തിരുവനന്തപുരം: മന്ത്രിസഭാ പുന:സംഘടനാ ചര്‍ച്ചകള്‍ മുറുകുന്നതിനിടെ കെ. മുരളീധരന് എം.എല്‍.എയും ദല്‍ഹിക്ക്. പാര്‍ട്ടി പുന:സംഘടനയില്‍ കെ. കരുണാകരനൊപ്പം നിന്നവര്‍ക്ക് അര്‍ഹമായ സ്ഥാനം നല്‍കണമെന്ന് ഹൈക്കമാന്റിനോട് ആവശ്യമുന്നയിക്കാനാണ് മുരളിയുടെ യാത്ര.
വെള്ളിയാഴ്ച കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിയെ കാണാനും മുരളീധരന് സമയം ചോദിച്ചിട്ടുണ്ട്. പുനഃസംഘടന ഉണ്ടായാല്‍ ഐ ഗ്രൂപ്പ് മന്ത്രിക്ക് സ്ഥാനം ഒഴിയേണ്ടി വന്നാലുള്ള കടുത്ത അതൃപ്തി മുരളീധരന് സോണിയാ ഗാന്ധിയെ അറിയിക്കും. എന്നാല്‍, മുരളിയുടെ യാത്ര മന്ത്രിസഭാ പുന:സംഘടനയുമായി ബന്ധപ്പെട്ടുള്ളതല്ലെന്നാണ് അദ്ദേഹത്തോട് അടുപ്പമുള്ള വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
പുന:സംഘടനാ ചര്‍ച്ചകളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നാളെ ദല്‍ഹിക്ക് പോകുന്നുണ്ട്. മന്ത്രിസഭയില്‍ കാര്യമായ മാറ്റം വരുത്താന്‍ മുഖ്യമന്ത്രിക്ക് താല്പര്യമില്ല. നിലവിലെ സാഹചര്യത്തില്‍ കെബി ഗണേഷ് കുമാര്‍ മന്ത്രിയാകാനുള്ള സാധ്യതയും കുറവാണ്. ഗണേഷ് മന്ത്രിസഭയില്‍ എത്തുന്നതിനോട് ഐ ഗ്രൂപ്പിന് കടുത്ത വിയോജിപ്പാണുള്ളത്.
അതേസമയം മന്ത്രിസഭാ പുനഃസംഘടനയില്‍ കെപിസിസി ചര്‍ച്ചചെയ്ത് തീരുമാനമെടുക്കുമെന്ന് മന്ത്രി കെ.സി. ജോസഫ് പറഞ്ഞു. താന്‍ സ്പീക്കറാകുമെന്ന പ്രചരണം മാധ്യമ സൃഷ്ടിയാണ്. പാര്‍ട്ടിയില്‍ യാതൊരുവിധ ചര്‍ച്ചയും നടന്നിട്ടില്ലെന്നും കെസി ജോസഫ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: