തിരുവനന്തപുരം : പുനഃസംഘടനയെന്ന മാറ്റിവയ്ക്കാത്ത തീരുമാനവുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എന്നാല്‍ നാളുകള്‍ നീളുന്തോറും പുനഃസംഘടന ഊരാക്കുടുക്കിലേക്കാണ് നീങ്ങുന്നത്. പുനഃസംഘടന സംബന്ധിച്ച ചര്‍ച്ച കോണ്‍ഗ്രസ്സില്‍ തുടങ്ങാനിരിക്കുന്നതേയുള്ളൂ. അതിനിടെ യുവ എംഎല്‍എമാര്‍ക്ക് മന്ത്രിസ്ഥാനം ലഭിക്കണമെന്ന ആവശ്യവുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്തിറങ്ങി. യുവ എംഎല്‍എമാര്‍ കഴിവ് തെളിയിച്ചവരാണെന്നും അവര്‍ക്ക് മന്ത്രിസഭയില്‍ പങ്കാളിത്തം വേണമെന്നും യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് ആവശ്യപ്പെട്ടു.
മന്ത്രിസഭ പുനഃസംഘടന എന്ന ആശയം സമയം വരുമ്പോള്‍ ചര്‍ച്ചചെയ്യുമെന്ന് മുഖ്യമന്ത്രി ആവര്‍ത്തിക്കുമ്പോള്‍ താന്‍ ഇക്കാര്യം അറിഞ്ഞില്ലെന്നാണ് കെപിസിസി പ്രസിഡന്റ് പറഞ്ഞത്. വി.എം. സുധീരന് വിദേശത്താണ്. അദ്ദേഹം തിരിച്ചെത്തിയ ശേഷം ചര്‍ച്ചനടക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. മന്ത്രിസഭ പുനഃസംഘടന നടത്തുമ്പോള്‍ കെ.എം. മാണിയെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം കേരളാ കോണ്‍ഗ്രസ് ഉന്നയിച്ച് കഴിഞ്ഞു. ജനറല്‍ സെക്രട്ടറി ആന്റണി രാജു ഉന്നയിച്ച ആവശ്യം പക്ഷെ കെ.എം. മാണി അംഗീകരിച്ചില്ല. കേരള കോണ്‍ഗ്രസ് അങ്ങനെയൊരാവശ്യം ഉന്നയിച്ചെങ്കിലും തന്റെ പേര് ഉയര്‍ന്നുവന്നതില്‍ സന്തോഷമുണ്ടെന്നു മാണി പറഞ്ഞു.
കെ.എം. മാണിയുടെ പേര് സജീവമായാല്‍ മുസ്ലിംലീഗ് അടങ്ങിയിരിക്കില്ലെന്നുറപ്പാണ്. ചര്‍ച്ച വരട്ടെ അപ്പോള്‍ നോക്കാമെന്ന നിലപാടാണ് മുസ്ലിം ലീഗിന്. നിലവിലെ സംവിധാനത്തില്‍ ഉപ മുഖ്യമന്ത്രി സ്ഥാനമെങ്കിലും നേടിയെടുക്കണമെന്ന മോഹം ലീഗ് നേതൃത്വത്തിനുണ്ട്.
അതേസമയം തന്റെ ഇന്നത്തെ ദല്‍ഹി ദൗത്യം മന്ത്രിസഭാ പുനഃസംഘടനയല്ലെന്നാണ് മുഖ്യമന്ത്രി കട്ടായമായി പറയുന്നത്. ഹൈക്കമാണ്ടിനെ കാണും. എന്നാല്‍ മന്ത്രിസഭാ പുനഃസംഘടനയായിരിക്കില്ല ചര്‍ച്ചാവിഷയമെന്നും മുഖ്യമന്ത്രി പറയുന്നു. ധനമന്ത്രി, ഷിപ്പിംഗ് മന്ത്രി, വനം മന്ത്രി, വിദേശ കാര്യമന്ത്രി, മാനവവിഭവമന്ത്രി എന്നിവരെ കാണുമെന്നറിയിച്ച മുഖ്യമന്ത്രി മാധ്യമ പ്രവര്‍ത്തകരുടെ നിരീക്ഷണങ്ങളെ നിശിതമായി വിമര്‍ശിച്ചു,മുഖ്യമന്ത്രി തുടര്‍ന്നു.
”പുനഃസംഘടനയെക്കുറിച്ച് പാര്‍ട്ടിയോ യുഡിഎഫോ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് വി.എം സുധീരനും വ്യക്തമാക്കിയിട്ടുണ്ട്. അത് തന്നെയാണ് താനും പറഞ്ഞത്. വി.എം. സുധീരനും രമേശ് ചെന്നിത്തലയും അടക്കം പാര്‍ട്ടിയിലെ മറ്റ് നേതാക്കളുമായും അതിനുശേഷം യുഡിഎഫിലും ചര്‍ച്ച ചെയ്തശേഷമേ ദല്‍ഹിയില്‍ ചര്‍ച്ച നടക്കൂ. കേന്ദ്രമന്ത്രിമാരെയും രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥരെയും കാണാനാണ് താന്‍ ദല്‍ഹിയില്‍ എത്തുന്നത്. കൂടിക്കാഴ്ചയ്ക്കുശേഷം മടങ്ങും. ദല്‍ഹിയില്‍ ചെല്ലുമ്പോഴെല്ലാം പാര്‍ട്ടി നേതാക്കള്‍ തിരക്കില്‍ അല്ലെങ്കില്‍ കാണാന്‍ ശ്രമിക്കാറുണ്ട്. തിരക്കിലാണെങ്കില്‍ അടുത്ത തവണത്തേയ്ക്ക് മാറ്റിവയ്ക്കും. പുനഃസംഘടനാ ചര്‍ച്ചകള്‍ക്കാണെങ്കില്‍ അതിനുമാത്രമായി ദല്‍ഹിയില്‍ പോകും. മാധ്യമങ്ങള്‍ എത്ര ആഘോഷിച്ചാലും ഇതിന്റെ പേരില്‍ കോണ്‍ഗ്രസ്സിലും യുഡിഎഫിലും ഒരു അപശബ്ദവും ഉണ്ടാവില്ല. വരുന്ന വാര്‍ത്തകളുടെ ഉത്തരവാദിത്തം മാധ്യമങ്ങള്‍ക്ക് മാത്രമായിരിക്കും. തെരഞ്ഞെടുപ്പിന് ശേഷം മന്ത്രിസഭയില്‍ മാറ്റങ്ങള്‍ ഉണ്ടാവുമെന്നാണ് താന്‍ പറഞ്ഞിട്ടുള്ളത്. അത്തരം കാര്യങ്ങള്‍ ഉചിതമായ സമയത്ത് നടക്കുമെന്നും” മുഖ്യമന്ത്രി വിശദീകരിച്ചു.
മുഖ്യമന്ത്രി ഇങ്ങനെയൊക്കെ പറയുമ്പോഴും കോണ്‍ഗ്രസ് നേതാക്കള്‍ ഒറ്റയ്ക്കും തെറ്റയ്ക്കും പുനഃസംഘടനയുമായ ചര്‍ച്ചകളില്‍ സജീവമാണ്. അതിന്റെ ഭാഗമായി കെ. മുരളീധരന് ദല്‍ഹിയില്‍ തിരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയും മന്ത്രിമാരും മുതിര്‍ന്ന നേതാക്കളുമെല്ലാം മന്ത്രിസഭാ പുനഃസംഘനയുമായി കറങ്ങിത്തിരിയുമ്പോള്‍ ഭരണചക്രം ഏതാണ്ട് നിശ്ചലമായിക്കഴിഞ്ഞു.
കെ.കുഞ്ഞിക്കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: