ദോഹ: ഗാസയില്‍ വെടിനിര്‍ത്തലിന് യുഎന്‍ ആഹ്വാനം. ഐക്യരാഷ്ട്ര സഭ രക്ഷാസമിതിയുടെ അടിയന്തര യോഗത്തിന് ശേഷമാണ് ഗാസയില്‍ ഉടന്‍ വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്തത്. ഗാസയിലെ ഇസ്രായേല്‍ ആക്രമണം ക്രൂരവും അപലപനീയവുമാണെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍കി മൂണ്‍ പറഞ്ഞു.
ഞായറാഴ്ച രാത്രി വൈകി ചേര്‍ന്ന രക്ഷാസമിതിയുടെ അടിയന്തര യോഗം ഗാസയിലെ സിവിലിയന്‍ കുരുതിയില് അതീവ ഉത്കണ്ഠ രേഖപ്പെടുത്തി. ഗാസയില്‍ ഉടന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് പ്രമേയം പാസ്സാക്കി. ഗാസയിലെ സ്ഥിതിഗതികള്‍ ആശങ്കാജനകമാണെന്നും അവിടെ നടക്കുന്നത് കടുത്ത മനുഷ്യാവകാശലംഘനമാണെന്നും പ്രമേയം കുറ്റപ്പെടുത്തുന്നു.
യോഗത്തിന് മുന്നോടിയായി ഗാസയിലെ ഇസ്രായേല്‍ ആക്രമണത്തെ രൂക്ഷമായി വിമര്‍ശിച്ച് ബാന്‍കി മൂണ്‍ രംഗത്തെത്തി. സാധാരണക്കാരെ കൊല്ലുന്ന ആക്രമണം ക്രൂരവും അപലപനീയമവുമാണെന്ന് അദ്ദേഹം പറഞ്ഞു. ഇസ്രായേല്‍ പരമാവധി സംയമനം പാലിക്കണം. അന്താരാഷ്ട്ര മാനുഷിക നിയമങ്ങള്‍ പാലിക്കണമെന്നും ആക്രമണം ഉടന്‍ നിര്‍ത്തണമെന്നും പ്രസ്താവനയിലൂടെ അദ്ദേഹം ആവശ്യപ്പെട്ടു.
അതിനിടെ വെടിനിര്‍ത്തല്‍ കരാറിനുളള മധ്യസ്ഥചര്‍ച്ചകള്‍ക്കായി യു എസ് വിദേശകാര്യസെക്രട്ടറി ജോണ്‍ കെറി ഇന്ന് കെയ്റോയിലെത്തും. മധ്യസ്ഥചര്‍ച്ചകളില്‍ സജീവമായി ഇടപെടുന്ന ഈജിപ്ഷ്യന്‍ നേതാക്കളുമായും ജോണ്‍ കെറി ചര്‍ച്ച നടത്തും. യുഎന്നിന്റെ വെടിനിര്‍ത്തല്‍ ആഹ്വാനത്തോട് ഇസ്രായേലും ഹമാസും ഇതുവരെ പ്രതികരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: