പത്തനംതിട്ട: ആറന്മുളചാലും കരിമാരംതോടും പൂര്‍വ്വസ്ഥിതിയിലാക്കാനുള്ള ഹൈക്കോടതിവിധി നടപ്പാക്കിയില്ലെങ്കില്‍ ബഹുജനപ്രക്ഷോഭം നേരിടേണ്ടിവരുമെന്ന് ആറന്മുള പൈതൃകഗ്രാമകര്‍മ്മസമിതി മുഖ്യരക്ഷാധികാരി കുമ്മനം രാജശേഖരന് മുന്നറിയിപ്പ് നല്കി. കോടതി അനുവദിച്ച സമയം 26 ന് അവസാനിക്കുകയാണ്. അതിനാല്‍ വിഷയത്തില്‍ ജില്ലാ കളക്ടര്‍ ശക്തമായി ഇടപെടണം. മണ്ണിട്ട് മൂടിയവര്ക്കെതിരേ ക്രിമിനല്‍ കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മണ്ണ് നീക്കം ചെയ്യുന്നത് സംബന്ധിച്ച് കെജിഎസിന്റെ തടസ്സവാദം കേള്‍ക്കാന്‍ ജില്ലാ ഭരണകൂടം അനുമതി നല്കി എന്ന വാര്‍ത്തയെതുടര്‍ന്ന് അതിനെതിരേ നിവേദനം നല്‍കാനെത്തിയതായിരുന്നു പൈതൃകഗ്രാമകര്‍മ്മസമിതി ഭാരവാഹികള്‍.
ചാലുകളും തോടുകളും മണ്ണിട്ട് നികത്തിയവരുമായി ചര്ച്ചപാടില്ല. കെജിഎസ് പ്രതിസ്ഥാനത്താണ്. മണ്ണ് നീക്കം ചെയ്യുന്ന കേസില്‍ കെജിഎസിനെ ബന്ധപ്പെടുത്തുന്നത് അവര്‍ക്ക് സഹായകരമാകും. മണ്ണിട്ടവര്തന്നെ അത് നീക്കം ചെയ്യണം. ഇതിന് പിഴ ഈടാക്കണമെന്നും കുമ്മനം രാജശേഖരന് ആവശ്യപ്പെട്ടു.
പദ്ധതിപ്രദേശത്തുനിന്നും നീക്കം ചെയ്യുന്ന മണ്ണ് വാങ്ങാന്‍ റെയില്‍വേ താല്പര്യപ്പെട്ടിരുന്നു. പതിനായിരം ലോഡ് മണ്ണെടുക്കാമെന്നാണ് റെയില്‍വേ അറിയിച്ചത്. എന്നാല്‍ റെയില്‍വേ അധികൃതര്‍ ഉന്നയിച്ച സാങ്കേതിക പ്രശ്നത്തിന്റെ പേരില്‍ മണ്ണ് നീക്കം വൈകുകയായിരുന്നു. സ്ഥലത്തേക്ക് ലോറികള്‍ എത്തേണ്ടത് കെജിഎസിന്റെ ഭൂമിയിലൂടെയാണ് എന്നതായിരുന്നു വാദം. എന്നാല്‍ നിലവില്‍ തര്‍ക്കഭൂമിയായ സ്ഥലം കെജിഎസിന്റെ ഉടമസ്ഥതയിലുള്ളതല്ലെന്നും കുമ്മനം രാജശേഖരന് ചൂണ്ടിക്കാട്ടി. ലാന്റ് റവന്യൂബോര്‍ഡ് 232 ഏക്കര്‍ മിച്ചഭൂമിയായി ഇവിടെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സ്ഥലം ഭൂരഹിതര്‍ക്ക് വീതിച്ച് നല്‍കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പൈതൃകഗ്രാമകര്‍മ്മസമിതി ഭാരവാഹികളായ പി.ഇന്ദുചൂഡന്, അഡ്വ.കെ.ഹരിദാസ്, ഷാജി ചാക്കോ തുടങ്ങിയവര്‍ കുമ്മനംരാജശേഖരനൊപ്പമുണ്ടായിരുന്നു.
ചുരുങ്ങിയ സമയത്തിനുള്ളില്‍ നിര്‍ദ്ദിഷ്ട പ്രദേശത്തെ മണ്ണ് പൂര്‍ണ്ണമായും നീക്കം ചെയ്യാനാവില്ലെന്ന് പിന്നീട് കളക്ടര്‍ ഹരികിഷോര്‍ അറിയിച്ചു. ഇതിനായി കൂടുതല്‍ സമയം കോടതിയില്‍ നിന്നും ആവശ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: