തിരുവനന്തപുരം: മന്ത്രിസഭാ പുന:സംഘടന സംബന്ധിച്ച വിഷയത്തില്‍ പാര്‍ട്ടിയില്‍ ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്ന് കെപിസിസി വൈസ് പ്രസിഡന്റ് എം എം ഹസന് പറഞ്ഞു. കെ.പി.സി.സി. ആസ്ഥാനത്ത് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിഷയം പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യുമ്പോള്‍ തന്റെ അഭിപ്രായം പറയുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പുന:സംഘടനയുടെ കാര്യത്തില്‍ ജനാധിപത്യപരമായ ചര്‍ച്ചകളും കൂടിയാലോചനകളും വേണം. മുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരനും ചര്‍ച്ച ചെയ്യും.
മന്ത്രിസഭ പുന:സംഘടിപ്പിക്കാന്‍ മുഖ്യമന്ത്രിക്ക് പൂര്‍ണ അധികാരമുണ്ട്. ഈ സാഹചര്യത്തില്‍ മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ക്ക് വലിയ പ്രസക്തിയില്ല. പുന:സംഘടന ആകാമെന്നത് യു.ഡി.എഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്റെ വ്യക്തിപരമായ അഭിപ്രായമാണ്. ഇക്കാര്യത്തില്‍ എന്റെ അഭിപ്രായത്തിനും പ്രസക്തിയില്ല.
പുന:സംഘടന സംബന്ധിച്ച് കെ.പി.സി.സി. പ്രസിഡന്റുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തും. ഇതു സംബന്ധിച്ച് ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നതെല്ലാം മാധ്യമങ്ങള്‍ കെട്ടിച്ചമച്ച വാര്‍ത്തകളാണ്.
കെ.പി.സി.സി. ചര്‍ച്ച ചെയ്യാത്ത വിഷയത്തെ സംബന്ധിച്ചു വരുന്ന വാര്‍ത്തകള്‍ നിഷേധിക്കേണ്ട കാര്യം പാര്‍ട്ടിക്കില്ലെന്നും ഹസന് പറഞ്ഞു. ജി.കാര്ത്തികേയന് അധികാരമോഹിയാണെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ബാര്‍ ലൈസന്‍സ് പ്രശ്നത്തില്‍ പാര്‍ട്ടിയില്‍ ഭിന്നതയുണ്ടെന്നും ഹസന് കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസിലെ സംഘടനാ തെരഞ്ഞെടുപ്പ് ആഗസ്റ്റ് 10ന് ആരംഭിക്കും. ബൂത്ത് തലം മുതല്‍ ഡിസിസി തലംവരെ പുന:സംഘടന നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: