ന്യൂദല്‍ഹി: സര്‍ക്കാര്‍ രൂപീകരിക്കാന്‍ തയ്യാറാണെന്ന് ബിജെപി സംസ്ഥാന നേതൃത്വം പ്രഖ്യാപിച്ചതോടെ ദല്‍ഹിയിലെ രാഷ്ട്രപതി ഭരണം ഉടന്‍ പിന്‍വലിച്ചേക്കും. കേന്ദ്രആഭ്യന്തരമന്ത്രിയുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് സതീഷ് ഉപാധ്യായ ഇന്നലെ കുടിക്കാഴ്ച നടത്തിയിരുന്നു. ഉപാധ്യായ ലഫ്.ഗവര്‍ണ്ണര്‍ നജീബ് ജംഗിനെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാന്‍ പാര്‍ട്ടി തയ്യാറാണെന്ന് ഔദ്യോഗികമായി അറിയിക്കും.
ഭരണഘടന പ്രകാരമുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും ബിജെപിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ലഫ്.ഗവര്‍ണ്ണര്‍ ക്ഷണിക്കുകയാണെങ്കില്‍ തയ്യാറാണെന്നും കേന്ദ്രആഭ്യന്തരമന്ത്രി രാജ്നാഥ്സിങുമായി ഒരുമണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്ക് ശേഷം സതീഷ് ഉപാധ്യായ പറഞ്ഞു. സഭയില്‍ ഭൂരിപക്ഷം തെളിയിക്കുന്നതെങ്ങനെയെന്ന് സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ക്ഷണം ലഭിച്ച ശേഷം വ്യക്തമാക്കും. നാളെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലും അതിനെ നേരിടാന്‍ പാര്‍ട്ടി സജ്ജമാണെന്നും ഉപാധ്യായ കൂട്ടിച്ചേര്‍ത്തു.
ബിജെപി-അകാലി ദള്‍ സഖ്യത്തിന് 29 എംഎല്‍എമാരാണ് നിലവിലുള്ളത്. എഎപിക്ക് 28ഉം കോണ്‍ഗ്രസിന് എട്ടും. ബിജെപി എംഎല്‍എമാരുടെ എണ്ണം 31 ആയിരുന്നെങ്കിലും ഡോ.ഹര്ഷവര്ദ്ധന്, രമേശ് ബിദൂരി,പര്‍വേശ് വര്‍മ്മ എന്നിവര്‍ ലോക്സഭയിലേക്ക് ജയിച്ചതോടെ 28 ആയി കുറഞ്ഞു. 67 അംഗ നിയമസഭയില്‍ 34 പേരുടെ പിന്തുണയാണ് ഭരിക്കാന്‍ വേണ്ടത്. കോണ്‍ഗ്രസിലെ ആറ് എംഎല്‍എമാര്‍ സര്‍ക്കാര്‍ ഉണ്ടാക്കണമെന്ന ആവശ്യവുമായി ബിജെപി നേതൃത്വത്തെ സമീപിച്ചതോടെയാണ് വീണ്ടും സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ ചൂടുപിടിച്ചത്. ആം ആദ്മി പാര്‍ട്ടി എംഎല്‍എമാരില്‍ വലിയ വിഭാഗവും ഇതിനു പിന്തുണ നല്കുന്നു.
രാഷ്ട്രപതിഭരണം പിന്‍വലിച്ച് നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുമോയെന്ന ഭയമാണ് കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി എംഎല്‍എമാര്‍ക്ക്. ലോക്സഭാ തെരഞ്ഞെടുപ്പുകണക്കു നോക്കുമ്പോള്‍ ദല്‍ഹിയിലെ 70 നിയോജകമണ്ഡലങ്ങളില്‍ അറുപതിലും ബിജെപിക്ക് ഭൂരിപക്ഷം ലഭിച്ചിരുന്നു. ഇതോടെ ഉടന്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നാല്‍ നിലവില്‍ കൈവശമുള്ള സീറ്റുകള്‍ നഷ്ടപ്പെടുമെന്ന ഭീതിയിലാണ് നേതൃത്വങ്ങളുടെ വിലക്ക് മറികടന്നും ഇരുപാര്‍ട്ടികളിലെയും എംഎല്‍എമാര്‍ ബിജെപിയോട് അടുക്കുന്നത്.
അതിനിടെ ദല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപി ശ്രമിക്കരുതെന്നും നിയമസഭാ തെരഞ്ഞെടുപ്പ് നടത്തണമെന്നും ആര്‍എസ്എസ് നേതൃത്വം ആവശ്യപ്പെട്ടെന്ന മാധ്യമവാര്‍ത്തകള്‍ ബിജെപി നേതാവ് രാംമാധവ് തള്ളി. വാര്‍ത്തകള്‍ തെറ്റാണെന്നും ഊഹാപോഹമാണെന്നും രാംമാധവ് പറഞ്ഞു.
49 ദിവസത്തിനു ശേഷം അരവിന്ദ് കേജ്രിവാള് ഭരണം വലിച്ചെറിഞ്ഞുപോയതോടെ കഴിഞ്ഞ ഫെബ്രുവരി 17 മുതല്‍ ദല്‍ഹി രാഷ്ട്രപതി ഭരണത്തിലാണ്. ആറുമാസ കാലാവധി ആഗസ്ത് 16ന് കഴിയും. ആറുമാസം കൂടി നീട്ടാന്‍ ലഫ്.ഗവര്‍ണ്ണര്‍ക്ക് അധികാരമുണ്ട്. സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച റിപ്പോര്‍ട്ട് ലഫ്. ഗവര്‍ണ്ണര്‍ കേന്ദ്രആഭ്യന്തരമന്ത്രാലയത്തിന് സമര്‍പ്പിച്ചിട്ടുണ്ട്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: