ന്യൂദല്‍ഹി: സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലേക്ക് സര്‍ക്കാര്‍ പ്രവേശന പരീക്ഷയുടെ പട്ടികയില്‍ നിന്നും പ്രവേശനം നടത്തണമെന്ന് സുപ്രീംകോടതി ഉത്തരവ്. ഈ വര്‍ഷം പ്രത്യേക പ്രവേശന പരീക്ഷകള്‍ നടത്തരുതെന്നും സ്വാശ്രയ മാനേജ്മെന്റുകളോട് കോടതി നിര്‍ദ്ദേശിച്ചു.
പ്രവേശന നടപടികള്‍ സെപ്തംബര്‍ 30നകം പൂര്‍ത്തിയാക്കണമെന്ന് മെഡിക്കല്‍ കൗണ്‍സില്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂലൈ 30ഉം ആണ്. ചുരുങ്ങിയ കാലയളവില്‍ പുതിയ പരീക്ഷയും കൗണ്‍സിലിങ്ങും നടത്തി പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തതിനാല്‍ സര്‍ക്കാര്‍ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന പട്ടികയില്‍ നിന്നുവേണം മെഡിക്കല്‍ സീറ്റുകളിലേക്കുള്ള പ്രവേശനം നടത്താന്‍, ജസ്റ്റിസ് എച്ച്.എല്‍ ദത്തു അദ്ധ്യക്ഷനായ മൂന്നംഗ ബഞ്ച് ഉത്തരവിലൂടെ വ്യക്തമാക്കി.
ആഗസ്റ്റ് മാസം ആദ്യം പരീക്ഷ നടത്തി സെപ്തംബറിനു മുന്‍പായി പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കാമെന്ന് മാനേജ്മെന്റുകള്‍ സുപ്രീം കോടതിയില്‍ ബോധിപ്പിച്ചെങ്കിലും സര്‍ക്കാര്‍ കോളേജുകളില്‍ ആദ്യഘട്ട കൗണ്‍സിലിംഗ് പൂര്‍ത്തിയായതിനാല്‍ ഇനി പ്രത്യേക പ്രവേശന പരീക്ഷ നടത്തുന്നത് വിദ്യാര്‍ത്ഥികള്‍ക്കു ബുദ്ധിമുട്ടാകുമെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. വിദ്യാര്‍ത്ഥികള്‍ക്കാണു പ്രഥമ പരിഗണന നല്‍കേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി.
സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ ഫീസ് വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനം പിന്നീട് എടുക്കാമെന്നും സുപ്രീംകോടതി പറഞ്ഞു. സര്‍ക്കാര്‍ ലിസ്റ്റില്‍ പാവപ്പെട്ട കുട്ടികള്‍ ഉണ്ടാകും. അതിനാല്‍ തന്നെ ഫീസ് ഉയര്‍ത്തിയാല്‍ അവര്‍ക്ക് താങ്ങാന്‍ കഴിയില്ല. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരുകളും മെഡിക്കല്‍ കൗണ്‍സിലും രണ്ടു ദിവസത്തിനകം നിലപാട് അറിയിക്കണം.
അമ്പതു ശതമാനം മാനേജ്മെന്റ് സീറ്റുകളില്‍ പ്രവേശനത്തിനു പ്രത്യേക പരീക്ഷ നടത്താന്‍ അനുവദിക്കണമെന്നായിരുന്നു സ്വാശ്രയ മാനേജ്മെന്റുകളുടെ ആവശ്യം. ഇതിനു സുപ്രീംകോടതി നേരത്തെ അനുമതി നല്‍കിയിരുന്നു. എന്നാല്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ മാനേജ്മെന്റുകള്‍ക്കു പരീക്ഷ നടത്താന്‍ കഴിഞ്ഞില്ല. മെയ് 31 ന് മുമ്പ് പ്രവേശന പരീക്ഷ നടത്തിയില്ലെങ്കില്‍ സ്വശ്രയ കോളേജുകളിലെ മാനേജ്മെന്റ് സീറ്റുകളിലേക്കു സര്‍ക്കാര്‍ പട്ടികയില്‍ നിന്നു പ്രവേശനം നടത്തണമെന്നു ജസ്റ്റിസ് ജയിംസ് കമ്മറ്റിയുടെയും നിര്‍ദേശമുണ്ടായിരുന്നു. ഇതിനെ ചോദ്യംചെയ്താണ് അഞ്ചു സ്വാശ്രയ മാനേജ്മെന്റുകളും പത്തു ഡന്റല്‍ കോളേജുകളും സുപ്രീംകോടതിയെ സമീപിച്ചത്. കേസില്‍ കേരള സര്‍ക്കാര്‍ അഭിഭാഷകന് അഡ്വ.രമേശ് ബാബു ഹാജരാകാത്തതിനെ സുപ്രീംകോടതി വിമര്‍ശിച്ചു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: