ന്യൂദല്‍ഹി: മുന്‍കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂരും പാക്കിസ്ഥാനി മാധ്യമപ്രവര്‍ത്തക മെഹര്‍ തരാറും തമ്മില്‍ അടുത്ത ബന്ധമാണെന്ന് കോടതിയില്‍ മൊഴി. സുനന്ദ പുഷ്ക്കറിന്റെ സുഹൃത്തും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയുമായ നളിനി സിങ്, സുനന്ദയുടെ വീട്ടുജോലിക്കാരന് നാരായണ്‍ എന്നിവരാണ് ശശിതരൂരിനെതിരെ മൊഴി നല്‍കിയിരിക്കുന്നത്. മരിക്കുന്നതിന് മുമ്പുള്ള ദിവസങ്ങളില്‍ സുനന്ദയും ശശി തരൂരും തമ്മില്‍ നിരന്തരം വഴക്കുണ്ടായി. ശാരീരികമായ ആക്രമണങ്ങളുമുണ്ടായി. ദല്‍ഹി സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിന്റെ മുന്നില്‍ നല്കിയ നളിനി സിങിന്റെ മൊഴിയില്‍ പറയുന്നു.
സുനന്ദയും മെഹര്‍ തരാറും തമ്മില്‍ സുനന്ദയുടെ മരണത്തിന് തലേന്ന് ട്വിറ്ററിലൂടെ വഴക്ക് നടന്നിരുന്നതായി കോടതി മുമ്പാകെ നളിനി സിങ് മൊഴിനല്‍കി. തുടര്‍ന്ന് കോടതിയുടെ നിര്‍ദ്ദേശപ്രകാരം മൊഴി എഴുതിനല്‍കുകയും ചെയ്തു. സുനന്ദ മരിച്ച ജനുവരി 17ന് തലേന്ന് അര്‍ദ്ധരാത്രി 12.10ന് സുനന്ദ ഫോണ്‍ചെയ്തിരുന്നു. ഏഴ് മിനിറ്റു നീണ്ട ഫോണ്‍ സംഭാഷണത്തില്‍ ശശി തരൂരിന് മെഹര്‍ തരാറുമായുള്ള ബന്ധത്തെപ്പറ്റിയാണ് സുനന്ദ സംസാരിച്ചത്. കരയുകയാണെങ്കിലും മനസാന്നിധ്യം കൈവെടിഞ്ഞിരുന്നില്ല അവര്‍. തരൂരും മെഹര്‍ തരാറും തമ്മില്‍ കൈമാറിയ ഇമെയില്‍ സന്ദേശങ്ങളെപ്പറ്റിയും സുനന്ദ സംസാരിച്ചു. വയറ്റില്‍ ടിബിയുണ്ടെന്ന് സുനന്ദ ഭയപ്പെട്ടിരുന്നു. അതു കാന്സറാണോയെന്നും സുനന്ദയ്ക്ക് ഭയമായിരുന്നു, നളിനി സിങിന്റെ മൊഴിയില്‍ പറയുന്നു.
സുനന്ദയും ശശി തരൂരും തമ്മില്‍ ദിവസങ്ങളായി വഴക്കുണ്ടായിരുന്നതായി സുനന്ദയുടെ ജോലിക്കാരന് നാരായണും കോടതിയില്‍ മൊഴി നല്‍കിയിട്ടുണ്ട്. തിരുവനന്തപുരത്തുവെച്ചും ഇരുവരും തമ്മില്‍ മെഹര്‍ തരാറിന്റെ പേരില്‍ വലിയ ബഹളം ഉണ്ടാക്കിയിരുന്നു. 15ന് ഉച്ചകഴിഞ്ഞ് ദല്‍ഹിക്ക് തിരികെ എത്തിയെങ്കിലും യാത്രയിലും ഇരുവരും തമ്മില്‍ വഴക്കായിരുന്നു. ജനുവരി 16ന് രാത്രിയില്‍ മെഹര്‍ തരാറിന്റെ പേരില്‍ അടിയുണ്ടായി. പുലര്‍ച്ചെ 4.30 വരെ വഴക്ക് തുടര്‍ന്നു. സുനന്ദയുടെ ശരീരത്തിലെ പാടുകള്‍ ശശി തരൂരുമായുണ്ടായ കലഹത്തില്‍ സംഭവിച്ചതാകാമെന്നും നാരായണിന്റെ മൊഴിയില്‍ പറയുന്നു.
സുനന്ദ പുഷ്കറുമായുളള വിവാഹബന്ധം വേര്‍പെടുത്തിയ ശേഷം മെഹര്‍ തരാറിനെ വിവാഹം ചെയ്യാന്‍ ശശി തരൂര്‍ ശ്രമിച്ചിരുന്നുവെന്ന മൊഴിയും കോടതിയില്‍ ലഭിച്ചതായി അറിയുന്നു. 2013 ജൂണില്‍ തരൂറും മെഹര്‍ തരാറും ദുബായില്‍ മൂന്ന് ദിവസം ഒരുമിച്ച് ചെലവഴിച്ച സംഭവം സുനന്ദ അറിഞ്ഞിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം തരാറിനെ വിവാഹം ചെയ്യാനായിരുന്നു തരൂരിന്റെ നീക്കമെന്ന് കോടതി മൊഴികളേപ്പറ്റി ഒരു ഹിന്ദി ചാനല്‍ പുറത്തു വിട്ടതും റിപ്പോര്‍ട്ടിലുണ്ട്. സുനന്ദ പുഷ്ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: