പനികള്‍ ഭാരതത്തിലുണ്ട്. കേന്ദ്ര ശാസ്ത്ര വ്യാവസായിക ഗവേഷണ കൗണ്‍സിലിനു കീഴിലുളള മൈസൂരിലെ സെന്‍ട്രല്‍ ഫുഡ് ടെക്നോളജിക്കല്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് മുട്ടപ്പൊടി നിര്‍മാണത്തിനാവശ്യമായ സാങ്കേതിക സഹായം നല്‍കുന്നുണ്ട്. എല്ലാ ഭക്ഷ്യ അനുബന്ധ വ്യവസായങ്ങളെയും പോലെ ഫുഡ് സേഫ്റ്റി സ്റ്റാന്റിങ്ങ് അതോറിറ്റി ഓഫ് ഇന്ത്യയുടെ അനുമതിയും വ്യവസായം തുടങ്ങാന്‍ ആവശ്യമാണ്.
ഡോ: കവിതാ രാജഗോപാല്‍
(വെറ്റിനറി സര്ജന്, വെറ്റിനറി ഡിസ്പെന്‍സറി,
പറമ്പില്‍പീടിക, മലപ്പുറം)
ഡോ: അജിത് കുമാര്‍
(അസി. പ്രൊഫ, വെറ്റിനറി
കോളേജ്, വയനാട്),
ഫോണ്‍: 9446438510
പ്രതികരിക്കാൻ ഇവിടെ എഴുതുക: